Saturday, October 13, 2012

പല കാലങ്ങളില്‍ ചില പെണ്‍കുട്ടികള്‍

ചില ദിവസങ്ങളില്‍ 
സ്ഫോടനത്തിന് മുന്‍പുള്ള 
അഞ്ച് നിമിഷങ്ങളുടെ 
തുടര്ച്ചയാകും ജീവിതം.

ഉള്ളിലെ 
തകര്‍ന്ന്‍ പോയ തെരുവുകളിലെ 
ഉച്ചഭാഷിണികളില്‍ 
കായല്‍* എന്ന പെണ്‍കുട്ടി 
മലാല** എന്ന പെണ്‍കുട്ടിയോട് 
പറയുന്ന രഹസ്യങ്ങളപ്പോള്‍ 
തെളിഞ്ഞ് കേള്‍ക്കാം. 

കായലിന്റെ വാക്കുകളില്‍ 
ചൂളി, യുലഞ്ഞ്  തെരുവ് 
ആകാശത്തേക്ക്  നോക്കി കിടക്കുന്നു.
തെരുവില്‍ കിടക്കുന്ന കബന്ധത്തിന്റെ 
നെഞ്ചിലിരിക്കുന്ന തലയും 
ആകാശത്തേക്ക് നോക്കി കിടക്കുന്നു. 
തെരുവില്‍ 
തിരകളൊഴിഞ്ഞ തോക്കുമായ് നില്‍ക്കുന്ന 
വേട്ടക്കാരനെ നോക്കി 
മലാലയെന്ന പതിന്നാലുകാരി ചിരിച്ച് മറിയുന്നു.
ഒരു ലോകം മുഴുവന്‍ 
അവളോടൊപ്പം ചിരിക്കുന്നു.

കായല്‍ അവളുടെ മുറിവുകളെ 
ജലത്തിലേക്കൊഴുക്കുന്നു 
ജലം അവളെ പുല്കിയുറക്കുന്നു.
അവള്‍ 
തുടിച്ച് പായുന്ന മീന്കൂട്ടമായും 
നിലാവിനെ തൊടാനായുന്നൊരേറ്റമായും 
ജലത്തിലലിഞ്ഞോരുപ്പായും 
പുനര്‍ജനിക്കുന്നു.
ഇപ്പോഴവള്‍ ജലത്തെ പുല്കിയുറക്കുന്നു. 

പുതിയ ഭൂമിയുടെ കവാടങ്ങളില്‍ 
കാവല്‍ നില്‍ക്കുന്നു മലാല.
ഭൂമിയെ ചുറ്റുന്ന കിടങ്ങുകളില്‍ 
ഒഴുകി നിറയുന്നു കായല്‍.

മുഴുവനായും തുറന്ന 
ഒരു കണ്ണായും 
ഉറുമ്പിനോടും സംവദിക്കുന്ന 
ഒരു കാതായും 
പല കാലങ്ങളില്‍ 
ചില പെണ്‍കുട്ടികള്‍. 


*കായല്‍ : സാറാ ജോസഫിന്റെ  ആതി എന്ന നോവലിലെ കഥാപാത്രമായ പെണ്‍കുട്ടി. നഗരത്തില്‍ വച്ച് പലരാല്‍ പീഡിപ്പിക്കപ്പെട്ട കായല്‍ ജലസാന്ത്വനം തേടി അമ്മയോടൊപ്പം ആതി എന്ന ജല സാമ്രാജ്യത്തിലേക്ക് എത്തുന്നത് ആതിയിലെ ഉപകഥകളിലൊന്ന്‌. ആതിയിലെ ജലത്തിന്റെ താളവും സൌന്ദര്യവുമാണ് മൌനത്തിന്റെയും വേദനയുടെയും ആഴങ്ങളില്‍ നിന്ന് കായലിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരുന്നത് . ഇവിടെ കായല്‍ ഒരേ സമയം ഒരു പെണ്‍കുട്ടിയെയും പ്രകൃതിയെയും പ്രതിനിധാനം ചെയ്യുന്നു. 

