Monday, February 11, 2019

അതിജീവനം

വഴിയിൽ 
ചന്ദ്രനിലേക്കുള്ള 
ചൂണ്ടു പലക കണ്ടു.

തിരിഞ്ഞ് 
നടന്നു.
  
വീണ്ടും ഒരു 
ചൂണ്ടു പലക;
ചന്ദ്രനിലേക്ക് തന്നെ.

വഴി മാറി നടന്നു 
കണ്ട വഴികളെല്ലാമലഞ്ഞു,
തുറസ്സായ 
ഒരു പുല്മേട്ടിലെത്തി.

എവിടെയും 
ചന്ദ്രനിലേക്കുള്ള 
ചൂണ്ടുപലകകൾ.

നിലാവുദിച്ചത് ഉള്ളിൽ 
തന്നെയെന്ന് കണ്ടു.
  
ഒരു കല്ലിൽ 
ചാഞ്ഞിരുന്ന് 
ഭൂമിയിലേക്ക് നോക്കി.

ഇരുളിൽ 
വെളിച്ചത്തിന്റെ മുറിവുകൾ കണ്ടു.  

കവിതയുടെ ഒറ്റയാൽമരം 
വേരുകളാഴ്ത്തി 
ഭൂമി മുഴുവൻ പടരുന്നത് കണ്ടു. 

ഒരൊറ്റ വള്ളിയിൽത്തൂങ്ങി 
ആടിത്തുടങ്ങി

കാറ്റിൽ ചിതറുന്ന 
കുഞ്ഞു വരകൾ.

ഉള്ളിൽ 
അതിജീവനത്തിന്റെ 
ഉന്മാദം. 

(2014)

Saturday, December 26, 2015

ഏകാന്തത ഇഷ്ടമുള്ള
ഒരുവളുടെ മുറി പോലെ
ബഹളമയം ലോകം.

Saturday, February 7, 2015

വെളിപാടുകള്‍

കാട്ടിൽ  
കൂറ്റൻ മരങ്ങളിൽ നിന്നും              
ഇല പൊഴിയുന്നു.

തിരക്കുകളില്ലായിരുന്നു.
കാറ്റിനൊപ്പം
ഉയർന്നും താഴ്ന്നും
തെന്നിയും
ഇല പൊഴിയുന്നത്
കണ്ട് നിന്നു.

തിരക്കുകളില്ലായിരുന്നു  
മണ്ണിന്റെ മിനുസങ്ങളിൽ
ഇല വന്ന് തൊടുന്ന
ഒച്ച കേട്ടു നിന്നു.

പാറപ്പുറത്ത്
ഒരു അരണ.
ധ്യാനിച്ചിരിക്കുന്ന അരണയെ
നോക്കി നിന്നു.
തിരക്കുകളില്ലായിരുന്നു.

അരണക്കണ്ണിടകളിൽ
കൂറ്റൻ മരങ്ങളിൽ നിന്നും
ഇല പൊഴിയുന്നത് കണ്ടു.

കാതടപ്പിക്കുന്ന നിശബ്ദതയിൽ
ബുദ്ധനെ അറിഞ്ഞു.

***

നഗരത്തിലെ
പ്രഭാതത്തിൽ
ബുദ്ധനെ വീണ്ടും കണ്ടു.

ചവറ് കൂനയ്ക്കരികിൽ
ധ്യാനിച്ചിരിക്കുന്നു
തവിട്ട് നിറമുള്ള
ഒരു ബുദ്ധൻ.     

Sunday, April 6, 2014

കറ നല്ലതാണ്

കറ നല്ലതാണെന്ന്
പറയുന്നു
പരസ്യത്തിലെ പെണ്ണ്.
പതിവ് പോലെ സുന്ദരി,
വെളുത്തവൾ,
കറയറ്റവൾ.
തുടൽ വലിപ്പത്തിൽ താലിമാല
നെറ്റിയിലേക്കിറങ്ങി സിന്ദൂരം
കറകളെല്ലാമറ്റവൾ.

പുത്തൻ കൂറ്റാണ്
മുന്പൊക്കെ സാരിയുടുത്തലക്കിയവൾ
ഇപ്പോൾ ജീൻസിട്ട് അലക്കുന്നു.

കറ പോകും
തെളിവുണ്ട്,
അലക്കിവിരിക്കുന്നു തുണികൾ.
കറ പോയ പോലിരിക്കുന്നു,
വെളുത്തും തുടുത്തുമിരിക്കുന്നു.

കറ നല്ലതെന്ന് പറയുന്നു
സോപ്പ് പൊടി വിൽക്കുന്നു,
ഉത്തമ കുടുംബിനി
കറയകറ്റുന്നവൾ.

കറ നല്ലതാണ്.

കറയുടെ നിറമെന്ത്?
ഗന്ധം, രുചി?

പണിക്കാരിക്ക് മാറ്റി വച്ച
ചായഗ്ലാസ്സിൽ
ജാതിയുടെ പാടയുണ്ട്
കഴുകിയാൽ പോകുമോ?

തെരുവിൽ
മതമെന്ന് പേരുള്ള മുട്ടനാടുകളുരസുന്നു,
കൊമ്പ് കോർക്കുന്നു,
ചോര ചിന്തിച്ചിന്തി
വീട്ടിലെ ഇലപ്പടർപ്പുകൾ പോലും
ചുവന്നിരിക്കുന്നു
നല്ലതെന്ന് പറയുമോ?

