Wednesday, July 28, 2010

കണ്ണുകള്‍ കൊണ്ട് മാത്രം സംസാരിക്കുന്ന ഒരാള്‍

റോഡു മുറിച്ച് കടക്കുമ്പോള്‍,
പിന്നെ,
ബസ് കാത്ത് നില്‍ക്കുമ്പോള്‍..
പിന്നെ, വണ്ടിയില്‍ കയറി
കാഴ്ചയില്‍ നിന്ന് മറയും വരെ,
രണ്ടു കണ്ണുകളെന്നും
പൂവ് പോലെ വന്ന് തൊട്ടു.

വാച്ചില്‍, സഞ്ചിയുടെ
പിഞ്ഞിത്തുടങ്ങിയ വള്ളിയില്‍
പരസ്യപ്പലകകളില്‍, ചുറ്റും
നുരയുന്ന കാഴ്ചകളില്‍
കണ്ണുറപ്പിച്ച്, എന്നും
വണ്ടി വരും വരെ.

എങ്കിലും
പൂക്കള്‍ മുടങ്ങാതെ വന്ന്
ചിതറിക്കിടന്നു ചുറ്റിലും.

ചവിട്ടിയരച്ച്
തിരക്കിട്ട്
കയറിപ്പോയി വണ്ടിയില്‍,
പൂക്കളടര്‍ന്നു വീഴാത്ത
പുതിയ വഴികളിലേക്ക്.

പിന്നെയും
ഒരുപാട് പകലുകള്‍ 
കുറ്റിയിളക്കി
ചങ്ങലകള്‍ കിലുക്കി
പാഞ്ഞു പോയി.

ഇന്ന് വീണ്ടും
കവലയില്‍ വച്ച് കണ്ടു
മിണ്ടാതെ
കടന്നു പോകുമ്പോള്‍
വന്ന് തൊട്ടു
രണ്ട്‌ പൂവുകള്‍.
അതേ നിറം, സുഗന്ധം.
ഇപ്പോള്‍
വിടര്‍ന്നതേയുള്ളെന്ന പോലെ.

ഇതാ, കൊഴിഞ്ഞ പൂവുകള്‍ക്കായി
ഒരു സ്തുതിഗീതം
കണ്ണുകള്‍ കൊണ്ട് മാത്രം
സംസാരിക്കുന്നവരുടെ ലിപിയില്‍.

Wednesday, July 21, 2010

ഇനി യാത്ര..ചുമരില്ലാത്ത മുറികളിലേക്ക്..


ഇന്നൊറ്റയ്ക്കാണ്‌
അടഞ്ഞ മുറിയുണ്ട്‌,
മേശയും കസേരയും
മഷി നിറച്ച പേനയുമുണ്ട്‌.
വെളുപ്പില്‍
കറുത്ത വരകളുള്ള
കടലാസ്സുണ്ട്‌.
നിറഞ്ഞ പ്രകാശ-
മുണ്ടകത്തും പുറത്തും.
എന്നിട്ടും വരുന്നില്ല
ഒന്നൊളിഞ്ഞു പോലും നോക്കുന്നില്ല
ഞാനൊന്ന്
പുറത്തിറങ്ങി നോക്കട്ടെ
എവിടെയെങ്കിലും
പമ്മി നില്‍പുണ്ടാകും
ഓര്‍ക്കാപ്പുറത്തോടിവന്നു
കെട്ടിപ്പിടിക്കാന്‍,
കെട്ടിപ്പിടിച്ചുമ്മവയ്ക്കാന്‍
ഒരു കുറുമ്പന്‍ കവിത.

(ഹരിതകത്തില്‍ കുറേ നാള്‍ മുന്‍പ്‌ പ്രസിദ്ധീകരിച്ചത് )

Thursday, July 15, 2010

ചരമവാര്‍ഷികം

കറുത്ത വസ്ത്രങ്ങള്‍
ധരിച്ചു വന്നൊരാള്‍
ഏറ്റവും പ്രചാരമുള്ള
പത്രത്തില്‍ വന്ന,
ഭാര്യയുടെ
ചരമവാര്‍ഷികക്കോളം
ചൂണ്ടിക്കാണിക്കുന്നു.