**മലാല യൂസഫ്സായ് : താലിബാന്റെ  വെടിവയ്പ്പില്‍ പരുക്കേറ്റ്  ഗുരുതരാവസ്ഥയില്‍ കഴിയുന്ന പതിന്നാലുകാരി പെണ്‍കുട്ടി.  താലിബാന്‍ കേന്ദ്രമായ പാക്കിസ്ഥാനിലെ സ്വാത്  താഴ്വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള അവകാശ സമരത്തിലെ സജീവ പ്രവര്‍ത്തക. മലാല ജീവിതത്തിലേക്ക് തിരികെ വന്നാല്‍ വീണ്ടും വധശ്രമം ഉണ്ടാവുമെന്ന് താലിബാന്റെ ഭീഷണി . പാകിസ്താന്‍ മാത്രമല്ല ലോകം മുഴുവന്‍ അവള്‍ മടങ്ങി വരാന്‍ പ്രാര്‍ഥിക്കുന്നു. 

Friday, August 31, 2012

മൂന്ന് വയസ്സുകാരിയുടെ കവിത (Irish കവിത)


അയറിഷ് (Irish) കവിയായ ബ്രെണ്ടന്‍ കെന്നെല്ലിയുടെ (Brendan Kennelly) കവിത (സ്വതന്ത്ര പരിഭാഷ - ചിത്ര ) 

പൂക്കള്‍ മരിക്കുമോ?

ആളുകള്‍ മരിക്കുമോ?

ഓരോ ദിവസവും നമുക്ക്  വയസ്സാകുമോ, എനിക്ക് 
വയസ്സാകുമോ, ഇല്ല, എനിക്കാവില്ല, 
പൂവുകള്‍ക്ക് വയസ്സാവുമോ?

പഴയ കളിപ്പാട്ടങ്ങള്‍  പുറത്തേക്കെറിയുമോ?

വയസ്സായവരെ പുറത്തേക്കെറിയുമോ?

ഒരു പൂവിനു വയസ്സായെന്ന് എങ്ങനെ അറിയും?

ഇതളുകളടരും, പൂവുകളില്‍ നിന്നിതളുകളടരും
ആളുകളില്‍ നിന്നടരുമോ ഇതളുകള്‍,
എല്ലാ ദിവസവും കൂടുതലിതളുകള്‍  
വീഴുന്നു ഞാന്‍ കളിയ്ക്കാന്‍ കൊതിക്കുന്ന 
തറ പഴയ പൂക്കളും മനുഷ്യരും കൊണ്ട് 
നിറയുവോളം, അവയൊന്നിച്ച്   
കിടക്കുന്നു ഇതളുകള്‍ വീണ 
ചെളിപിടിച്ച തറയില്‍ ഞാന്‍ കളിക്കാന്‍ കൊതിക്കുന്ന
തറയില്‍ നീ വരുന്നു കൂറ്റന്‍ ചൂലുമായി. 

നീ തൂത്ത് വരുന്ന അഴുക്ക്, എന്ത് പറ്റുമതിന്,
പൂക്കളില്‍ നിന്നും ആളുകളില്‍ നിന്നും
നീ തൂത്ത് വാരുന്ന അഴുക്കിനെന്ത് പറ്റും, എന്ത് 
പറ്റുമഴുക്കിന് ? പൂക്കളില്‍ നിന്നും
ആളുകളില്‍ നിന്നും ബാക്കിയാവുന്നതീയഴുക്കോ, ഇതോ 
എല്ലാം തൂത്ത് കളയുന്ന ആ കൂറ്റന്‍ ചൂലിന് 
താഴെ കുന്നു കൂടിക്കിടക്കുന്നു?

എന്തിനിത്ര കഠിനമായി പണിയെടുക്കുന്നു, ഒരു
കുന്നഴുക്കിനായെന്തിനിത്ര മിനക്കെട്ടു തൂത്ത് വാരുന്നു?
പുതിയ പൂവുകള്‍  ആര് കൊണ്ട് വരും?
ആര് കൊണ്ട് വരും പുതിയ മനുഷ്യരെ? ആര് 
കൊണ്ട് വരും വെള്ളത്തിലിടാന്‍ പുതിയ പൂവുകള്‍
ഞാന്‍ കളിക്കാന്‍ കൊതിക്കുന്ന
ഇതളുകള്‍ വീഴാത്ത തറയുള്ള മുറിയില്‍?
ക്ഷീണം കൊണ്ടുറങ്ങി വീഴുന്ന
അപ്പൂപ്പന്മാരെ പോലെ തല കുനിച്ച്
നില്‍ക്കാത്ത പുതിയ പൂവുകള്‍
ആര് കൊണ്ട് വരും?
ഓരോ ദിവസവും തൊലിയുലഞ്ഞ് പോകാത്ത
പുതിയ പൂവുകള്‍ ആര് കൊണ്ട് വരും?
പുതിയ  പൂവുകളുണ്ട് നമുക്കെങ്കില്‍,
പുതിയ മനുഷ്യരും നമുക്കുണ്ടാവുമോ
അവയ്ക്ക് വെള്ളമൊഴിയ്ക്കാനും 
ജീവന്‍ കൊടുക്കാനും?

