ചില ദിവസങ്ങളില്‍
സ്ഫോടനത്തിന് മുന്‍പുള്ള
അഞ്ച് നിമിഷങ്ങളുടെ
തുടര്ച്ചയാകും ജീവിതം.
തുടര്ച്ചയാകും ജീവിതം.
ഉള്ളിലെ
തകര്‍ന്ന്‍ പോയ തെരുവുകളിലെ
ഉച്ചഭാഷിണികളില്‍
കായല്‍* എന്ന പെണ്‍കുട്ടി
മലാല** എന്ന പെണ്‍കുട്ടിയോട്
പറയുന്ന രഹസ്യങ്ങളപ്പോള്‍
തെളിഞ്ഞ് കേള്‍ക്കാം.
കായലിന്റെ വാക്കുകളില്‍
ചൂളി, യുലഞ്ഞ് തെരുവ്
ആകാശത്തേക്ക് നോക്കി കിടക്കുന്നു.
തെരുവില്‍ കിടക്കുന്ന കബന്ധത്തിന്റെ
നെഞ്ചിലിരിക്കുന്ന തലയും
ആകാശത്തേക്ക് നോക്കി കിടക്കുന്നു.
തെരുവില്‍
തിരകളൊഴിഞ്ഞ തോക്കുമായ് നില്‍ക്കുന്ന
വേട്ടക്കാരനെ നോക്കി
മലാലയെന്ന പതിന്നാലുകാരി ചിരിച്ച് മറിയുന്നു.
ഒരു ലോകം മുഴുവന്‍
അവളോടൊപ്പം ചിരിക്കുന്നു.
കായല്‍ അവളുടെ മുറിവുകളെ
ജലത്തിലേക്കൊഴുക്കുന്നു
ജലം അവളെ പുല്കിയുറക്കുന്നു.
അവള്‍
തുടിച്ച് പായുന്ന മീന്കൂട്ടമായും
നിലാവിനെ തൊടാനായുന്നൊരേറ്റമായും
ജലത്തിലലിഞ്ഞോരുപ്പായും
പുനര്‍ജനിക്കുന്നു.
ഇപ്പോഴവള്‍ ജലത്തെ പുല്കിയുറക്കുന്നു.
പുതിയ ഭൂമിയുടെ കവാടങ്ങളില്‍
കാവല്‍ നില്‍ക്കുന്നു മലാല.
ഭൂമിയെ ചുറ്റുന്ന കിടങ്ങുകളില്‍
ഒഴുകി നിറയുന്നു കായല്‍.
മുഴുവനായും തുറന്ന
ഒരു കണ്ണായും
ഉറുമ്പിനോടും സംവദിക്കുന്ന
ഒരു കാതായും
പല കാലങ്ങളില്‍
ചില പെണ്‍കുട്ടികള്‍.
*കായല്‍ : സാറാ ജോസഫിന്റെ ആതി എന്ന നോവലിലെ കഥാപാത്രമായ പെണ്‍കുട്ടി. നഗരത്തില്‍ വച്ച് പലരാല്‍ പീഡിപ്പിക്കപ്പെട്ട കായല്‍ ജലസാന്ത്വനം തേടി അമ്മയോടൊപ്പം ആതി എന്ന ജല സാമ്രാജ്യത്തിലേക്ക് എത്തുന്നത് ആതിയിലെ ഉപകഥകളിലൊന്ന്. ആതിയിലെ ജലത്തിന്റെ താളവും സൌന്ദര്യവുമാണ് മൌനത്തിന്റെയും വേദനയുടെയും ആഴങ്ങളില്‍ നിന്ന് കായലിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരുന്നത് . ഇവിടെ കായല്‍ ഒരേ സമയം ഒരു പെണ്‍കുട്ടിയെയും പ്രകൃതിയെയും പ്രതിനിധാനം ചെയ്യുന്നു.
**മലാല യൂസഫ്സായ് : താലിബാന്റെ വെടിവയ്പ്പില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പതിന്നാലുകാരി പെണ്‍കുട്ടി. താലിബാന്‍ കേന്ദ്രമായ പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള അവകാശ സമരത്തിലെ സജീവ പ്രവര്‍ത്തക. മലാല ജീവിതത്തിലേക്ക് തിരികെ വന്നാല്‍ വീണ്ടും വധശ്രമം ഉണ്ടാവുമെന്ന് താലിബാന്റെ ഭീഷണി . പാകിസ്താന്‍ മാത്രമല്ല ലോകം മുഴുവന്‍ അവള്‍ മടങ്ങി വരാന്‍ പ്രാര്‍ഥിക്കുന്നു.