Saturday, July 3, 2010

കൂടല്‍

കഴിഞ്ഞ കാലത്തിലെ 
കൂട്ടുകാരെ 
കാണാന്‍ പോയി;
ഒരൊത്തുകൂടല്‍.  

സമയം നട്ടുച്ച.
സ്ഥലം ഒബെറോണ്‍മാള്‍.

പല ദേശങ്ങളില്‍ നിന്ന്
വലിയ  മാറാലകളും
പുതിയ കണ്ണടകളും
ധരിച്ച് വന്നവര്‍.  

കണ്ടെന്നു തോന്നി,
കേട്ടെന്നും.

തിരികെ വരുമ്പോള്‍  
തിരിച്ചൊന്നൂടൊന്നു 
കറങ്ങി നോക്കി, 
ഓര്‍മ്മയില്‍. 

പുതിയ പൂമരങ്ങള്‍ 
പഴയ തൈച്ചെടികളായി 
വീണ്ടും 
കാലുറയ്ക്കാതെ
നില്ക്കുമ്പോലെ

പണ്ട് 
വേരുകള്‍ കൊണ്ട്
പരസ്പരം തൊടുന്നതിന്‍ മുന്‍പ്‌ 
കണ്ണില്‍ കണ്ട വെളിമ്പറമ്പുകള്‍   
വീണ്ടും തെളിയുമ്പോലെ

കറക്കം നിര്‍ത്തി
കണ്ണടച്ചു കിടന്നു.
ഇരുളിന്‍ ഭിത്തിയില്‍ 
ഒരച്ചില്‍ വാര്‍ത്ത 
മാളിലെ പ്രതിമകള്‍ 
തെളിഞ്ഞു ചിരിച്ചു
കണ്ണിറുക്കിയിറുക്കി
ചിരിയുടച്ചുടച്ചിരുന്നു 
വഴിയൊടുങ്ങും വരെ.

തിരികെ വീട്ടിലെത്തി.
കട്ടില്‍ വലയ്ക്കകം കയറി നോക്കി
മൂടിപ്പുതച്ച് കിടന്നു നോക്കി.
പങ്ക ശരവേഗത്തില്‍ കറക്കി നോക്കി.
എന്നിട്ടും 
ആര്‍ത്താര്‍ത്തു വരുന്നു 
ചെവിക്കരികില്‍ വട്ടം തിരിഞ്ഞ്
മൂളി മൂളി നില്ക്കും
മാളിലെ ഇരമ്പല്‍. 

Thursday, June 24, 2010

ഏഴു ഭൂഖണ്ഡങ്ങള്‍ അടുക്കിവച്ച് seven tiles കളിക്കുന്നു

ഏഴു കല്ലുകള്‍
ഒരു പന്ത്,
ഒരൊറ്റ മൈതാനം.


കളിക്കാര്‍
വന്നും പോയും.
ആണും പെണ്ണും
ഇടപിണഞ്ഞും,
ഇടപിരിഞ്ഞും.


ഓരോ കളിയും
ഒടുവിലത്തേതെന്ന
മട്ടില്‍ കളിക്കുന്നു.
ഓരോ കല്ലും
ഒടുവിലത്തേതെന്ന്
അടുക്കിവയ്ക്കുന്നു.


ഓരോ  നിമിഷവും
പാഞ്ഞടുക്കുന്നു
ഒരു പന്ത്.


ഏറ്റവും ഏകാന്തമായി
ഒരു യുദ്ധം.
ഏറ്റവും ഏകാഗ്രമായി
ഒരു ധ്യാനം.
ഏറ്റവും ആര്‍ദ്രമായി
ഒരു ശോകം.
ഏറ്റവും പരിഹാസ്യമായി
ഒരുന്മാദം.


ഒഴുക്കിയ വിയര്‍പ്പിനും
ഇറ്റിച്ച രക്തത്തിനും
ഒരേ നിറം,
ഒരേ മണം,
ഒരേ രുചി.


വിയര്‍പ്പിന്‍  മണമുള്ള
കനവിലും,
ചോര നനവുള്ള
മണ്ണിലും
ഇന്നന്യര്‍, കണ്ണാടി മാളിക
പണിയുന്നു.


ഒടുവില്‍
ഒറ്റയായിപ്പോയൊരാള്‍
ഓരോ കളിയും
ഒടുവിലത്തേതെന്ന
മട്ടില്‍ കളിക്കുന്നു.
ഓരോ കല്ലും
ഒടുവിലത്തേതെന്ന്
അടുക്കി വയ്ക്കുന്നു.


