Sunday, April 17, 2011

ഒന്പതാം വളവ്


ചുരമെന്ന കവിത 
തുടങ്ങുന്നതിവിടെ,
ഒടുങ്ങുന്നതും.

പച്ചയ്ക്കെന്തൊരു പച്ച!
നോക്കി നോക്കിയിരുന്നാല്‍ 
ഞരമ്പിലോടുന്ന ചോര പോലും 
പച്ച ചൊരിയും.
വേര് നീട്ടി ഇലകളാട്ടി
വായിക്കുന്നവളൊരു കാട്ടുമരമാകും.  

ഉയരത്തിനെന്തൊരുയരം!
പക്ഷിക്കണ്ണായ്  പറക്കും 
ആകാശം മുട്ടുമുന്മാദം;
വേരുകള്‍ തേടിപ്പോകും 
വരികളുടെ കാതല്‍. 

ആഴത്തിനെന്തൊരാഴം!
ആത്മഹത്യാമുനമ്പാണ്;
റിവേഴ്സ് ഗിയറില്‍ 
മരണത്തിലേക്ക് കുതിച്ച 
കമിതാക്കള്‍  വന്ന്‍ ചിരിക്കും,
വെറുതെ വെറുതെ ക്ഷണിക്കും.
ചത്തിട്ടും ചീയാത്ത 
കവിതകള്‍ വായിക്കും.

കറുപ്പും വെളുപ്പും 
മാറിമാറിപ്പൂക്കും .
കറുത്ത പൂക്കള്‍ക്കെന്തൊരു കറുപ്പ്!
പകലിലിരുണ്ട അര്‍ത്ഥങ്ങള്‍ 
ഇരുളില്‍ മിന്നാമിന്നികളാവും
ആകാശത്തോളവും മിന്നും.

ചുരം കഴിഞ്ഞാലും 
വായുവില്‍ തങ്ങിനില്‍ക്കും 
വളവിനപ്പുറം 
കാപ്പി പൂത്ത മണം. 

Sunday, April 3, 2011

മൂന്നു കുട്ടികള്‍ ആകാശം കാണുന്നു

വീടിന്റെ മേല്‍ക്കൂരയില്‍ 
മലര്‍ന്നു കിടന്നു 
ആകാശം കാണുന്നു 
രണ്ട്  ചെറിയ കുട്ടികള്‍,
ഞാനും.

അസ്തമയച്ചുവപ്പിന്റെ 
ഒരു മുട്ടായിത്തുണ്ട്.
തുമ്പപ്പൂ നക്ഷത്രങ്ങള്‍. 
റബ്ബര്‍ വച്ച് മായ്ച്ച പോലെ  
മാഞ്ഞു പോയ നിലാവ്.

ഈ ആകാശമാണോ ഭൂമിയെന്നൊരാള്‍
ഈ ഭൂമിക്കുള്ളിലാണോ നമ്മളെന്നു മറ്റൊരാള്‍.
ഒരുത്തരവും ശരിയുത്തരമാവാതെ മൂന്നാമതൊരാള്‍ .

ശ്വാസം മുട്ടിക്കുന്ന ഇരുട്ട്.
കുട്ടികള്‍ ഭയന്നുരുമ്മിക്കിടക്കുന്നു,
ഞാനും.
നിഴലുകള്‍ അവരെ ഭയപ്പെടുത്തുന്നു 
എന്നെയും.
അവര്‍ മുതിര്‍ന്നു തുടങ്ങിയിരിക്കുന്നു 
ഞാനും.

ഉള്ളില്‍ 
മറ്റൊരാകാശത്തില്‍
ഉദയവും അസ്തമയവുമറ്റ പകലുകള്‍ 
ഇരുള്‍ ഗുഹകളായ നക്ഷത്രങ്ങള്‍ 
മാഞ്ഞു മാഞ്ഞു പോകുന്ന ഒരു ചന്ദ്രന്‍.

മൂന്നു കുട്ടികള്‍ 
ആകാശം കണ്ട്‌  കിടക്കുന്നു.
തിരക്കുകളേതുമില്ലാതെ 
വെറുതെ, നിലാവ് കാത്ത് കിടക്കുന്നു.