Monday, January 25, 2010

ഉപ്പൂറ്റുന്നവര്‍

ഉപ്പൂറ്റാനൊരു
കടല്‍ തിരയണോ
ഉള്ളിലൊരു
കടലേറ്റി നടക്കുന്നവള്‍ക്ക്‌?

ഉള്ളിലൊരു
കടലേറ്റി നടക്കുന്നവള്‍ക്ക്‌
കൂട്ട്‌
ഒരു വസന്തമെപ്പോഴും
അധികമുള്ളവര്‍.
മഴ കനക്കുമ്പോഴൂറുന്ന
നിശബ്ദതയും, ഒരു പൂ 
വിരിയുമ്പോഴുതിരുന്ന
സംഗീതവും കേള്‍ക്കുന്നവര്‍.
തീ പിടിച്ച സ്വപ്നങ്ങളോടൊപ്പം
ഉദിച്ചസ്തമിക്കുന്നവര്‍.
ഭ്രാന്തിനും മരണത്തിനു
മൊത്തോടിത്തൊട്ടു കളിക്കുന്നവര്‍.
വഴിയറിയാതെ
യാത്ര ചെയ്യുന്നവര്‍.

കടല്‍ കാറ്റോളം
ഉന്‍മാദം ഉള്ളിലുള്ളവള്‍ക്ക്‌ 
കൂട്ട്‌
കടല്‍ കാറ്റോളം
ഉന്‍മാദം ഉള്ളിലുള്ളവര്‍.

ഉപ്പൂറ്റാനൊരു
കടല്‍ തിരയണോ
ഉള്ളിലൊരു
കടലേറ്റി നടക്കുന്നവര്‍ക്ക്‌?

Monday, January 11, 2010

കുഴിയാന കണ്ട കടല്‍

കുഴിയാനക്കുഴിയില്‍
കുടിയൊരുക്കുന്നവര്‍
എത്രയെന്നോ,
ഇന്നാട്ടില്‍.

നേരെ നോക്കി
പിന്നോക്കം നടന്ന്‌
അരിക്‌ ഒഴിഞ്ഞ്‌
ഒതുങ്ങുന്നു ജീവിതം.

കുഴിയാനക്കുഴിയിലെ
പൂഴിയില്‍ പൊലിയുന്നവര്‍
എത്രയെന്നോ,
ഇന്നാട്ടില്‍.

തിര കണ്ട്‌
കാല്‍ നനച്ച്‌
കടല്‍ കണ്ട പോലെ
മടങ്ങുന്നു ജീവിതം.

ഉറയുന്ന ജലമേ
തന്നിട്ടു പോകുമോ
നീയറിഞ്ഞ
ആ ആഴത്തിലെ കടല്‍?
ആ കടലിണ്റ്റെ ആഴം?

Tuesday, January 5, 2010

ലേബല്‍ - സൂര്യനഗരം, ഭയം, ഉപ്പിട്ട ചായ, കോട്ട













സൂര്യനഗരമോ
യാത്രയ്ക്ക് മുമ്പേയൊരു
ചിത്രം തന്നിട്ടു പോകൂ,
ചില്ലിട്ട് സൂക്ഷിക്കാനെന്ന്
കൂട്ടുകാര്‍ ചിരിക്കുന്നു.
ഭയമില്ലേയെന്ന്
വഴിപോക്കര്‍ തിരക്കുന്നു.
യാത്രയില്‍, വഴിയോരങ്ങളില്‍,
നെല്പാടങ്ങളില്‍ പോലും
കാക്കിവേഷങ്ങള്‍ കണ്ട്, നിങ്ങള്‍
സ്വന്തം നിഴലിനെപ്പോലും
തിരിഞ്ഞു നോക്കുന്നു.
സൂര്യ നഗരത്തിലെ
ഇടുങ്ങിയ തെരുവുകളിലൂടെ.
ചായം തേക്കാത്ത
മുഖങ്ങളുമായി, വീടുകള്‍
മനുഷ്യരും.
തിളങ്ങുന്ന കണ്ണുകളുള്ള
ഒരു കൊച്ചു പെണ്കുട്ടി
നിങ്ങള്ക്ക് സുഖമാണോയെന്ന്
ഉച്ചത്തിലിംഗ്ളീഷില്‍ ....
എങ്ങു നിന്നും
ആയിരം ജനല്ക്കണ്ണുകള്‍
നിങ്ങളെ മാടി വിളിക്കുന്നു,
വരൂ, ഉപ്പിട്ട ചായയും
ഷീര്മാലും കഴിച്ചിട്ടു
പോകാമെന്ന്...
ഉയരുന്ന ബാങ്ക് വിളി
നിറയുന്ന ചിറകടിയൊച്ചകള്‍
നിങ്ങള്‍ കണ്ണൊന്നേറ്റിയാല്‍
കാണാം, ജാമിയ മസ്ജിദിനപ്പുറം
കുന്നിന്‍ മുകളില്‍ അക്ബര്‍ കോട്ട.
രാത്രിയില്‍ തിളങ്ങുമത്.
വിളക്കാവാം,
ഉള്ളിലെ തടവുകാരുടെ
കണ്‍ തിളക്കവുമാവാം..

