Sunday, November 11, 2012

പാതി മാഞ്ഞ ഒരു ഉടല്‍

പച്ച പുതച്ച് നില്‍ക്കുന്നു 
പാതി പൊളിഞ്ഞ വീട് 
കുഞ്ഞുങ്ങളോടുന്ന പോലെ 
പടരുന്നു വള്ളികള്‍.
കിടപ്പ്‌ മുറിയില്‍ ഒരാല്‍മരത്തൈ 
വേരാഴ്ത്തി നില്‍ക്കുന്നു.
ഓടിളകിയ തറയില്‍ 
പുല്ല്, പുല്‍ച്ചാടി. 

ചായമടര്‍ന്ന ചുവരുകളില്‍    
കുടിയിറക്കപ്പെട്ട 
കൂറകള്‍, ഉറുമ്പുകള്‍.
കാടിഴയുന്ന മുറ്റത്ത് 
പലര്‍, പലപ്പോഴായി 
വലിച്ചെറിഞ്ഞ വസ്തുക്കള്‍.

ഉടല്‍ പോയ മേല്‍ക്കൂരയില്‍ 
കാലം കൂട്ടിവയ്ക്കുന്നു 
നിലംതൊടാമണ്ണ്, അതിലും 
ആകാശത്തിന്റെ കണ്ണ്.

വാതിലുകളും ജനാലകളുമില്ലാത്ത 
മുറികളിലുറങ്ങുന്നു 
എല്ലാ നൊമ്പരങ്ങളുടെയും വെയില്‍.

പാതി പൊളിഞ്ഞ വീട് 
ഒരു തൊട്ടാവാടിച്ചെടി;
ഒന്ന് തൊട്ടതും 
ഓര്‍മ്മകളില്‍ വാടി നില്‍ക്കുന്നു. 

പാതി പൊളിഞ്ഞ വീട് 
ഒരു ചിതല്‍പ്പുറ്റ്,
തുടുമിന്നല്‍പ്പിണരിലും 
ധ്യാനം തുടരുന്നു; ഏത് 
മഴയും നനഞ്ഞ് നില്‍ക്കുന്നു.

പാതിരാവില്‍ 
പാതി പൊളിഞ്ഞ വീട്ടില്‍ 
തിളങ്ങുന്നു 
ചാക്കില്‍ കെട്ടിയാരോ 
വലിച്ചെറിഞ്ഞ പൂച്ചയുടെ 
ഇളംപച്ചക്കണ്ണുകള്‍.