Monday, November 29, 2010

മുഖം

ആള്‍ക്കൂട്ടത്തിനിടയിലൂടെ 
നടക്കുന്നു.
സ്വയമൊരാള്‍ക്കൂട്ടമായി 
നടന്നു പോകുന്നു. 

ഓരോ തെരുവിലും 
ഓരോ മുഖം.

വഴിയില്‍ 
ഒരു കുഞ്ഞ് 
കമിഴ്ന്നു കിടക്കുന്നു,
മുഖമില്ലാതുറങ്ങുന്നു.
(അവനിന്ന്‍ വല്ലതും കഴിച്ചോ എന്തോ)
അവന്റെ തൊലിപ്പുറം മറയ്ക്കുന്നു 
ഈച്ചകളുടെ കൂട്ടം.
അവയോടൊപ്പം ചെന്നിരിക്കുന്നു.    
.
ഒരിടത്ത് 
ഇരുന്നിടം തന്നെ 
ചിതറിപ്പറന്ന്
കുറുകിക്കുറുകി
പ്രാവിന്‍ കൂട്ടം.
അവയോടൊപ്പം 
അരിമണി കൊറിച്ചിരിക്കുന്നു.
  
വീട്ടില്‍ 
കണ്ണാടിയില്‍  
മുഖത്ത് ഈച്ചകളാര്‍ക്കുന്നു 
മുഖം അരിമണി കൊറിച്ചിരിക്കുന്നു  . 
മുഖം മുഖം മറച്ചിരിക്കുന്നു.

Sunday, November 21, 2010

തടവറ

പുറത്തൊരു മരമുണ്ട്,
അകത്തിരുന്നാല്‍ കാണില്ല. 
കേള്‍ക്കാമതിന്റെ സീല്‍ക്കാരം 
കൊടുങ്കാറ്റുളള രാത്രിയില്‍.

മരത്തിന്റെ മേലുണ്ട് 
കെട്ട് വിട്ടൊരു പട്ടം.

ഇലകളില്‍ തങ്ങി 
വെയിലില്‍ തിളങ്ങി 
ഒച്ചകളില്‍ മുങ്ങി  
പകലുകള്‍ പകലുകള്‍.

ഇരുട്ടിന്റെ കറ ചൂടി 
പൊത്തിന്റെ മറ തേടി 
ഭയത്തിന്റെ വിറ കോടി 
രാത്രികള്‍ രാത്രികള്‍.

അകത്തൊരു മരമുണ്ട്
പുറത്തിരുന്നാല്‍  കാണില്ല.
കേള്‍ക്കാമതിന്റെ സീല്‍ക്കാരം 
നിശബ്ദമായ രാത്രിയില്‍. 

Monday, November 8, 2010

മീരാഭജന്‍

മീര പാടുന്നു.

പാട്ടിന്റെ 
കൊത്തേറ്റ്  പുളയുന്നു.
പാട്ടുപെട്ടികള്‍ 
പുരപ്പുറത്തെറിയുന്നു
പുറത്തേക്കിറങ്ങുന്നു.
ഉള്ളിലെയുന്മാദം
നഗ്നമായലയുന്നു.

വാഴ്വിന്‍ കന്മഷം.
വഴിയിലെല്ലാം 
പാട്ടിന്‍ വിഷം.

ഇലയുരുമ്മലില്‍ 
വലവീശലില്‍ 
അണലിക്കുരുക്കില്‍ 
അണ്ണാന്റെ കുതിപ്പില്‍.
പുഴയൊഴുക്കില്‍
വഴിപോക്കന്റെ ചുണ്ടില്‍.

നീലിച്ച തണ്ടുമായ് 
നിലാവില്‍ 
മുളങ്കൂട്ടങ്ങളുടെ 
മൂളല്‍ കേട്ടുറങ്ങുന്നു.

അരികില്‍ 
വിഷക്കോപ്പ മറിഞ്ഞ്‌
പാട്ട് തുളുമ്പുന്നു.