***************************************
സൂര്യനഗരം - ശ്രീനഗറിണ്റ്റെ പഴയ പേര്
ഷീര്മാല്‍ - കശ്മീരിലെ ഒരു പലഹാരം
ജാമിയ മസ്ജിദ് - 33,333 പേര്ക്ക് ഒരേ സമയം പ്രാര്ഥിക്കാനുള്ള സൌകര്യമുണ്ടിവിടെ
അക്ബര്‍ കോട്ട - കോട്ടയുടെ പാതി ഇന്ന് തടവറയായി ഉപയോഗിക്കുന്നു
Published in Tharjani, January 2010
http://www.chintha.com/node/61367

Monday, December 21, 2009

പേരില്ലാത്തതെന്തോ അത്‌

ഇടവഴിയില്‍
നിറം മങ്ങിയൊരു തോലുറ.
ചവിട്ടാനോങ്ങി, ഞെട്ടി
കാല്‍ വലിക്കുമ്പോളറിയുന്നു
മങ്ങിയ തൊലിപ്പുറം
മറയ്ക്കുന്നതപാരമാം ശൂന്യത.
കാലം കയ്യൊപ്പിട്ട
ശേഷിപ്പിലിപ്പോഴും
കാലം ശേഷിച്ച
മുറിവുകള്‍ ബാക്കി.

മുറി കൂടുവാനെന്തു ചെയ്യണം,
ചിറയേത്‌ കെട്ടി തടുക്കണമിന്നീ
വാപിളര്‍ന്ന്‌
മുറിവാര്‍ക്കുന്നൊരീ ചെങ്കടല്‍?

ഇനിയുമേതിളവെയിലിനന്‍പ്‌?
ഉദിക്കാനസ്തമിക്കാനൊരു
സൂര്യനില്ലാത്ത കടലിന്‍റെ കനവ്.

വേഗമാര്‍ന്നൊരൊഴുക്കിന്‍റെ
ആവേഗത്തിലെപ്പോഴോ
അറിയാതുറഞ്ഞു പോയൊരു ജലകണം.
ഉരുകാതുറങ്ങാതെ
ഹിമം പോലുറഞ്ഞ ജലത്തിന്‍റെ
വന്യമാം രോദനം.
ഒഴുക്കിന്‍റെ ഹരമറിഞ്ഞു
പോയതേതു പാപഗ്രഹത്തില്‍?

ഉള്ളിലുള്ളതൊരു മഹാസമുദ്രം
എങ്കിലും വല്ലാത്ത ദാഹം;
വാക്കിലും നോക്കിലും
വരള്‍ച്ചയുടെ തീ പടര്‍ന്ന
ഒരു ജനതയുടെ ദാഹം.
ഇനിയുമേത്‌ ജലസ്പര്‍ശം കൊതിക്കാം?
കാഴ്ചയ്ക്കപ്പുറവും
നിരന്ന വര്‍ണ്ണക്കുടങ്ങളില്‍ 
ഒരിക്കലും നിറയാതിരമ്പുന്ന
തേതു മഴയുടെ ജലഘോഷങ്ങള്‍?

മുറി വാര്‍ന്ന ചെങ്കടല്‍
ഇലക്കുമ്പിളില്‍
പകര്‍ച്ചയാവുന്നതോ ശാന്തി?
അവസാന വരിക്കൊടുവില്‍
ഒടുവിലത്തെ കയ്യൊപ്പ്‌
ചുവക്കുന്നതോ ശാന്തി?

ഇനിയും കണ്ണടയ്ക്കുവതേത്‌
പുലരിയിലേക്ക്‌?
ഇനിയും കണ്‍ തുറക്കുവതേത്‌
മരണത്തിലേക്ക്‌?

Thursday, December 17, 2009

പ്രവാചകന്‍ കുട്ടികളെ കുറിച്ച്‌ പറഞ്ഞത്‌ (ഒരു ഖലീല്‍ ജിബ്രാന്‍ പരിഭാഷ)

കുഞ്ഞിനെ ഒക്കത്തേറ്റി നില്‍ക്കുന്ന ഒരു അമ്മ പ്രവാചകനോട്‌ പറഞ്ഞു:
"ഞങ്ങളോട്‌ കുഞ്ഞുങ്ങളെക്കുറിച്ച്‌ പറയുക".