പരേതരുടെ കോളത്തില്‍
നിന്നെല്ലാവരും
എന്‍റെ നോട്ടത്തിനൊപ്പം
കണ്ണ് പായിക്കുന്നുണ്ട്.
ഓര്‍മ്മിക്കപ്പെടലിന്റെ
സാധ്യതകളെ കുറിച്ചോര്‍ത്ത്
ഉള്ളിലൊരു തേരോടുന്നുണ്ട്.

മരിച്ചാലും തീരുന്നില്ല
ഉള്ളതിന്റെയും
ഇല്ലാത്തതിന്റെയും
പങ്കപ്പാടുകള്‍.

മറവി, ഇല്ലാത്തവരുടെ സത്യം
ഓര്‍മ്മ, ഉള്ളവരുടെ മിഥ്യ.

ഇതിനിടെ
ചരമവാര്‍ഷികങ്ങള്‍
വന്നും പോയും.

Saturday, July 10, 2010

അകലം

രണ്ട്‌ കരകള്‍
തമ്മിലുള്ള അകലം
ഒരു കടല്‍, ഒരു പുഴ, ഒരു തോട്.

രണ്ട്‌ മനുഷ്യര്‍
തമ്മിലുള്ള അകലം
"ഒരു ജാതി, ഒരു മതം, ഒരു ദൈവം".

രണ്ട്‌ മനസ്സുകള്‍
തമ്മിലുള്ള അകലം
ഒരു കടലോളം ചിരി.

Saturday, July 3, 2010

കൂടല്‍

കഴിഞ്ഞ കാലത്തിലെ 
കൂട്ടുകാരെ 
കാണാന്‍ പോയി;
ഒരൊത്തുകൂടല്‍.  

സമയം നട്ടുച്ച.
സ്ഥലം ഒബെറോണ്‍മാള്‍.

പല ദേശങ്ങളില്‍ നിന്ന്
വലിയ  മാറാലകളും
പുതിയ കണ്ണടകളും
ധരിച്ച് വന്നവര്‍.  

കണ്ടെന്നു തോന്നി,
കേട്ടെന്നും.

തിരികെ വരുമ്പോള്‍  
തിരിച്ചൊന്നൂടൊന്നു 
കറങ്ങി നോക്കി, 
ഓര്‍മ്മയില്‍. 

പുതിയ പൂമരങ്ങള്‍ 
പഴയ തൈച്ചെടികളായി 
വീണ്ടും 
കാലുറയ്ക്കാതെ
നില്ക്കുമ്പോലെ

പണ്ട് 
വേരുകള്‍ കൊണ്ട്
പരസ്പരം തൊടുന്നതിന്‍ മുന്‍പ്‌ 
കണ്ണില്‍ കണ്ട വെളിമ്പറമ്പുകള്‍   
വീണ്ടും തെളിയുമ്പോലെ

കറക്കം നിര്‍ത്തി
കണ്ണടച്ചു കിടന്നു.
ഇരുളിന്‍ ഭിത്തിയില്‍ 
ഒരച്ചില്‍ വാര്‍ത്ത 
മാളിലെ പ്രതിമകള്‍ 
തെളിഞ്ഞു ചിരിച്ചു
കണ്ണിറുക്കിയിറുക്കി
ചിരിയുടച്ചുടച്ചിരുന്നു 
വഴിയൊടുങ്ങും വരെ.

തിരികെ വീട്ടിലെത്തി.
കട്ടില്‍ വലയ്ക്കകം കയറി നോക്കി
മൂടിപ്പുതച്ച് കിടന്നു നോക്കി.
പങ്ക ശരവേഗത്തില്‍ കറക്കി നോക്കി.
എന്നിട്ടും 
ആര്‍ത്താര്‍ത്തു വരുന്നു 
ചെവിക്കരികില്‍ വട്ടം തിരിഞ്ഞ്
മൂളി മൂളി നില്ക്കും
മാളിലെ ഇരമ്പല്‍.