Thursday, January 13, 2011

ഒച്ച

ഇനിയിത് വഴി പോകുമ്പോള്‍ 
തിരിഞ്ഞ്‌ നോക്കരുത് 
നീ കാണുന്ന ആദ്യത്തെ പുഴയല്ല ഞാന്‍.
അല്ലെങ്കില്‍ 
എല്ലാ പുഴകളും ഞാന്‍ തന്നെയാണ്.

നീ കണ്ടോ 
ഒരു കുന്നിറങ്ങി വരുന്നത്,
എന്നെ പുണരുന്നത്.
എനിക്ക് മേലെ ഒരു നഗരം  
ആരോ തെറ്റിച്ച കല്ലായി 
തെറിച്ച് തെറിച്ച് വരുന്നത്.
ഞാന്‍ പാടാതെയല്ല,
വണ്ടികളുടെ ഇരമ്പലില്‍ 
നീയെന്റെ പാട്ട് കേള്‍ക്കാതെ പോയതാണ്.
നിലാവായിരുന്നെങ്കില്‍ 
നിന്റെ കണ്ണുകളെങ്കിലുമെന്റെ  പാട്ട് കേട്ടേനെ.
എന്റെ പാട്ടെന്റെ 
മടിത്തട്ടിലെ ഇരുളിനെക്കുറിച്ചാണ്.
ഇരുളിന്റെയുള്ളിലെ അലകളെ കുറിച്ചാണ്.
അലകളെ വെട്ടിച്ച് പൊന്തുന്നൊരു മീനിന്റെ 
വെള്ളിവെളിച്ചമുള്ള ചെതുമ്പലുകളെക്കുറിച്ചാണ്,
ചത്തിട്ടും ചീഞ്ഞിട്ടും 
തുറന്നേയിരിക്കുന്ന അതിന്റെ കണ്ണുകളെക്കുറിച്ചാണ്. 
അടയാന്‍ കൂട്ടാക്കുന്നതേയില്ല  അവ.
നോക്കിനോക്കിയിരുന്നാല്‍ കാണാം 
പാതകള്‍ കൂടിപ്പിണഞ്ഞു കിടക്കുന്ന 
ഒരു ഭൂപടം, ആ കണ്ണുകളില്‍ 
തെളിഞ്ഞ് തെളിഞ്ഞ് വരുന്നത്.
കാണാം, പുറത്തേക്കുള്ള വഴി തേടി 
പാതകളില്‍ നിന്ന് പാതകളിലേക്കുള്ള
നിന്റെയലച്ചിലുകള്‍,
നിന്റെ കുതിപ്പുകള്‍;
കടലൊരു വല വീശും വരെ. 

ഞാന്‍ പാടാതെയല്ല 
ഒരുപാടൊച്ചകള്‍ക്കിടയില്‍ 
ഒരൊച്ച,
നീ കേള്‍ക്കാതെ പോയതാണ്.

17 comments:

  1. പുഴയായിരുന്ന ഞാനൊരു
    കുഴിയായി തീർന്നതിന്നു
    മണൽ വാരലെന്നതൊരു
    മറുവാക്കുമാത്രമതോ

    ReplyDelete
  2. വണ്ടികളുടെ ഇരമ്പലില്‍
    നീയെന്റെ പാട്ട് കേള്‍ക്കാതെ പോയതാണ്

    ഞാനുണ്ട്
    ശോഷിച്ച്
    നിങ്ങളെന്നെ
    മാന്തിപ്പോളിച്ചു
    പകലും രാത്രിയുമെന്നില്ലാതെ.

    ReplyDelete
  3. ഞാന്‍ പാടാതെയല്ല
    ഒരുപാടൊച്ചകള്‍ക്കിടയില്‍
    ഒരൊച്ച,
    നീ കേള്‍ക്കാതെ പോയതാണ്!

    ReplyDelete
  4. Kelkkunna ochakalkkum appurathekku...!

    Manoharam, Ashamsakal...!!!

    ReplyDelete
  5. പാതകള്‍ കൂടിപ്പിണഞ്ഞു കിടക്കുന്ന
    ഒരു ഭൂപടം, ആ കണ്ണുകളില്‍
    തെളിഞ്ഞ് തെളിഞ്ഞ് വരുന്നത്.
    കാണാം..... ഒരു പാടൊച്ചകൾക്കിടയിലും പുഴയുടെ ശോകസ്വരം തിരിച്ചറിയുന്നു കവി, ഇങ്ങ്നെ വേറിട്ടു കേൾക്കണം സ്വരം!

    ReplyDelete
  6. മനോഹരം. ഒരൊറ്റത്തള്ളിനു വന്ന എഴുത്തിന്റെ മാധുര്യം കവിതയ്ക്കുണ്ട്.

    ReplyDelete
  7. എന്റെ പാട്ടെന്റെ
    മടിത്തട്ടിലെ ഇരുളിനെക്കുറിച്ചാണ്.
    ഇരുളിന്റെയുള്ളിലെ അലകളെ കുറിച്ചാണ്.
    അലകളെ വെട്ടിച്ച് പൊന്തുന്നൊരു മീനിന്റെ
    വെള്ളിവെളിച്ചമുള്ള ചെതുമ്പലുകളെക്കുറിച്ചാണ്,
    ചത്തിട്ടും ചീഞ്ഞിട്ടും
    തുറന്നേയിരിക്കുന്ന അതിന്റെ കണ്ണുകളെക്കുറിച്ചാണ്.
    അടയാന്‍ കൂട്ടാക്കുന്നതേയില്ല അവ
    - നന്നായി പുഴയുടെ ആഴക്കുറിപ്പുകൾ !

    ReplyDelete
  8. നീ കണ്ടോ
    ഒരു കുന്നിറങ്ങി വരുന്നത്,
    എന്നെ പുണരുന്നത്.
    എനിക്ക് മേലെ ഒരു നഗരം
    ആരോ തെറ്റിച്ച കല്ലായി
    തെറിച്ച് തെറിച്ച് വരുന്നത്

    ഈ ഇമേജ് കൊള്ളാം

    ReplyDelete
  9. പുഴയുടെപാട്ട് അനുഭവിച്ചു..........

    ReplyDelete
  10. കവിത നിറയുന്ന വരികള്‍ .

    ReplyDelete
  11. ഞാന്‍ പാടാതെയല്ല
    ഒരുപാടൊച്ചകള്‍ക്കിടയില്‍
    ഒരൊച്ച,
    നീ കേള്‍ക്കാതെ പോയതാണ്.


    അടഞ്ഞു പോയ കാതുകളുടെ കാലമാണല്ലോ.

    ReplyDelete
  12. വരികൾ നന്നായി.

    ReplyDelete
  13. ഞാന്‍ നിങ്ങളുടെ ഈ ശൈലിയെ സ്നേഹിക്കുന്നു...ആരും പ്രണയിച്ചു പോകുന്ന കവിത....പുതിയ കവിത ഇടുമ്പോള്‍ ലിങ്ക് തരാന്‍ മറക്കരുത്.....

    pp5857@gmail.com

    ReplyDelete