വാതിലിനപ്പുറം
ഒരായിരം കിളികളെ
കോറി വരയ്ക്കുന്നൊരാകാശം;
വര മായ്ക്കുന്ന മേഘങ്ങള്‍.
കളഞ്ഞ് പോയ
ഒരു താക്കോല്‍,
വാതില്‍ പഴുതില്‍
തുരുമ്പെടുക്കുന്നു.
ആകെ
അടഞ്ഞ ഒരു വാതില്‍.
വാതിലിനപ്പുറം
ഒരാള്‍, മുട്ടി വിളിക്കാതെ
കടന്ന്‍ പോകുന്നു.
ഒരാള്‍
ഒന്ന്‍ മുട്ടാതെ
വാതിലും
കടന്ന്‍ പോകുന്നു.
ആകാശം പിളര്ക്കുന്നൊരു
മുറിവിന്റെ വെട്ടം;
പെയ്തൊഴിഞ്ഞ മഴയെ
തുമ്പിലേക്കാവാഹിച്ച്
പച്ചിലക്കൂട്ടം.
വാതില്‍ പഴുതിലൂടൊരായിരം
കിളികളകത്തേക്ക് പറക്കുന്നു.
മരത്തണുപ്പുള്ള
ഒരു ഹൃദയത്തില്‍
നിറയുന്നു,
മരമായിരുന്ന കാലത്തെ
ചിറകടിയൊച്ചകള്‍.