Sunday, April 6, 2014

കറ നല്ലതാണ്

കറ നല്ലതാണെന്ന്
പറയുന്നു
പരസ്യത്തിലെ പെണ്ണ്.
പതിവ് പോലെ സുന്ദരി,
വെളുത്തവൾ,
കറയറ്റവൾ.
തുടൽ വലിപ്പത്തിൽ താലിമാല
നെറ്റിയിലേക്കിറങ്ങി സിന്ദൂരം
കറകളെല്ലാമറ്റവൾ.

പുത്തൻ കൂറ്റാണ്
മുന്പൊക്കെ സാരിയുടുത്തലക്കിയവൾ
ഇപ്പോൾ ജീൻസിട്ട് അലക്കുന്നു.

കറ പോകും
തെളിവുണ്ട്,
അലക്കിവിരിക്കുന്നു തുണികൾ.
കറ പോയ പോലിരിക്കുന്നു,
വെളുത്തും തുടുത്തുമിരിക്കുന്നു.

കറ നല്ലതെന്ന് പറയുന്നു
സോപ്പ് പൊടി വിൽക്കുന്നു,
ഉത്തമ കുടുംബിനി
കറയകറ്റുന്നവൾ.

കറ നല്ലതാണ്.

കറയുടെ നിറമെന്ത്?
ഗന്ധം, രുചി?

പണിക്കാരിക്ക് മാറ്റി വച്ച
ചായഗ്ലാസ്സിൽ
ജാതിയുടെ പാടയുണ്ട്
കഴുകിയാൽ പോകുമോ?

തെരുവിൽ
മതമെന്ന് പേരുള്ള മുട്ടനാടുകളുരസുന്നു,
കൊമ്പ് കോർക്കുന്നു,
ചോര ചിന്തിച്ചിന്തി
വീട്ടിലെ ഇലപ്പടർപ്പുകൾ പോലും
ചുവന്നിരിക്കുന്നു
നല്ലതെന്ന് പറയുമോ?

ബസിൽ അരികെ
മീൻകാരി,
ദേഹത്ത് ഉളുമ്പ് മണം,
തുണികളിൽ ചെതുമ്പൽത്തിളക്കം
തൊട്ടിരിക്കുമോ
നോക്കിച്ചിരിക്കുമോ?
മണം പോകുമെന്ന് പറയുമോ?

കറ നല്ലതാണ്

കറ വെള്ളയും വെള്ളയും
ഉടുത്ത് പോകുന്നു

കറ
ഒരു വെളുത്ത ചെമ്പരത്തിയായ്
വിരിഞ്ഞ് നിൽക്കുന്നു.

പലർ ചേർന്ന്
അലക്കി വെളുപ്പിച്ച
ഒരു ജനക്കൂട്ടം
ആ വെളുത്ത ചെമ്പരത്തി
ചൂടി നില്ക്കുന്നു.