Thursday, June 24, 2010

ഏഴു ഭൂഖണ്ഡങ്ങള്‍ അടുക്കിവച്ച് seven tiles കളിക്കുന്നു

ഏഴു കല്ലുകള്‍
ഒരു പന്ത്,
ഒരൊറ്റ മൈതാനം.


കളിക്കാര്‍
വന്നും പോയും.
ആണും പെണ്ണും
ഇടപിണഞ്ഞും,
ഇടപിരിഞ്ഞും.


ഓരോ കളിയും
ഒടുവിലത്തേതെന്ന
മട്ടില്‍ കളിക്കുന്നു.
ഓരോ കല്ലും
ഒടുവിലത്തേതെന്ന്
അടുക്കിവയ്ക്കുന്നു.


ഓരോ  നിമിഷവും
പാഞ്ഞടുക്കുന്നു
ഒരു പന്ത്.


ഏറ്റവും ഏകാന്തമായി
ഒരു യുദ്ധം.
ഏറ്റവും ഏകാഗ്രമായി
ഒരു ധ്യാനം.
ഏറ്റവും ആര്‍ദ്രമായി
ഒരു ശോകം.
ഏറ്റവും പരിഹാസ്യമായി
ഒരുന്മാദം.


ഒഴുക്കിയ വിയര്‍പ്പിനും
ഇറ്റിച്ച രക്തത്തിനും
ഒരേ നിറം,
ഒരേ മണം,
ഒരേ രുചി.


വിയര്‍പ്പിന്‍  മണമുള്ള
കനവിലും,
ചോര നനവുള്ള
മണ്ണിലും
ഇന്നന്യര്‍, കണ്ണാടി മാളിക
പണിയുന്നു.


ഒടുവില്‍
ഒറ്റയായിപ്പോയൊരാള്‍
ഓരോ കളിയും
ഒടുവിലത്തേതെന്ന
മട്ടില്‍ കളിക്കുന്നു.
ഓരോ കല്ലും
ഒടുവിലത്തേതെന്ന്
അടുക്കി വയ്ക്കുന്നു.


ഏഴാം കല്ലിനും
അടുക്കുന്ന പന്തിനും
ഇടയില്‍,
വിറയ്ക്കുന്നു കോലം;
കിതയ്ക്കുന്നു  കാലം.

Tuesday, June 15, 2010

കൂപമണ്ഡൂകം / കിണറ്റിലെ തവള എന്നും പറയും


നാട്ടിലെ കിണറ്റില്‍ 
വീണു,
കാട്ടിലെ ആന.

അടി തെറ്റിയ
ആനയ്ക്കത്ഭുതം.
കണ്ടു നിന്ന
വീട്ടാര്‍ക്കത്ഭുതം.
അറിഞ്ഞെത്തിയ
നാട്ടാര്‍ക്കത്ഭുതം.
പറഞ്ഞു കേട്ട
മാലോകര്‍ക്കുമത്ഭുതം.

ഓ! പോകാമ്പറ..

ഒരു ദിവസമെങ്കില്‍
ഒരു ദിവസം
ആനപ്പുറമേറിയ,
ആര്‍പ്പുവിളി കേട്ട്
കരളു കുളിര്‍ത്ത,
ചാനല്‍ വെളിച്ചത്തില്‍
ചിരിച്ച് കുഴഞ്ഞ,
കിണറ്റിലെ  തവളയുടെ
കണ്ണുകളില്‍ കണ്ട 
അമ്പരപ്പോളം
വരുമോ എന്തും!

പിറ്റേന്ന്,  
ആന കാടിന്റെ
കറുപ്പില്‍ മറഞ്ഞു.
കിണറിരുളില്‍
തവളയും.

അന്നു തൊട്ടിങ്ങോട്ട്
ഒരു നെടുവീര്‍പ്പ് മാത്രം
കിണര്‍വട്ടത്തിലെന്നും
ചുറ്റിത്തിരിഞ്ഞു നിന്നു.

Saturday, June 5, 2010

അപരിചിതം

ഒരു മഴയില്‍ നിന്നും  
വന്ന് കയറും,
നിങ്ങള്‍.

ഇറ്റിറ്റ്
ഒട്ടിയൊട്ടി
കുളിരോടെ
ഇടയ്ക്ക് വച്ച്
ഇറങ്ങി നടക്കും.

കുട  നിവര്‍ത്താനൊരുങ്ങി
ചുറ്റിലും നോക്കും.

പൊരിവെയിലില്‍
വിയര്‍ത്ത് വിളര്‍ത്ത്
നടക്കുന്നവരെ കാണും.

അവരുടെ കണ്ണുകളില്‍,
നനഞ്ഞ് കുതിര്‍ന്ന്
നിവര്‍ന്ന കുടയുമായി
നില്‍ക്കുന്ന  നിങ്ങളെ  കാണും.

ഒരൊറ്റ  നിമിഷം,
അപരിചിതരായി നില്‍ക്കും
നിങ്ങളും
അവരുടെ കണ്ണിലെ നിങ്ങളും.