ഏഴാം കല്ലിനും
അടുക്കുന്ന പന്തിനും
ഇടയില്‍,
വിറയ്ക്കുന്നു കോലം;
കിതയ്ക്കുന്നു  കാലം.

Tuesday, June 15, 2010

കൂപമണ്ഡൂകം / കിണറ്റിലെ തവള എന്നും പറയും


നാട്ടിലെ കിണറ്റില്‍ 
വീണു,
കാട്ടിലെ ആന.

അടി തെറ്റിയ
ആനയ്ക്കത്ഭുതം.
കണ്ടു നിന്ന
വീട്ടാര്‍ക്കത്ഭുതം.
അറിഞ്ഞെത്തിയ
നാട്ടാര്‍ക്കത്ഭുതം.
പറഞ്ഞു കേട്ട
മാലോകര്‍ക്കുമത്ഭുതം.

ഓ! പോകാമ്പറ..

ഒരു ദിവസമെങ്കില്‍
ഒരു ദിവസം
ആനപ്പുറമേറിയ,
ആര്‍പ്പുവിളി കേട്ട്
കരളു കുളിര്‍ത്ത,
ചാനല്‍ വെളിച്ചത്തില്‍
ചിരിച്ച് കുഴഞ്ഞ,
കിണറ്റിലെ  തവളയുടെ
കണ്ണുകളില്‍ കണ്ട 
അമ്പരപ്പോളം
വരുമോ എന്തും!

പിറ്റേന്ന്,  
ആന കാടിന്റെ
കറുപ്പില്‍ മറഞ്ഞു.
കിണറിരുളില്‍
തവളയും.

അന്നു തൊട്ടിങ്ങോട്ട്
ഒരു നെടുവീര്‍പ്പ് മാത്രം
കിണര്‍വട്ടത്തിലെന്നും
ചുറ്റിത്തിരിഞ്ഞു നിന്നു.

Saturday, June 5, 2010

അപരിചിതം

ഒരു മഴയില്‍ നിന്നും  
വന്ന് കയറും,
നിങ്ങള്‍.

ഇറ്റിറ്റ്
ഒട്ടിയൊട്ടി
കുളിരോടെ
ഇടയ്ക്ക് വച്ച്
ഇറങ്ങി നടക്കും.

കുട  നിവര്‍ത്താനൊരുങ്ങി
ചുറ്റിലും നോക്കും.

പൊരിവെയിലില്‍
വിയര്‍ത്ത് വിളര്‍ത്ത്
നടക്കുന്നവരെ കാണും.

അവരുടെ കണ്ണുകളില്‍,
നനഞ്ഞ് കുതിര്‍ന്ന്
നിവര്‍ന്ന കുടയുമായി
നില്‍ക്കുന്ന  നിങ്ങളെ  കാണും.

ഒരൊറ്റ  നിമിഷം,
അപരിചിതരായി നില്‍ക്കും
നിങ്ങളും
അവരുടെ കണ്ണിലെ നിങ്ങളും.

Saturday, May 29, 2010

മഴ നനഞ്ഞ്..

മഴ  പോലെ, വാക്ക്.
പെയ്തു കൊണ്ടേയിരിക്കും
ചിലപ്പോള്‍, ഒടുങ്ങാതെ

ഇടയ്ക്ക്
രണ്ടു മഴകള്‍ക്കിടയിലെ
മൌനമായ്  പെയ്യും, വാക്ക്.

പലപ്പോഴും
നിന്നോടെനിക്കുള്ളതത്രയും
ഒരു കുഞ്ഞുവര്‍ഷമായ്
ഉള്ളിലേക്കിറങ്ങും.
എന്‍റെ ഭൂമിയെ തണുപ്പിക്കും.
പുതുമഴ കൊണ്ട മണ്ണിന്റെ
ഗന്ധമായ്  നിറയും,
നിറഞ്ഞു കവിയും.
ആര്‍ത്തിയോടെ
വലിച്ചു വലിച്ചങ്ങെടുക്കും
ഓരോ തുള്ളിയും.
അടിയൊഴുക്കായ്
തെളിയും വാക്ക്.

ഒഴുക്കിനിടെ
ഒരു വാക്കിന്‍റെ തുമ്പില്‍
തല ചായ്ച്ച രാത്രികള്‍,
ഒരു വാക്കിന്‍റെ മൂര്‍ച്ചയില്‍
പൊയ്പ്പോയ പകലുകള്‍
ഓര്‍മ്മയില്‍ മിന്നും.
ഉള്ളിലൊരിടി കുടുങ്ങും.
ചുട്ട് പൊള്ളി
കിടക്കും വാക്ക്.