പുതിയ പൂവുകള്‍ മരിക്കുമോ?

കുട്ടികള്‍ മരിക്കുമോ?

എന്തിന്?

Saturday, August 25, 2012

ചുമര്‍ചിത്രങ്ങള്‍

മുടിയഴിച്ചിട്ട ഒരു പെണ്ണ്,
അവളുടെ കണ്ണില്‍ വെയില്‍.
ഒരു നോട്ടം മതി 
ചുമരില്‍ നിന്നവള്‍ 
ഉള്ളിലേക്കിറങ്ങിക്കിടക്കും.

ചുമര് തകര്‍ത്ത് 
ഒരാനക്കൂട്ടമിറങ്ങും
അലകളൊഴിഞ്ഞൊരു 
തടാകം കലങ്ങിമറിയും.
മീന്‍ കൊത്താതൊരു പൊന്മാന്‍ 
ഇലകള്‍ക്കുള്ളില്‍ മറയും,
കാടകം തുടിക്കും.

മുറിക്കുള്ളില്‍ പാറും 
ഒരു ശലഭം.
വഴുക്കുന്ന കല്ലില്‍, 
പടരുന്ന വള്ളിയില്‍,
വെയില്‍ക്കുന്നിന്നുച്ചിയില്‍,
കിളിച്ചുണ്ടനങ്ങുന്നൊരൊച്ചയില്‍,
മഴപ്പാറലേല്‍ക്കുന്നൊരിലയില്‍,
മുക്കുറ്റി നിറമുള്ളോരോര്‍മ്മയില്‍  
ചെന്നിരിക്കും.
ഇരുള്‍ വീഴും മുന്നേ 
ചുമരിലേക്ക് ചായും.

ശലഭച്ചിറകില്‍ ചെന്നിരിക്കെ 
കണ്ണൊരു പൂവാകും,
തേന്‍ തുളുമ്പും 
പൂമ്പൊടി ചിതറും. 

മുറിക്കുള്ളില്‍ 
വിരിയും, 
ഒരു പ്രപഞ്ചം.

Saturday, August 11, 2012

തൊലിക്ക് പിന്നില്‍ - ബംഗാളി കവിയായ പ്രബല്‍ കുമാര്‍ ബസുവിന്റെ ഒരു കവിത - വിവര്‍ത്തനം

ഒരാളുണ്ട്
ഓരോ ആഴ്ചയറുതിയിലും കുളിക്കും,
തൊലിയുരച്ച് കഴുകും
തുണിയലക്കുന്ന മാതിരി.

മറ്റൊരാള്‍
ഓരോ വൈകുന്നേരവും
പഞ്ഞിയും ക്രീമും കൊണ്ട്
തൊലിക്കുള്ളിലെയഴുക്കിളക്കും
ഹഹ..ഒരു ജീവിതം മുഴുവന്‍
തൊലിക്ക് വേണ്ടി ചെലവഴിക്കുന്നു!

എല്ലാ വൈകുന്നേരവും
ഒരു പെണ്‍കുട്ടി
തൊലി വില്‍ക്കാനിരിക്കും.
തന്റെ തൊലിയില്‍ നിന്ന് തന്നെ
അവള്‍ പലതരം തുണികള്‍ നെയ്യും.
ഒരിക്കല്‍,
അധികം വന്ന തൊലിയില്‍ നിന്ന്
അവളുടെ സുഹൃത്ത്
ഒരു ജോടി ചിറകുകളുണ്ടാക്കി.
രാവേറെ ചെല്ലുമ്പോള്‍
അവള്‍ പേരറിയാത്തിടങ്ങളിലേക്ക് പറക്കും.

