ചുരമെന്ന കവിത
തുടങ്ങുന്നതിവിടെ,
ഒടുങ്ങുന്നതും.
പച്ചയ്ക്കെന്തൊരു പച്ച!
നോക്കി നോക്കിയിരുന്നാല്‍
ഞരമ്പിലോടുന്ന ചോര പോലും
പച്ച ചൊരിയും.
വേര് നീട്ടി ഇലകളാട്ടി
വായിക്കുന്നവളൊരു കാട്ടുമരമാകും.
ഉയരത്തിനെന്തൊരുയരം!
പക്ഷിക്കണ്ണായ് പറക്കും
ആകാശം മുട്ടുമുന്മാദം;
വേരുകള്‍ തേടിപ്പോകും
വരികളുടെ കാതല്‍.
ആഴത്തിനെന്തൊരാഴം!
ആത്മഹത്യാമുനമ്പാണ്;
റിവേഴ്സ് ഗിയറില്‍
മരണത്തിലേക്ക് കുതിച്ച
കമിതാക്കള്‍ വന്ന്‍ ചിരിക്കും,
വെറുതെ വെറുതെ ക്ഷണിക്കും.
ചത്തിട്ടും ചീയാത്ത
കവിതകള്‍ വായിക്കും.
കറുപ്പും വെളുപ്പും
മാറിമാറിപ്പൂക്കും .
കറുത്ത പൂക്കള്‍ക്കെന്തൊരു കറുപ്പ്!
പകലിലിരുണ്ട അര്‍ത്ഥങ്ങള്‍
ഇരുളില്‍ മിന്നാമിന്നികളാവും
ആകാശത്തോളവും മിന്നും.
ചുരം കഴിഞ്ഞാലും
വായുവില്‍ തങ്ങിനില്‍ക്കും
വളവിനപ്പുറം
കാപ്പി പൂത്ത മണം.