Monday, May 14, 2012

ദമന്‍ (Daman)

വഴിയില്‍ കണ്ട 
തൊലിയിരുണ്ട മനുഷ്യരുടെ 
കണ്ണേറില്‍, ചിരിയില്‍ 
ഉപ്പ് പരലുകള്‍.
*****
യാത്രയില്‍, ഇരുവശങ്ങളില്‍ 
മൌനമായിരിക്കുന്ന 
ഉപ്പ് കൂനകള്‍; അവയ്ക്കുള്ളില്‍ 
പ്രക്ഷുബ്ദമായ ഒരു കടല്‍.
*****
പച്ച വളയിട്ട കൈകളില്‍ 
പച്ചിലത്തണ്ടില്‍  പൊതിഞ്ഞ 
ചാമ്പയ്ക്ക, ഞാവല്‍പ്പഴം,
നൊങ്ക്;
ചങ്കിലെ നീരൂറ്റിത്തന്ന്‍  ചാമ്പ 
നാവില്‍ ചോരയിറ്റിച്ച് ഞാവല്‍ 
ചേര്‍ത്ത് പിടിച്ചിട്ടും വഴുതിപ്പോകുന്ന 
പ്രിയമുള്ള ഒരോര്‍മ്മ പോലെ നൊങ്ക് 
നാവിലെ മുകുളങ്ങളില്‍ 
രസങ്ങളുടെ ഒരു മോക്ക്ടെയില്‍.
*****
മത്സ്യങ്ങള്‍ 
കടലിറങ്ങി വന്ന്‍
വില്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന 
മീന്‍കാരിപ്പെണ്ണുങ്ങളുടെ 
ഗന്ധമായിപ്പടരുന്നു.
വിയര്‍പ്പ്, മീന്മണം, ഉപ്പ് കാറ്റില്‍ 
തീക്ഷ്ണഗന്ധങ്ങളുടെ ഉന്മാദം.
*****
പറങ്കിയുടെ കോട്ടകളില്‍ 
ചരിത്രം 
ആലിന്‍ തൈയായ് 
കല്ലില്‍ മുളയ്ക്കുന്നു,
കാറ്റായ് കുറുകിനില്‍ക്കുന്നു,
കാഴ്ചയായ് കൂടെ നടക്കുന്നു.
*****
തകര്‍ന്ന എടുപ്പുകള്‍ 
ശൂന്യമായ വീടുകള്‍ 
ദമന്‍, കാല്‍പ്പെരുമാറ്റം 
അകന്നകന്ന്‍  പോകുന്ന  
ഒരു കാഴ്ചബംഗ്ലാവ്. 
*****
കെട്ട് വിട്ട 
വലക്കണ്ണികള്‍ തുന്നുന്നു 
കെട്ടുവള്ളക്കാര്‍;
ചതുരക്കള്ളികളില്‍
അസ്തമയമടുത്ത
ഒരു അഴിമുഖം.
*****
കടല്‍സന്ധ്യ.
തിരകള്‍ക്കാഹ്ലാദം,
കുഞ്ഞുങ്ങള്‍ക്കാഹ്ലാദം.
തിരത്തളളലില്‍ 
ആകെ നനഞ്ഞ ഒരു സൂര്യന്‍,
മേഘത്തുണ്ടുകള്‍ 
കൊണ്ട് നാണം മറയ്ക്കുന്നു.
കടലിലേക്കുരുകി  വീഴുന്നു,
തീത്തുള്ളികള്‍.
*****
ദമന്‍, നിറഞ്ഞൊഴുകുന്ന 
ഒരു വീഞ്ഞുകോപ്പ.
രാവേറെയും മധുശാലകള്‍
ഉണര്‍ന്നിരിക്കുന്നു, വണ്ടുകള്‍ 
മൊത്തിമൊത്തിക്കുടിക്കുന്നു 
ലഹരിയുടെ 
അവസാനത്തെ തുള്ളിയും.
*****
പ്രഭാതം,
രത്നാഭായിയുടെ 
ഉപ്പുപരല്‍ ചിരി.
കണവനെക്കൊണ്ട് പോയ 
കടലിനെ വെല്ലാന്‍ 
കരയില്‍ ലഹരി വില്‍ക്കുന്നവള്‍.
കടല്‍ക്കരയിലവള്‍  നിരത്തുന്നു
വീഞ്ഞിന്‍ കുപ്പികള്‍.
രത്നാഭായിയുടെ സാരിത്തലപ്പ് 
കാറ്റില്‍ മത്ത് പിടിച്ചുയരുന്നു. 
*****
വേലിയിറക്കത്തിലെ
കടല്‍ത്തീരം;
വെളിവാകുന്നു 
അടിത്തട്ടിലെ മണല്‍ത്തിട്ട 
ചിതറിക്കിടക്കുന്ന ശംഖുകളില്‍
അരപ്രാണനായ ജീവന്‍, 
അവയുടെ കാതുകളില്‍ 
വേലിയേറ്റത്തിന്റെ  മുരള്‍ച്ച.
*****
മടക്കം 
തീവണ്ടിയുടെ രൂപമുള്ള 
ആള്‍ത്തിരക്കില്‍,
അന്നത്തെ വേല 
കഴിഞ്ഞ് വരുന്നവരുടെ 
വിയര്‍പ്പിലൊട്ടിയൊട്ടി.
രണ്ട് നാളത്തെ 
പലായനത്തിനൊടുക്കം, മടക്കം. 
അന്യന്റെ മുഖത്തേല്‍ക്കുന്ന വെട്ട് 
തൂവല്‍ സ്പര്‍ശമാവുന്ന ചിന്തയിലേക്ക്;
അപരന്റെ നിലവിളി
കാതുകള്‍ക്ക് സംഗീതമാവുന്ന 
കാലത്തിലേക്ക്. 
*****

Monday, April 30, 2012

ആത്മഹത്യാമുനമ്പിലെ വൃക്ഷങ്ങള്‍

ഒരു ഞൊടി
ഒരു കുതിപ്പ്.