ഇതെല്ലാം കണ്ട്‌
ഞാനെന്റെ തൊലിയെ കുറിച്ച് ബോധവാനാകുന്നു.
ഞാന്‍ കണ്ടു
എന്റെ തൊലിയെന്റെ ദേഹത്തെ വിട്ടു
പറന്നു പോകുന്നത്.
ഞാനെന്റെ തൊലിക്ക് പുറകെ ഓടുന്നു.
പൊതുസ്ഥലത്തെന്നെ നഗ്നനാക്കി നിര്‍ത്തി
എന്റെ തൊലി എങ്ങോ പോയ്‌ മറയുന്നു.

Sunday, August 5, 2012

മഴയില്‍, മലയില്‍

മലയിറങ്ങി വരുന്നു 
മഴ 
മഴയിലിറങ്ങി വരുന്നു 
മല.

മഴ 
നീയെന്ന്‍ കണ്ട്
മഴയും 
നീയെന്ന്‍ കണ്ട് 

ഞാന്‍ 
മല കയറി വന്നു 
ഞാന്‍ 
മാമല കയറി വന്നു.

മലയിറങ്ങിപ്പോയ് 
മഴ.
മഴയിറങ്ങിപ്പോയ 
മല.

മലയില്‍ മഴ നെയ്ത 
പച്ചിലച്ചാര്ത്തുകള്‍.

നീട്ടിയ വിരല്‍ത്തുമ്പില്‍ 
മലയിറങ്ങാന്‍ മറന്ന 
ഒരു കാര്‍മേഘം. 

Wednesday, July 11, 2012

വാതിലില്‍ കോറിവരയ്ക്കുന്നു

വാതിലിനപ്പുറം 
ഒരായിരം കിളികളെ 
കോറി വരയ്ക്കുന്നൊരാകാശം;
വര മായ്ക്കുന്ന മേഘങ്ങള്‍.

കളഞ്ഞ് പോയ 
ഒരു താക്കോല്‍,
വാതില്‍ പഴുതില്‍ 
തുരുമ്പെടുക്കുന്നു.

ആകെ 
അടഞ്ഞ ഒരു വാതില്‍.

വാതിലിനപ്പുറം 
ഒരാള്‍, മുട്ടി വിളിക്കാതെ 
കടന്ന്‍ പോകുന്നു.

ഒരാള്‍ 
ഒന്ന്‍ മുട്ടാതെ 
വാതിലും 
കടന്ന്‍ പോകുന്നു.

ആകാശം പിളര്ക്കുന്നൊരു
മുറിവിന്റെ വെട്ടം;
പെയ്തൊഴിഞ്ഞ മഴയെ 
തുമ്പിലേക്കാവാഹിച്ച്
പച്ചിലക്കൂട്ടം.

വാതില്‍ പഴുതിലൂടൊരായിരം
കിളികളകത്തേക്ക്  പറക്കുന്നു.

മരത്തണുപ്പുള്ള 
ഒരു ഹൃദയത്തില്‍ 
നിറയുന്നു,
മരമായിരുന്ന കാലത്തെ 
ചിറകടിയൊച്ചകള്‍.

Monday, May 14, 2012

ദമന്‍ (Daman)

