Sunday, March 6, 2011

ബ്ലാക്ക് & വൈറ്റ്

പഴയ കടലാസുകെട്ടുകള്‍ക്കിടയില്‍ നിന്ന്‍
തുറക്കാത്ത ഒരു കവര്‍ കിട്ടി
തൊട്ടു നോക്കി.
കത്തല്ല, കാര്‍ഡുമല്ല .
ഉള്ളിലറിയാമതിന്റെ  മിനുസം.
പഴയ വിനോദയാത്രാചിത്രങ്ങളെന്നോര്ത്തു
ദൂരെ എവിടെയോ നിന്നൊരു സ്കൂള്‍ പാട്ട് കേട്ടു
പുറത്തേക്കെടുക്കുമ്പോള്‍  കൂടെ മൂളി..

എന്റെ കണ്ണുകളില്‍ 
പല നിറങ്ങളുള്ള ഒരു മോസയിക്കില്‍ 
കിടക്കുന്നൊരു ജഡത്തിന്റെ ചിത്രം.
വെളുത്ത തുണിയില്‍ പൊതിഞ്ഞിരിക്കുന്നു 
അടുത്ത് കത്തുന്നു ഒരു നിലവിളക്ക്.

എന്റെ ശ്വാസത്തില്‍ 
പതിനഞ്ച് കൊല്ലങ്ങള്‍ക്ക് മുന്പ്,
അകത്തും പുറത്തും 
കാര്‍മേഘങ്ങള്‍ നിറഞ്ഞ ഒരു മഴപ്പകലില്‍,
ഒരു വീട്ടിലെരിഞ്ഞ ചന്ദനത്തിരികളുടെ  ഗന്ധം.

എന്റെ ചുണ്ടുകളില്‍ വിറ.

ആ പകലിലാണ് 
മങ്ങുന്ന കണ്ണുകളോടെയും
പതയുന്ന ചുണ്ടുകളോടെയും 
മരണം, എന്റെ മടിയിലേക്ക് വന്ന്‍ വീണത്. 
ആ രാത്രിയിലാണ് 
കഥകള്‍  പറയാനറിയാത്ത  
ഒഴിഞ്ഞൊരു കിടക്കയ്ക്കൊപ്പം
ആദ്യമായ് ഒറ്റയ്ക്കുറങ്ങിയത്  . 

പിന്നീട്  വന്നു 
അപ്പൂപ്പന്‍ താടികള്‍  പാറിപ്പോയ പകലുകള്‍,
പിന്നീട് വന്നു 
കറുകറുത്ത  ഇഴകളുമായി രാത്രികള്‍. 

അന്നൊരുനോക്കു കണ്ടു,
ഇന്നൊരു  ചിത്രം അത് മരണമെന്നുറപ്പിച്ചു .

ഒരു പൊട്ടിത്തെറി, എവിടെയോ.
ഒരു വീടിന്റെ ചുമരുകളില്‍ വിള്ളല്‍.
ഉറങ്ങുന്നൊരു കുഞ്ഞ്‌ കണ്ണ്‍ തുറക്കുന്നു, കരയുന്നു.
എന്റെ കണ്ണുകളടയുന്നു
പോയ കാലത്തിന്റെ ചീളുകള്‍ 
മേലാകെത്തറയ്ക്കുന്നു .
ഉള്ളില്‍ നിന്നും 
ചെന്നിറത്തില്‍  ചോര പൊടിയുന്നു 
എന്നാല്‍, അതിന്റെ ചിത്രം പതിയുന്നു 
കറുപ്പിലും വെളുപ്പിലും. 

20 comments:

 1. i was looking for some old papers in my almirah at home few months back.. i got hold of a cover and thinking that it must be some old photographs from school i opened it..i had infront of me photos of my grandfather on the day he died, or rather the photos of his corpse lying in the floor of our home. one of our neighbours had brought a local photographer that day to take the photos..i still dont know why he did that..few days later he came and gave us the cover with the photos..nobody at home dared to open it and see them...the cover stayed like that for 15 years before i opened it that day..by this time i had forgotten all about its existence...and it was a shock to me that day to see the photos..and all the memories of that day flowed back to me..he died of heart attack...he collapsed into my hands..i was seeing death at such close quarters for the first time in my life..and that too a person who was so close to me...he was the one who brought me up as a child..since both my parents were working...he had long white beard..my cousins called him thadi appooppan...he was a writer, not a very well known person, but well known in a certain time and space...i grew up seeing him reading and writing throughout the day..we shared the same room, he taught me and told stories to me..he influenced me a lot..