അകം പുറമില്ലാതെ
മഴ പെയ്യുന്ന
രാത്രികളില്‍
തണുക്കുന്നു, വല്ലാതെ.

കുട  വേണ്ട.
ഈ  മഴ
നനഞ്ഞ് തന്നെ തീരണം.

Friday, May 21, 2010

കേള്‍കുന്നുണ്ടോ?

നശിച്ച  ചൂടെന്ന
പുലമ്പലില്‍  തീരുന്നു
വെയിലറിവുകള്‍.

മഴയിന്നും ഉള്ളു
തരളമാക്കുന്നു,
വീട് പറ്റുമ്പോള്‍ 
ചെളി  പറ്റിയിട്ടില്ലെങ്കില്‍.

വിശപ്പറിഞ്ഞിട്ടില്ല
മൂന്നു  മണിക്കൂറിനപ്പുറം.

താണ്ടിയിട്ടില്ല, സ്കൂള്‍ എത്താന്‍
ഒരു  മൈല്‍കുറ്റിപോലും,
പടിക്കലെത്തുമായിരുന്നു
സ്കൂള്‍ബസ്.

പണിയെടുക്കുമ്പോഴും
വിയര്‍പ്പറിഞ്ഞിട്ടില്ല
വിരല്‍തുമ്പില്‍
തീരുന്നിരവും പകലും .

കൊടുങ്കാറ്റിലുലഞ്ഞിട്ടില്ല
പ്രളയത്തിര തേടി  വന്നിട്ടില്ല
ചവിട്ടടിയില്‍  നിന്നും
മണ്ണടര്‍ന്നു  പോയിട്ടില്ല ,
എന്തിന്‌, ഒരിടിമിന്നലില്‍
പോലും കുളിച്ച് കയറിയിട്ടില്ല .

മിസൈല്‍  പോയിട്ട്
ഒരു  വെടിയുണ്ട  പോലും
കൊണ്ടിട്ടില്ല,
കണ്ടിട്ടുപോലുമില്ല, സത്യം.
കാഴ്ച്ചപ്പെട്ടിയില്‍  ഉണ്ട്
തുടര്‍ സീരിയലുകള്‍ പോലെ
ചില  യുദ്ധങ്ങള്‍,
പേരുകൊണ്ട്  മാത്രം
പരിചയമുള്ളിടങ്ങളില്‍.

കാലിലൊരു മുള്ള്
കൊണ്ടാലലറാന്‍
കാരണങ്ങളിത്ര പോരെയെന്ന്
ചോദിക്കുന്നു
വഴിയില്‍  കണ്ടു മുട്ടിയവര്‍,
പലരും.

ഒറ്റമുറിക്കൂരയില്‍
കുടുംബത്തെ തിരുകി
തളര്‍ന്ന കൂട്ടുകാരന്‍,

മണ്ണും വിണ്ണും
മതില്‍ കെട്ടിത്തിരിക്കാനറിയാത്ത
ആദിവാസി മൂപ്പന്‍, കറുത്ത.

പിന്നെ,
ടിവിയില്‍  കണ്ട
കണ്ണില്‍  തീയുള്ള
ഒരു പെണ്‍കുട്ടി
(ഒരേ സമയം
അഫ്ഗാനിയും പലസ്തീനിയും കശ്മീരിയുമായവള്‍...)

അങ്ങനെയങ്ങനെ പലരും.
പല  ശബ്ദങ്ങളില്‍
പല കാലങ്ങളില്‍
ചോദിച്ചു കൊണ്ടേയിരിക്കുന്നു, അവര്‍.
നേര്‍ത്ത
വളരെ  നേര്‍ത്ത  സ്വരത്തില്‍..
കേള്‍കുന്നുണ്ടോ?

മുള്ള്  കൊള്ളുമ്പോഴൊക്കെ
ഓടി വരുന്നു
എന്‍റെ കൂട്ടുകാരന്‍
പിന്നെ  കൂനിക്കൂടിയിരുന്നെടത്ത് നിന്നും കറുത്ത
പിന്നെ ടിവിയില്‍  കണ്ട  പെണ്‍കുട്ടി
പിന്നെ ഒരിക്കലും
കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത
ആരൊക്കെയോ
എവിടെയൊക്കെയോ  നിന്ന്.

മുള്ള്  എടുത്ത് കളഞ്ഞ്
പല ഭാഷകളില്‍
ആശ്വാസവാക്കുകള്‍ പറഞ്ഞ്
വന്നിടത്തേക്കു തന്നെ
തിരികെപ്പോകുന്ന
അവര്‍ക്ക് കൊടുക്കാന്‍
എന്തുണ്ടെന്റെ കയ്യില്‍
മുള്ള് കൊണ്ട
ഒരു ഹൃദയമല്ലാതെ?

