വാക്ക്
വിഴുങ്ങി വിഴുങ്ങി
പള്ള
വീര്‍ത്ത് വീര്‍ത്ത്
പായുന്നു ഒരു വണ്ടി;
ഇടയ്ക്കൊരു വാക്ക്
വിതുമ്പിക്കൊണ്ടിറങ്ങുന്നു.
വിളക്ക് കാലിലെ കനല്‍
നെഞ്ചില്‍ ചുവക്കുന്നു;
വരി മുറിച്ചെത്താന്‍
ഒരു വാക്ക്
പച്ച കാത്ത് നില്‍ക്കുന്നു.
പൊള്ളലേറ്റ്
പിടഞ്ഞവര്‍ക്കുള്ളില്‍
പോളച്ച് കിടക്കുന്നു വാക്കുകള്‍;
ഉരുകിയുരുകിയുരുകി
വാക്കിന്‍ ലാവയൊഴുകുന്നു.
കലയ്ഡോസ്കോപ്പിലെ
കുപ്പിവളപ്പൊട്ടുകള്‍ പോലെ
വാക്കുകള്‍;
തമ്മിലുരുമ്മിയും
തൊട്ട് ചിതറിയും
ഓര്‍മ്മകളുടെ
ഒപ്പീസ് പാടുന്നു.