  ReplyDelete
 2. സിനിമയിലെപ്പോലെ ജീവന്‍വെച്ച് പതഞ്ഞുയരുന്നു കറുപ്പിലും വെളുപ്പിലും നിന്ന് ചെന്നിറത്തില്‍ ഓര്‍മ്മയുടെ ചോര. സത്യത്തില്‍, ഓര്‍മ്മകളുടെ ഭാരം തന്നെയാവണം നിത്യജീവിതത്തിന്റെ ചുഴലികളില്‍ പാറിപ്പോവാതെ നമ്മെ ഉറപ്പിച്ചു നിര്‍ത്തുന്നത്. ചിത്രങ്ങളായും വാക്കുകളായും ജീവിതത്തിന്റെ വക്കുകളില്‍ മറഞ്ഞിരിക്കുന്നു മരണത്തിലേക്കു നടന്നുപോയ ഉറ്റവര്‍. കഥപറഞ്ഞുറക്കാന്‍ അറിയാത്ത ഒഴിഞ്ഞ കിടക്കയുടെ നിശ്ശൂന്യത കലര്‍ന്ന വരികളില്‍നിന്ന് ഞാനും തിരിച്ചെടുക്കുന്നു, ഇപ്പോഴില്ലാത്ത അമ്മ പറയാനിരുന്ന കുഞ്ഞിക്കഥകള്‍.

  ReplyDelete
 3. കറുപ്പിലും വെളുപ്പിലും പ്രിയപ്പെട്ടവരുടെ വേർപാട് മനസ്സിൽ മുദ്രിതമാകുന്നു, ഒരിക്കലും മായാതെ. 15 വർഷത്തിനു ശേഷം ആ പൊതി തുറന്നപ്പോൾ ഉണ്ടായ വികാരങ്ങൾ- ഊഹിക്കാനാകും കൊച്ചുമകളുടെ മനസ്സിന്റെ വേപഥു.

  ReplyDelete
 4. ആ രാത്രിയിലാണ്
  കഥകള്‍ പറയാനറിയാത്ത
  ഒഴിഞ്ഞൊരു കിടക്കയ്ക്കൊപ്പം
  ആദ്യമായ് ഒറ്റയ്ക്കുറങ്ങിയത് .

  വികാരവിചാരങ്ങള്‍ കവിതയായപ്പോള്‍ ...............

  ReplyDelete
 5. ഒരു നൊമ്പരം ബാക്കി .

  ReplyDelete
 6. your post has touched my heart in a different tune.very touching.mera aankh bhar gaya.
  regards.

  ReplyDelete
 7. ചിലസങ്കടങ്ങള്‍ ഒരു ദുസ്വപ്നമായിരുന്നെന്ന് മനസ്സിനെ വെറുതെ വിശ്വസിപ്പിക്കാന്‍ തെളിവുകള്‍ ഇല്ലാത്തതാണ് നല്ലത്.

  ReplyDelete
 8. നല്ല കവിത.

  സ്വപ്നമെന്ന് വിചാരിച്ചവ ( അല്ലെങ്കില്‍ വിശ്വസിക്കാന്‍ സ്രമിച്ചവ) യാഥാര്‍ത്യമെന്നതിന് തെളിവുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന വികാരം അതും ദു:ഖകരം ആകുമ്പോള്‍ ഈ കവിതയാകും.

  ReplyDelete
 9. പോയ കാലത്തിന്റെ ചീളുകള്‍
  മേലാകെത്തറയ്ക്കുന്നു..

  ReplyDelete
 10. മരണം ചില തെളിവുകള്‍ അവശേഷിപ്പിക്കുന്നു അല്ലെ !!

  ReplyDelete
 11. ഓര്‍മ്മകള്‍ തെളിയുന്നത് പലപ്പോഴും നൊമ്പരത്തിന്റെ മേമ്പൊടിയോടെ..
  നല്ല വരികള്‍.

  ReplyDelete
 12. ആ കാഴ്ച കണ്മുന്നില്‍ കണ്ടപോലെ...

  ReplyDelete
 13. പോയ കാലത്തിന്റെ ചീളുകള്‍

  ReplyDelete
 14. നൊമ്പരത്തിന്റെ ഓര്‍മ്മച്ചിത്രങ്ങളില്‍ കണ്ണുനീര്‍ പടരുന്നു.

  ReplyDelete
 15. ഹൃദയചിത്രങ്ങൾ കറുപ്പിലും വെളുപ്പിലും.

  ReplyDelete
 16. "he taught me and told stories to me..he influenced me a lot.."

  Chithra,

  He influenced me too a lot...

  ReplyDelete
 17. chithra...memories came flooding into my heart,and trickled down my eyes...couldn't bid him a final goodbye but felt like i was there doing it when i read this.
  i too had copied some of his literary creations for printing.Day before yesterday i got a photo of appuppan and kunji chithra from an old album. what a coincidence!yesterday i happened to see ur poem too....
  umma....

  ReplyDelete