Wednesday, July 28, 2010

കണ്ണുകള്‍ കൊണ്ട് മാത്രം സംസാരിക്കുന്ന ഒരാള്‍

റോഡു മുറിച്ച് കടക്കുമ്പോള്‍,
പിന്നെ,
ബസ് കാത്ത് നില്‍ക്കുമ്പോള്‍..
പിന്നെ, വണ്ടിയില്‍ കയറി
കാഴ്ചയില്‍ നിന്ന് മറയും വരെ,
രണ്ടു കണ്ണുകളെന്നും
പൂവ് പോലെ വന്ന് തൊട്ടു.

വാച്ചില്‍, സഞ്ചിയുടെ
പിഞ്ഞിത്തുടങ്ങിയ വള്ളിയില്‍
പരസ്യപ്പലകകളില്‍, ചുറ്റും
നുരയുന്ന കാഴ്ചകളില്‍
കണ്ണുറപ്പിച്ച്, എന്നും
വണ്ടി വരും വരെ.

എങ്കിലും
പൂക്കള്‍ മുടങ്ങാതെ വന്ന്
ചിതറിക്കിടന്നു ചുറ്റിലും.

ചവിട്ടിയരച്ച്
തിരക്കിട്ട്
കയറിപ്പോയി വണ്ടിയില്‍,
പൂക്കളടര്‍ന്നു വീഴാത്ത
പുതിയ വഴികളിലേക്ക്.

പിന്നെയും
ഒരുപാട് പകലുകള്‍ 
കുറ്റിയിളക്കി
ചങ്ങലകള്‍ കിലുക്കി
പാഞ്ഞു പോയി.

ഇന്ന് വീണ്ടും
കവലയില്‍ വച്ച് കണ്ടു
മിണ്ടാതെ
കടന്നു പോകുമ്പോള്‍
വന്ന് തൊട്ടു
രണ്ട്‌ പൂവുകള്‍.
അതേ നിറം, സുഗന്ധം.
ഇപ്പോള്‍
വിടര്‍ന്നതേയുള്ളെന്ന പോലെ.

ഇതാ, കൊഴിഞ്ഞ പൂവുകള്‍ക്കായി
ഒരു സ്തുതിഗീതം
കണ്ണുകള്‍ കൊണ്ട് മാത്രം
സംസാരിക്കുന്നവരുടെ ലിപിയില്‍.

13 comments:

  1. ചിത്ര, നന്നായിട്ടുണ്ട് വരികൾ

    ReplyDelete
  2. ചൂണ്ടക്കൊളുത്തുകള്‍ നീളുന്ന കണ്ണുകള്‍ക്കിടയില്‍ പൂക്കള്‍ പോലെ വന്നുതൊടുന്ന കണ്ണുകള്‍ എന്താശ്വാസം. കാല്‍പനിക സൌന്ദര്യമുള്ള വരികള്‍.

    ReplyDelete
  3. കണ്ണുകളിൽ നിന്നു പൂക്കൾ പൊഴിയുമ്പോൾ മൂകവാസരം. നന്നായി

    ReplyDelete
  4. കൊഴിഞ്ഞ പൂവുകള്‍ക്കായി
    ഒരു സ്തുതിഗീതം
    കണ്ണുകള്‍ കൊണ്ട് മാത്രം
    സംസാരിക്കുന്നവരുടെ ലിപിയില്‍.

    nice...! :)

    ReplyDelete
  5. ഈ സ്തുതിഗീതം നന്നായിരിക്കുന്നു ചിത്രാ..

    ReplyDelete
  6. ഞാന്‍ ഇവിടെ കവിതയുടെ പൂ ക്കളും സുഗന്ദവും ആസ്വദിക്കുന്നു...

    ReplyDelete
  7. കൊഴിഞ്ഞ പൂക്കളെ,മനുഷ്യരെ

    ഓര്‍ത്തെടുക്കുവാന്‍ കവിത

    കണ്‍തുറക്കുന്നു.

    ആശംസകള്‍.

    ReplyDelete
  8. "ഇതാ, കൊഴിഞ്ഞ പൂവുകള്‍ക്കായി
    ഒരു സ്തുതിഗീതം
    കണ്ണുകള്‍ കൊണ്ട് മാത്രം
    സംസാരിക്കുന്നവരുടെ ലിപിയില്‍"
    കവിതയും പൂക്കളും..നന്നായിരിക്കുന്നു. ഇഷ്ടമായി.

    ReplyDelete
  9. (പിന്നെയും
    ഒരുപാട് പകലുകള്‍
    കുറ്റിയിളക്കി
    ചങ്ങലകള്‍ കിലുക്കി
    പാഞ്ഞു പോയി.)
    ഇതാ, കൊഴിഞ്ഞ പൂവുകള്‍ക്കായി
    ഒരു സ്തുതിഗീതം
    കണ്ണുകള്‍ കൊണ്ട് മാത്രം
    സംസാരിക്കുന്നവരുടെ ലിപിയില്‍.
    -നന്നായി ചിത്രാ

    ReplyDelete
  10. കണ്ണുകള്‍ കൊണ്ട് മാത്രം സംസാരിക്കുന്നവരുടെ സ്തുതിഗീതം;നന്നായി

    ReplyDelete
  11. ഇതാ, കൊഴിഞ്ഞ പൂവുകള്‍ക്കായി
    ഒരു സ്തുതിഗീതം
    കണ്ണുകള്‍ കൊണ്ട് മാത്രം
    സംസാരിക്കുന്നവരുടെ ലിപിയില്‍.......

    സുന്ദരമായ കവിത...!

    ReplyDelete
  12. കവിത നന്നായി ...

    ReplyDelete