ബസിൽ അരികെ
മീൻകാരി,
ദേഹത്ത് ഉളുമ്പ് മണം,
തുണികളിൽ ചെതുമ്പൽത്തിളക്കം
തൊട്ടിരിക്കുമോ
നോക്കിച്ചിരിക്കുമോ?
മണം പോകുമെന്ന് പറയുമോ?

കറ നല്ലതാണ്

കറ വെള്ളയും വെള്ളയും
ഉടുത്ത് പോകുന്നു

കറ
ഒരു വെളുത്ത ചെമ്പരത്തിയായ്
വിരിഞ്ഞ് നിൽക്കുന്നു.

പലർ ചേർന്ന്
അലക്കി വെളുപ്പിച്ച
ഒരു ജനക്കൂട്ടം
ആ വെളുത്ത ചെമ്പരത്തി
ചൂടി നില്ക്കുന്നു.

Sunday, January 12, 2014

കാടിറക്കം

കാടിറങ്ങി വരുമ്പോൾ 
പൂമ്പാറ്റകളുടെ 
ഒരു പറ്റം 
മേലേക്ക് പാറിപ്പോകുന്നത് കണ്ടു.

കാട് 
അവയ്ക്ക് മേൽ 
പച്ചനിറമിറ്റുന്നത് കണ്ടു.

തിരികെ വന്നപ്പോൾ നാട് 
അരികുകൾ ദ്രവിച്ച് 
ഒളി മങ്ങിയ 
ഒരു ബ്ലാക്ക് ആൻഡ്‌ വൈറ്റ് ചിത്രം.

Sunday, January 5, 2014

തൂത്തുക്കുടിക്കവിതകൾ

അമാവാസി

ഇരുളിൻ തൊങ്ങലുകളെങ്ങും.

ഉപ്പുകൂനകളിൽ നിന്നും
നിലാവിറങ്ങി വന്നു.
കടലിൽ
തിരയിളക്കം.

രണ്ട് പേർ
നിലാവിൽ
കൈകോർത്ത് നടക്കുന്നു.


മാതാകോവിൽ 

ഞായറാഴ്ച.
ഊരിലെ കൂട്ടം മുഴുവൻ
കോവിലിനുള്ളിൽ.

തറഞ്ഞു കിടക്കുന്നവനെ
കൂട്ടക്കാർ
നോക്കിയിരിക്കുന്നു,
അവർ മുട്ട് കുത്തി നിൽക്കുന്നു
വചനങ്ങൾ കേൾക്കുന്നു
ഒച്ചപ്പെരുക്കിയിൽ
പാട്ടൊഴുകുന്നു
അൾത്താരയിൽ
മെഴുകുരുകും മണം.

പുറത്ത് മെഴുകുതിരി
വില്ക്കുന്ന കുട്ടി
കോവിലിന്
പുറം തിരിഞ്ഞിരിക്കുന്നു.

മെഴുതിരികളൊന്നിച്ച് വാങ്ങി
ഒരുവൻ മടങ്ങുമ്പോൾ
കടൽ രണ്ടായ് പിരിഞ്ഞത്
കണ്ട് രസിക്കുന്നു
ഏറെ നാളായ്
വിശപ്പിന്റെ ഉളിയേറ്റ്
പിടഞ്ഞ രണ്ട് ചെറുകണ്ണുകൾ.

ചിത്രം 

മേഘക്കൂനകളാൽ
വെളുത്ത ആകാശം;
ഉപ്പുകൂനകളാൽ
വെളുത്ത ഭൂമി.

ഭൂമിയിൽ നിന്ന്
ആകാശത്തേക്കുള്ളൊരിടവഴിയിൽ
പൊടുന്നനെ ഒരു മയിൽ.

കാൻവാസിന്റെ
വെള്ളയിലേക്ക്
നിറങ്ങളിറ്റ് വീഴുന്നു.

നിറങ്ങൾ
ഇറ്റ്‌
വീഴുന്നു.

Monday, November 18, 2013

മയക്കം

വഴിയിൽ
ഒരു കുഞ്ഞുറങ്ങുന്നു.
കൂടെയുറങ്ങുന്നു
ഒരു പട്ടിക്കുട്ടി.

തണുപ്പുണ്ട്;
രണ്ടും
ചുരുണ്ട് കൂടിക്കിടക്കുന്നു.

വിശപ്പുണ്ട്;
ഇരുവയറൊട്ടിക്കിടക്കുന്നു.

അവരൊന്നിച്ച്
കാണുന്ന കിനാവിലേക്ക്
അടുത്ത വീടുകളിൽ
മീൻ പൊരിക്കുന്ന
മണമൊഴുകിയെത്തുന്നു.

ഇരുവരും
വയറു നിറച്ചുണ്ണുന്നു
പുതച്ച് മൂടിക്കിടക്കുന്നു.

അവർ കാണുന്ന  കിനാവിന് പുറത്ത്
കിനാവ് കാണാത്തൊരു ലോകം.

കിനാവ് കാണാത്ത
ലോകത്തിന്റെ നെറുകയിൽ
ഏതോ ഒരു കുഞ്ഞും
ഏതോ ഒരു പട്ടിക്കുട്ടിയും
വെയിലിൽ
പൊരിഞ്ഞ് കിടന്നുറങ്ങുന്നു.