വഴിയില്‍ കണ്ട 
തൊലിയിരുണ്ട മനുഷ്യരുടെ 
കണ്ണേറില്‍, ചിരിയില്‍ 
ഉപ്പ് പരലുകള്‍.
*****
യാത്രയില്‍, ഇരുവശങ്ങളില്‍ 
മൌനമായിരിക്കുന്ന 
ഉപ്പ് കൂനകള്‍; അവയ്ക്കുള്ളില്‍ 
പ്രക്ഷുബ്ദമായ ഒരു കടല്‍. 
*****
പച്ച വളയിട്ട കൈകളില്‍ 
പച്ചിലത്തണ്ടില്‍  പൊതിഞ്ഞ 
ചാമ്പയ്ക്ക, ഞാവല്‍പ്പഴം,
നൊങ്ക്;
ചങ്കിലെ നീരൂറ്റിത്തന്ന്‍  ചാമ്പ 
നാവില്‍ ചോരയിറ്റിച്ച് ഞാവല്‍ 
ചേര്‍ത്ത് പിടിച്ചിട്ടും വഴുതിപ്പോകുന്ന 
പ്രിയമുള്ള ഒരോര്‍മ്മ പോലെ നൊങ്ക് 
നാവിലെ മുകുളങ്ങളില്‍ 
രസങ്ങളുടെ ഒരു മോക്ക്ടെയില്‍.
*****
മത്സ്യങ്ങള്‍ 
കടലിറങ്ങി വന്ന്‍
വില്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന 
മീന്‍കാരിപ്പെണ്ണുങ്ങളുടെ 
ഗന്ധമായിപ്പടരുന്നു.
വിയര്‍പ്പ്, മീന്മണം, ഉപ്പ് കാറ്റില്‍ 
തീക്ഷ്ണഗന്ധങ്ങളുടെ ഉന്മാദം.
*****
പറങ്കിയുടെ കോട്ടകളില്‍ 
ചരിത്രം 
ആലിന്‍ തൈയായ് 
കല്ലില്‍ മുളയ്ക്കുന്നു,
കാറ്റായ് കുറുകിനില്‍ക്കുന്നു,
കാഴ്ചയായ് കൂടെ നടക്കുന്നു.
*****
തകര്‍ന്ന എടുപ്പുകള്‍ 
ശൂന്യമായ വീടുകള്‍ 
ദമന്‍, കാല്‍പ്പെരുമാറ്റം 
അകന്നകന്ന്‍  പോകുന്ന  
ഒരു കാഴ്ചബംഗ്ലാവ്. 
*****
കെട്ട് വിട്ട 
വലക്കണ്ണികള്‍ തുന്നുന്നു 
കെട്ടുവള്ളക്കാര്‍;
ചതുരക്കള്ളികളില്‍
അസ്തമയമടുത്ത
ഒരു അഴിമുഖം.
*****
കടല്‍സന്ധ്യ.
തിരകള്‍ക്കാഹ്ലാദം,
കുഞ്ഞുങ്ങള്‍ക്കാഹ്ലാദം.
തിരത്തളളലില്‍ 
ആകെ നനഞ്ഞ ഒരു സൂര്യന്‍,
മേഘത്തുണ്ടുകള്‍ 
കൊണ്ട് നാണം മറയ്ക്കുന്നു.
കടലിലേക്കുരുകി  വീഴുന്നു,
തീത്തുള്ളികള്‍.
*****
ദമന്‍, നിറഞ്ഞൊഴുകുന്ന 
ഒരു വീഞ്ഞുകോപ്പ.
രാവേറെയും മധുശാലകള്‍
ഉണര്‍ന്നിരിക്കുന്നു, വണ്ടുകള്‍ 
മൊത്തിമൊത്തിക്കുടിക്കുന്നു 
ലഹരിയുടെ 
അവസാനത്തെ തുള്ളിയും.
*****
പ്രഭാതം,
രത്നാഭായിയുടെ 
ഉപ്പുപരല്‍ ചിരി.
കണവനെക്കൊണ്ട് പോയ 
കടലിനെ വെല്ലാന്‍ 
കരയില്‍ ലഹരി വില്‍ക്കുന്നവള്‍.
കടല്‍ക്കരയിലവള്‍  നിരത്തുന്നു
വീഞ്ഞിന്‍ കുപ്പികള്‍.
രത്നാഭായിയുടെ സാരിത്തലപ്പ് 
കാറ്റില്‍ മത്ത് പിടിച്ചുയരുന്നു. 
*****
വേലിയിറക്കത്തിലെ
കടല്‍ത്തീരം;
വെളിവാകുന്നു 
അടിത്തട്ടിലെ മണല്‍ത്തിട്ട 
ചിതറിക്കിടക്കുന്ന ശംഖുകളില്‍
അരപ്രാണനായ ജീവന്‍, 
അവയുടെ കാതുകളില്‍ 
വേലിയേറ്റത്തിന്റെ  മുരള്‍ച്ച.
*****
മടക്കം 
തീവണ്ടിയുടെ രൂപമുള്ള 
ആള്‍ത്തിരക്കില്‍,
അന്നത്തെ വേല 
കഴിഞ്ഞ് വരുന്നവരുടെ 
വിയര്‍പ്പിലൊട്ടിയൊട്ടി.
രണ്ട് നാളത്തെ 
പലായനത്തിനൊടുക്കം, മടക്കം. 
അന്യന്റെ മുഖത്തേല്‍ക്കുന്ന വെട്ട് 
തൂവല്‍ സ്പര്‍ശമാവുന്ന ചിന്തയിലേക്ക്;
അപരന്റെ നിലവിളി
കാതുകള്‍ക്ക് സംഗീതമാവുന്ന 
കാലത്തിലേക്ക്. 
*****