ഞാന്‍ വഴിയരികിലെ ഒരു മരം, സ്വയം
തണല്‍ കൊണ്ട് അടയാളപ്പെടുത്തിയില്ല;
ഫലം കൊണ്ടും.
ചുമലില്‍ കാലത്തിന്റെ മഴുവേറ്റി
കടന്ന്‍ പോകുന്നു നീ.
ഒരു പോറല്‍ പോലുമേല്ക്കാതെ
ഞാന്‍ വേരറ്റ് കിടക്കുന്നു .
നിന്റെ തെരുവുകളില്‍ ഞാന്‍
കാറ്റത്ത് പാറുന്ന ഒരില.
പച്ച, മഞ്ഞ, ചുവപ്പ്..
കൊടും ശൈത്യത്തിലുമെന്റെ
ഋതുക്കള്‍ പൂര്‍ത്തിയാവുന്നു.
ഞാനെന്റെ മേല്‍ തന്നെ
തണുത്തുറഞ്ഞു കിടക്കുന്നു,
ഏത് വസന്തത്തിലും.
പൂക്കള്‍
നിറങ്ങളുരിഞ്ഞെറിയുന്നു;
ചിരിക്കുന്നു.
കറുത്ത പരിഹാസം,
വെളുത്ത നിസ്സംഗത.
ഉള്ളില്‍, മരതകക്കണ്ണുകളുള്ള
ഒരു മരംകൊത്തി
സ്വര്‍ഗ്ഗവും നരകവും
കൊത്തുന്നതിന്‍ ശബ്ദം.
പ്രിയമുള്ള ഒരു സ്വരം
പൊഴിഞ്ഞുള്ളിലേക്ക്
ആഴത്തിലാഴത്തില്‍
വീഴുന്നതിന്‍ ശബ്ദം.
ജീവിതം
മരണത്തെക്കാള്‍
നിശബ്ദം.