Monday, May 14, 2012

ദമന്‍ (Daman)

വഴിയില്‍ കണ്ട 
തൊലിയിരുണ്ട മനുഷ്യരുടെ 
കണ്ണേറില്‍, ചിരിയില്‍ 
ഉപ്പ് പരലുകള്‍.
*****
യാത്രയില്‍, ഇരുവശങ്ങളില്‍ 
മൌനമായിരിക്കുന്ന 
ഉപ്പ് കൂനകള്‍; അവയ്ക്കുള്ളില്‍ 
പ്രക്ഷുബ്ദമായ ഒരു കടല്‍. 
*****
പച്ച വളയിട്ട കൈകളില്‍ 
പച്ചിലത്തണ്ടില്‍  പൊതിഞ്ഞ 
ചാമ്പയ്ക്ക, ഞാവല്‍പ്പഴം,
നൊങ്ക്;
ചങ്കിലെ നീരൂറ്റിത്തന്ന്‍  ചാമ്പ 
നാവില്‍ ചോരയിറ്റിച്ച് ഞാവല്‍ 
ചേര്‍ത്ത് പിടിച്ചിട്ടും വഴുതിപ്പോകുന്ന 
പ്രിയമുള്ള ഒരോര്‍മ്മ പോലെ നൊങ്ക് 
നാവിലെ മുകുളങ്ങളില്‍ 
രസങ്ങളുടെ ഒരു മോക്ക്ടെയില്‍.
*****
മത്സ്യങ്ങള്‍ 
കടലിറങ്ങി വന്ന്‍
വില്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന 
മീന്‍കാരിപ്പെണ്ണുങ്ങളുടെ 
ഗന്ധമായിപ്പടരുന്നു.
വിയര്‍പ്പ്, മീന്മണം, ഉപ്പ് കാറ്റില്‍ 
തീക്ഷ്ണഗന്ധങ്ങളുടെ ഉന്മാദം.
*****
പറങ്കിയുടെ കോട്ടകളില്‍ 
ചരിത്രം 
ആലിന്‍ തൈയായ് 
കല്ലില്‍ മുളയ്ക്കുന്നു,
കാറ്റായ് കുറുകിനില്‍ക്കുന്നു,
കാഴ്ചയായ് കൂടെ നടക്കുന്നു.
*****
തകര്‍ന്ന എടുപ്പുകള്‍ 
ശൂന്യമായ വീടുകള്‍ 
ദമന്‍, കാല്‍പ്പെരുമാറ്റം 
അകന്നകന്ന്‍  പോകുന്ന  
ഒരു കാഴ്ചബംഗ്ലാവ്. 
*****
കെട്ട് വിട്ട 
വലക്കണ്ണികള്‍ തുന്നുന്നു 
കെട്ടുവള്ളക്കാര്‍;
ചതുരക്കള്ളികളില്‍
അസ്തമയമടുത്ത
ഒരു അഴിമുഖം.
*****
കടല്‍സന്ധ്യ.
തിരകള്‍ക്കാഹ്ലാദം,
കുഞ്ഞുങ്ങള്‍ക്കാഹ്ലാദം.
തിരത്തളളലില്‍ 
ആകെ നനഞ്ഞ ഒരു സൂര്യന്‍,
മേഘത്തുണ്ടുകള്‍ 
കൊണ്ട് നാണം മറയ്ക്കുന്നു.
കടലിലേക്കുരുകി  വീഴുന്നു,
തീത്തുള്ളികള്‍.
*****
ദമന്‍, നിറഞ്ഞൊഴുകുന്ന 
ഒരു വീഞ്ഞുകോപ്പ.
രാവേറെയും മധുശാലകള്‍
ഉണര്‍ന്നിരിക്കുന്നു, വണ്ടുകള്‍ 
മൊത്തിമൊത്തിക്കുടിക്കുന്നു 
ലഹരിയുടെ 
അവസാനത്തെ തുള്ളിയും.
*****
പ്രഭാതം,
രത്നാഭായിയുടെ 
ഉപ്പുപരല്‍ ചിരി.
കണവനെക്കൊണ്ട് പോയ 
കടലിനെ വെല്ലാന്‍ 
കരയില്‍ ലഹരി വില്‍ക്കുന്നവള്‍.
കടല്‍ക്കരയിലവള്‍  നിരത്തുന്നു
വീഞ്ഞിന്‍ കുപ്പികള്‍.
രത്നാഭായിയുടെ സാരിത്തലപ്പ് 
കാറ്റില്‍ മത്ത് പിടിച്ചുയരുന്നു. 
*****
വേലിയിറക്കത്തിലെ
കടല്‍ത്തീരം;
വെളിവാകുന്നു 
അടിത്തട്ടിലെ മണല്‍ത്തിട്ട 
ചിതറിക്കിടക്കുന്ന ശംഖുകളില്‍
അരപ്രാണനായ ജീവന്‍, 
അവയുടെ കാതുകളില്‍ 
വേലിയേറ്റത്തിന്റെ  മുരള്‍ച്ച.
*****
മടക്കം 
തീവണ്ടിയുടെ രൂപമുള്ള 
ആള്‍ത്തിരക്കില്‍,
അന്നത്തെ വേല 
കഴിഞ്ഞ് വരുന്നവരുടെ 
വിയര്‍പ്പിലൊട്ടിയൊട്ടി.
രണ്ട് നാളത്തെ 
പലായനത്തിനൊടുക്കം, മടക്കം. 
അന്യന്റെ മുഖത്തേല്‍ക്കുന്ന വെട്ട് 
തൂവല്‍ സ്പര്‍ശമാവുന്ന ചിന്തയിലേക്ക്;
അപരന്റെ നിലവിളി
കാതുകള്‍ക്ക് സംഗീതമാവുന്ന 
കാലത്തിലേക്ക്. 
*****