പഴയ കടലാസുകെട്ടുകള്‍ക്കിടയില്‍ നിന്ന്
തുറക്കാത്ത ഒരു കവര്‍ കിട്ടി
തൊട്ടു നോക്കി.
കത്തല്ല, കാര്‍ഡുമല്ല .
ഉള്ളിലറിയാമതിന്റെ മിനുസം.
പഴയ വിനോദയാത്രാചിത്രങ്ങളെന്നോര്ത്തു
ദൂരെ എവിടെയോ നിന്നൊരു സ്കൂള്‍ പാട്ട് കേട്ടു
പുറത്തേക്കെടുക്കുമ്പോള്‍ കൂടെ മൂളി..
എന്റെ കണ്ണുകളില്‍
പല നിറങ്ങളുള്ള ഒരു മോസയിക്കില്‍
കിടക്കുന്നൊരു ജഡത്തിന്റെ ചിത്രം.
വെളുത്ത തുണിയില്‍ പൊതിഞ്ഞിരിക്കുന്നു
അടുത്ത് കത്തുന്നു ഒരു നിലവിളക്ക്.
എന്റെ ശ്വാസത്തില്‍
പതിനഞ്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ്,
അകത്തും പുറത്തും
കാര്‍മേഘങ്ങള്‍ നിറഞ്ഞ ഒരു മഴപ്പകലില്‍,
ഒരു വീട്ടിലെരിഞ്ഞ ചന്ദനത്തിരികളുടെ ഗന്ധം.
എന്റെ ചുണ്ടുകളില്‍ വിറ.
ആ പകലിലാണ്
മങ്ങുന്ന കണ്ണുകളോടെയും
പതയുന്ന ചുണ്ടുകളോടെയും
മരണം, എന്റെ മടിയിലേക്ക് വന്ന് വീണത്.
ആ രാത്രിയിലാണ്
കഥകള്‍ പറയാനറിയാത്ത
ഒഴിഞ്ഞൊരു കിടക്കയ്ക്കൊപ്പം
ആദ്യമായ് ഒറ്റയ്ക്കുറങ്ങിയത് .
പിന്നീട് വന്നു
അപ്പൂപ്പന് താടികള്‍ പാറിപ്പോയ പകലുകള്‍,
പിന്നീട് വന്നു
കറുകറുത്ത ഇഴകളുമായി രാത്രികള്‍.
അന്നൊരുനോക്കു കണ്ടു,
ഇന്നൊരു ചിത്രം അത് മരണമെന്നുറപ്പിച്ചു .
ഒരു പൊട്ടിത്തെറി, എവിടെയോ.
ഒരു വീടിന്റെ ചുമരുകളില്‍ വിള്ളല്‍.
ഉറങ്ങുന്നൊരു കുഞ്ഞ് കണ്ണ് തുറക്കുന്നു, കരയുന്നു.
എന്റെ കണ്ണുകളടയുന്നു
പോയ കാലത്തിന്റെ ചീളുകള്‍
മേലാകെത്തറയ്ക്കുന്നു .
ഉള്ളില്‍ നിന്നും
ചെന്നിറത്തില്‍ ചോര പൊടിയുന്നു
എന്നാല്‍, അതിന്റെ ചിത്രം പതിയുന്നു
കറുപ്പിലും വെളുപ്പിലും.