താഴേക്ക് 
പറക്കുന്നു.

കുത്തിളകിയ  
ചോദ്യചിഹ്നങ്ങള്‍;
വേരുകള്‍.

ചുവട്ടിലെ 
മണ്ണ്‍ മറിയുന്നു 
പുല്ല് മറിയുന്നു 
കല്ല്‌ മറിയുന്നു 

കാഴ്ച മറയുന്നു.

പോകുന്ന വഴിയെ 
കയ്യെത്തുന്നിടം 
കാലെത്തുന്നിടം 
കാറ്റിന്റെ വള്ളികള്‍.

കാറ്റിനോടൊപ്പം 
പോകുന്നു.

താഴ്വാരം 
കടപുഴകിയ 
കടമ്പുകളുടെ
സാമ്രാജ്യം.

തകര്‍ന്ന ചില്ലകളില്‍ 
കുടുങ്ങിക്കിടക്കുന്നു 
ഇനിയുമസ്തമിക്കാത്ത
സൂര്യന്‍.

ഇരുളില്‍ പൊഴിയുന്ന 
ഇലകളില്‍ 
ഇനിയും ദ്രവിക്കാത്ത
ഹരിതകം.

Tuesday, April 17, 2012

ചുകന്ന മൂക്കുത്തി

തല പിളര്‍ത്തി 
ഉടല്‍ പകുത്ത് 
കരവേഗലാളനം.

ഉരുകിയൊലിക്കുന്നു
വറ്റിയ നദികളുള്ള 
തലച്ചോര്‍; ഉള്ളില്‍ 
അടിയുറവ വറ്റാത്ത 
നിലാവിന്‍ നദി. 

തെരുതെരെ തെറിക്കുന്ന 
മാംസത്തിന്നടരുകള്‍,
ചെന്തളിരിലകള്‍.

മരപ്പലക
കറുത്ത കലയുടെ 
ക്യാന്‍വാസ്.

ഉത്തരത്തില്‍ തൂങ്ങി 
ചരിത്രത്തിന്റെ 
വിഭജിക്കപ്പെട്ട കാലുകള്‍,
അവ കണ്ട കാലങ്ങള്‍;
താണ്ടിയ ദൂരങ്ങള്‍, 
മേഞ്ഞ മൈതാനങ്ങള്‍.

തെറിച്ച തലയില്‍ 
തുറുകണ്ണുകളില്‍ 
അപ്പോള്‍ പൊടിഞ്ഞ മഴയില്‍ 
കൂമ്പിയ തൊട്ടാവാടികള്‍, 
മുക്കുറ്റികള്‍
തുമ്പകള്‍.

തുമ്പനാക്കിന്‍
തുമ്പില്‍ 
ഒരു ചുകന്ന 
മൂക്കുത്തി. 

Saturday, March 31, 2012

മറുകാഴ്ച


വേനല്‍ വറുതിയില്‍
വിരിഞ്ഞ 
ആദ്യത്തെ പൂവ് 
ജനലിലൂടെന്നെ നോക്കുന്നു.

ആദ്യമായ് ഞാന്‍
ഒരു പൂവിന്റെ 
ജനല്ക്കാഴ്ചയാവുന്നു. 

കാറ്റിലാടുന്ന 
പൂവിനനുതാപം.

കണ്ണുകള്‍ കൊണ്ട് 
പൂവെന്റെ
നഗ്നത വരയ്ക്കുന്നു.
ഉടല്‍ ഞാനഴിച്ച് വയ്ക്കുന്നു.

ഉടല്‍ എന്നെ അഴിച്ച്  വയ്ക്കുന്നു.

ഉറക്കത്തില്‍ ഞാന്‍ 
വസന്തത്തിന്റെ 
കറ്റകള്‍ 
കൊയ്ത്‌ കൂട്ടുന്നു.

Wednesday, March 14, 2012

മഞ്ഞള്‍ തേച്ച് കുളിക്കുന്നു

പെണ്‍കുട്ടി 
മഞ്ഞള്‍ തേച്ച് കുളിക്കുന്നു.

കാഴ്ചയില്ലാത്ത പെണ്‍കുട്ടി 
മഞ്ഞള്‍ തേച്ച് കുളിക്കുന്നു.

അവളെ കൊത്തിവലിക്കുന്നു 
നിലാവിന്റെ ഇളംമഞ്ഞക്കണ്ണുകള്‍.

വെയിലിന്നുച്ചിയില്‍
അവള്‍  
മഞ്ഞളുടുത്ത് കിടക്കുന്നു. 

അവള്‍ക്കുള്ളില്‍ 
മഞ്ഞള്‍ മണം;
അവളുടെ ദേഹം 
മഞ്ഞ ലോഹം.

പൊക്കിളില്‍ 
കുരുത്ത് പൊങ്ങുന്നു 
ഒരു മഞ്ഞള്ച്ചെടി.