ഹാ കാല്പനികമെന്ന
നിങ്ങളുടെ  മുള്‍വാക്കെനിക്ക്  കേള്‍ക്കാം.
അലറുകയല്ലാതെ
ഞാന്‍ മറ്റെന്ത് ചെയ്യാന്‍?

Friday, May 7, 2010

മഴ നനയാന്‍ വന്ന ശലഭങ്ങള്‍/മുസഫര്‍ അഹമ്മദ്/സൈകതം

'മഴ  നനയാന്‍  വന്ന  ശലഭങ്ങള്‍' എന്ന പേരില്‍ സൈകതത്തില്‍ പ്രസിദ്ധീകരിച്ച മുസഫര്‍ അഹമ്മദിന്‍റെ ലേഖനമാണ്   (http://www.saikatham.com/V--Musaphar-Ahmmed.php) ഈ പോസ്റ്റിനു ആധാരം. വായിച്ചപ്പോള്‍ ഒരു കവിതയുടെ പ്രതീതി..അദ്ദേഹത്തിന്‍റെ തന്നെ വാക്കുകള്‍ ഉപയോഗിച്ച് ഇങ്ങനെ വരച്ച് എടുക്കണം എന്ന് തോന്നി..ഇത് അദ്ദേഹത്തിന്‍റെ മാത്രം വാക്കുകളാണ്..തുന്നി ചേര്‍ത്തതില്‍ ഉള്ള തെറ്റുകളും കുറവുകളും എന്‍റെയും..സൈകതത്തില്‍ തന്നെ ഒരു കമന്റ്‌ ആയി ഇടാനുള്ള ശ്രമം വിഫലമായത് കൊണ്ട് മാത്രം എന്‍റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു..അനുവാദമില്ലാതെ എഴുതുന്നത് തെറ്റാണെങ്കില്‍  ക്ഷമിക്കണം.. 


മരുഭൂവിനെക്കാള്‍
പൌരാണികം, ജലം
തലമുറകളുടെ
ദാഹത്തെ
ഉള്‍ക്കൊണ്ട്
മരുഭൂമിയെന്ന  രൂപകം.

ഖബര്‍  ഒരുക്കി
ഓര്‍മ്മിപ്പിക്കുന്നു;
വിജയസ്തംഭങ്ങള്‍, പരാജിതരുടെ
എല്ലിന്കൂട്ടങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടത്;
തലയോട്ടികളാല്‍ അലങ്കരിക്കപ്പെട്ടത്.
മരുഭൂമിയുടെ  വെല്ലുവിളി .

പെയ്ത  മഴ
ഇടിമിന്നലിനൊപ്പം പ്രവേശിച്ച കാറ്റ്
കാറ്റ്  ഇളക്കിയെടുത്ത
ഗാഫ്  വൃക്ഷത്തിന്റെ  വിത്തുകള്‍;
മഴ  കാത്ത്  ഒളിച്ചിരുന്നവ.
നനയാന്‍  വന്ന  ശലഭങ്ങള്‍
മരുഭൂമിയുടെ  ഇന്ദ്രജാലം.

മണല്‍  തരികളോടൊപ്പം
നിലാവ്  കോരിക്കുടിക്കുന്ന
കള്ളിച്ചെടിയുടെ  മുള്ളുകള്‍ .
മണല്ക്കുന്നുകളിലൊളിച്ച്
മണമുള്ള  മണമുള്ള  പൂവുകള്‍.
മരുഭൂമിയുടെ  വെളിപാടുകള്‍ .

വീട്
കെട്ടുകയും
പൊളിക്കുകയും
കെട്ടുകയും
പൊളിക്കുകയും
ചെയ്യുന്ന കാറ്റിന്‍ ഭ്രാന്ത് .
മരുഭൂമിയുടെ സര്‍ഗജീവിതം .

കുളമായ്‌
പുഴയായ്
കടലായ്
വന്‍  തിരമാലകളായ്
മരീചിക
മരുഭൂമിയുടെ  മായക്കാഴ്ചകള്‍ .

മണല്‍  പരപ്പിനുള്ളിലെ
തടാകം
നിലാവില്‍  വിരിഞ്ഞ
ആമ്പലുകള്‍
മരുഭൂമിയുടെ  പറുദീസ.

വരൂ
ഞങ്ങള്‍ക്കൊപ്പം  വന്നു  പാര്‍ക്കൂ
എന്ന്
മരുഭൂമിയുടെ  കിളിപേച്ച്.