പ്രവാചകന്‍ പറഞ്ഞു:
"നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല,
ജീവിതത്തിന്‌,
സ്വന്തം നില്‍നില്‍പ്പിനോടുള്ള പ്രണയത്തില്‍ നിന്ന്‌
ജനിച്ച കുട്ടികളാണവര്‍.

നിങ്ങളിലൂടെയെങ്കിലും
അവര്‍ വരുന്നത്‌ നിങ്ങളില്‍ നിന്നല്ല.
 നിങ്ങളോടൊപ്പമെങ്കിലും
അവര്‍ നിങ്ങള്‍ക്ക്‌ സ്വന്തമേയല്ല.
അവര്‍ക്ക്‌ നിങ്ങളുടെ സ്നേഹം നല്‍കാം;
പക്ഷെ നിങ്ങളുടെ ചിന്തകള്‍ അരുത്‌,
എന്തെന്നാല്‍
അവര്‍ക്ക്‌ അവരുടേതായ ചിന്തകളുണ്ട്‌.

അവരുടെ ശരീരങ്ങള്‍ സൂക്ഷിക്കാന്‍
നിങ്ങള്‍ക്ക്‌ വീടുകളൊരുക്കാം.
പക്ഷെ അവരുടെ ആത്മാക്കളെ
നിങ്ങള്‍ക്ക്‌ കൂട്ടിലൊതുക്കാനാവില്ല, 
എന്തെന്നാല്‍
നിങ്ങള്‍ക്ക്‌ സ്വപ്നത്തില്‍ പോലും അപ്രാപ്യമായ
ഭാവിയുടെ ഭവനങ്ങളിലാണ്‌
അവരുടെ ആത്മാക്കള്‍ വസിക്കുന്നത്‌.

അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്ക്‌ ശ്രമിക്കാം;
എന്നാലൊരിക്കലും
അവരെ നിങ്ങളെപ്പോലെയാക്കാന്‍ ആഗ്രഹിക്കരുത്‌. 
എന്തെന്നാല്‍
ജീവിതം ഒരിക്കലും പുറകിലേക്ക്‌ പറക്കുന്നില്ല.

നിങ്ങള്‍ വില്ലാണെങ്കില്‍  
ലകഷ്യ സ്ഥാനത്തേക്ക്‌ കുതിക്കുന്ന
അമ്പുകളാണ്‌ കുട്ടികള്‍.
വില്ലിനു ഉറപ്പുണ്ടെങ്കിലേ
അമ്പുകള്‍ ലക്‌ഷ്യം കാണൂ.
അതിനായി
ഉള്ളില്‍ തട്ടിയ സന്തോഷത്തോടെ
നിന്നു കൊടുക്കുക.

ഖലീല്‍ ജിബ്രാന്‍റെ പ്രവാചകനില്‍ നിന്ന്‌ ഒരു ഭാഗം (സ്വതന്ത്ര പരിഭാഷ - ചിത്ര)
See the original text here  http://leb.net/~mira/works/prophet/prophet4.html

Monday, December 14, 2009

നേര്‍ത്തു നേര്‍ത്ത്..

ഓര്‍മ്മയില്‍
തറച്ചിറങ്ങിയ
ഒരു സൂചി.

മുറിവുകളില്ലാതെ
തെളിവുകളില്ലാതെ
ഒരു നൊമ്പരം.

പാടാത്ത ഗസലിന്നൊടുവില്‍,
മുറിയില്‍
തളം കെട്ടിയ വിഷാദം
നേര്‍ത്തു നേര്‍ത്ത്
ഇല്ലാതാവുന്നത് പോലെ
നീയും.

Monday, December 7, 2009

വിരുന്ന്

മൂത്തകുന്നത്തേക്കുള്ള വഴിയില്‍
ഒരു പാലം കടന്നാലുടന്‍
ഒരു വീട്
പൂത്ത് നില്‍ക്കുന്നത് കാണാം.
ഒന്നല്ല രണ്ടല്ല
പല നിറങ്ങളില്‍,
ഒരു കുഞ്ഞു ചിത്രകാരിയുടെ
ചായക്കൂട്ട് പോലെ.
മേലെയുള്ള
അതിരുകളില്ലാത്ത കാന്‍വാസില്‍
ആര്‍ക്കും തൊട്ടെഴുതാം
നിറങ്ങളുടെ മഹാകാവ്യം.
വീട്ടുകാര്‍ അറിയുന്നുണ്ടാവുമോ
ദിവസവും
എത്ര ജോടി കണ്ണുകള്‍ക്കാണ്‌
അവര്‍ വിരുന്നേകുന്നതെന്ന് ?