തെരുവിലെ സ്ഫോടനത്തില്‍
തെറിച്ചു പോയ
കാലുകളുടെ എകാന്തതയോളം
വരുമോ
സമുദ്രങ്ങളാല്‍ വിഭജിക്കപ്പെട്ട
എന്റെയും നിന്റെയും ഏകാന്തത?
ഒരു നിമിഷം മുന്‍പും
ഒന്നിച്ച് വച്ച ചുവടുകള്‍!
നിമിഷങ്ങള്‍ക്ക് ശേഷവും
ഉടല്‍ തേടിയുള്ള ആ പിടച്ചില്‍!
എങ്കിലും
രക്തക്കറകള്‍ മായ്ക്കുന്ന
മഴയുടെ അരാഷ്ട്രീയതയെ
കുറിച്ചല്ലെന്റെ വാക്കുകള്‍.
കാഴ്ചയല്ല,
കാഴ്ച്ചക്കാരിയാണ് ഞാന്‍.
ചിതറിക്കിടക്കുന്ന ആ ശവം,
ഈ നിമിഷം വരെയെങ്കിലും എന്റേതല്ല.
ചോര വഴുക്കുന്ന തെരുവുകളില്‍
പഴയ പിടച്ചിലുകള്‍ക്കൊപ്പം
നടന്ന്‍ പോകുന്നു വീണ്ടും.