കൊടുങ്കാട്ടിലകപ്പെട്ട്
ചിത്രകഥയിലെ കുട്ടി.
ഒരു വഴിയും
വാതില്‍ തുറന്നിറങ്ങുന്നില്ല.
ഓരോ വഴിയും
വാല് വിഴുങ്ങിക്കിടക്കുന്ന
പാമ്പിന്‍ കുരുക്കുകള്‍.
പുറത്തേയ്ക്ക് വഴിയില്ല, പുറമില്ല,
അകമല്ലാതൊന്നുമില്ലെന്നറിഞ്ഞതും
കാലില്‍ കുരുങ്ങി കാട്ടുവള്ളികള്‍.
കീഴ്മേല്‍ മറിഞ്ഞു കെട്ട കാഴ്ചകള്‍.
തല കീഴായി കിടക്കുന്നത്
കാട്ടിലകപ്പെട്ട കുട്ടിയല്ല,
ഞാനാണാ വേതാളം.
കഥ പറഞ്ഞു കഥ പറഞ്ഞു
കടങ്കഥയായി മാറിയതാണ്.
കണ്ണടച്ചടച്ചിരുട്ടാക്കി
കടവാവലായി തൂങ്ങിയതാണ്.
നിലം തൊട്ടു കിടക്കുന്നു.
നനഞ്ഞ മണ്ണിന്റെ ഗന്ധം;
ഭൂമി അത്രമേലത്രമേലരികില്‍.
ചവിട്ടി മെതിച്ച പുല്ലുകളിപ്പോള്‍
കണ്ണില്‍ തളിരിട്ട് നില്‍ക്കുന്നു.
പണ്ടുള്ള പോലെ
പാറയായുറഞ്ഞ കാലുകളില്ല.
ഉള്ളില്‍ നിന്നും മണ്ണിലേക്ക്
നീളുന്ന വേരുകളിലൂടെയാണ്
ഇപ്പോള്‍ യാത്രകള്‍.
ഏതിരുട്ടിലുമേത് നാട്ടിലും
നിന്റെ വേരുകളോളം
പടര്‍ന്നു പടര്‍ന്ന് അവ.
ആഴങ്ങളില്‍, ഒടുക്കമില്ലാത്ത
കാമനകളുടെ പടലങ്ങള്‍.
ആരുമാരുമറിയാതെ
മണ്ണെഴുതുന്ന കവിതകള്‍.
ഭൂമി പിളര്‍ന്നു പോകുന്നവരുടെ വീഞ്ഞറ;
കണ്ടെത്തുന്നവരുടെ മാത്രം ലഹരി.
കണ്ണിലിപ്പോള്‍ ആകാശത്തിന്റെ
ഭ്രമിപ്പിക്കുന്ന നീലയില്ല; ഉള്ളത്
തളിരിലകളുടെ ചന്തം;കാതിലവയുടെ
മുള പൊട്ടുന്നതിന്‍ പാട്ട് ;പാട്ടിന്റെയലകള്‍
നിന്നെ വന്നു തൊടുമ്പോഴുള്ള
മദിപ്പിക്കുന്ന ആഹ്ലാദം.
മണ്ണിരകള്‍ പണിയുന്ന
കുഞ്ഞു കൂരകളിലാണ്
ഇനി മുതല്‍ വാസം.