Monday, May 14, 2012

ദമന്‍ (Daman)

വഴിയില്‍ കണ്ട 
തൊലിയിരുണ്ട മനുഷ്യരുടെ 
കണ്ണേറില്‍, ചിരിയില്‍ 
ഉപ്പ് പരലുകള്‍.
*****
യാത്രയില്‍, ഇരുവശങ്ങളില്‍ 
മൌനമായിരിക്കുന്ന 
ഉപ്പ് കൂനകള്‍; അവയ്ക്കുള്ളില്‍ 
പ്രക്ഷുബ്ദമായ ഒരു കടല്‍. 
*****
പച്ച വളയിട്ട കൈകളില്‍ 
പച്ചിലത്തണ്ടില്‍  പൊതിഞ്ഞ 
ചാമ്പയ്ക്ക, ഞാവല്‍പ്പഴം,
നൊങ്ക്;
ചങ്കിലെ നീരൂറ്റിത്തന്ന്‍  ചാമ്പ 
നാവില്‍ ചോരയിറ്റിച്ച് ഞാവല്‍ 
ചേര്‍ത്ത് പിടിച്ചിട്ടും വഴുതിപ്പോകുന്ന 
പ്രിയമുള്ള ഒരോര്‍മ്മ പോലെ നൊങ്ക് 
നാവിലെ മുകുളങ്ങളില്‍ 
രസങ്ങളുടെ ഒരു മോക്ക്ടെയില്‍.
*****
മത്സ്യങ്ങള്‍ 
കടലിറങ്ങി വന്ന്‍
വില്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന 
മീന്‍കാരിപ്പെണ്ണുങ്ങളുടെ 
ഗന്ധമായിപ്പടരുന്നു.
വിയര്‍പ്പ്, മീന്മണം, ഉപ്പ് കാറ്റില്‍ 
തീക്ഷ്ണഗന്ധങ്ങളുടെ ഉന്മാദം.
*****
പറങ്കിയുടെ കോട്ടകളില്‍ 
ചരിത്രം 
ആലിന്‍ തൈയായ് 
കല്ലില്‍ മുളയ്ക്കുന്നു,
കാറ്റായ് കുറുകിനില്‍ക്കുന്നു,
കാഴ്ചയായ് കൂടെ നടക്കുന്നു.
*****
തകര്‍ന്ന എടുപ്പുകള്‍ 
ശൂന്യമായ വീടുകള്‍ 
ദമന്‍, കാല്‍പ്പെരുമാറ്റം 
അകന്നകന്ന്‍  പോകുന്ന  
ഒരു കാഴ്ചബംഗ്ലാവ്. 
*****
കെട്ട് വിട്ട 
വലക്കണ്ണികള്‍ തുന്നുന്നു 
കെട്ടുവള്ളക്കാര്‍;
ചതുരക്കള്ളികളില്‍
അസ്തമയമടുത്ത
ഒരു അഴിമുഖം.
*****
കടല്‍സന്ധ്യ.
തിരകള്‍ക്കാഹ്ലാദം,
കുഞ്ഞുങ്ങള്‍ക്കാഹ്ലാദം.
തിരത്തളളലില്‍ 
ആകെ നനഞ്ഞ ഒരു സൂര്യന്‍,
മേഘത്തുണ്ടുകള്‍ 
കൊണ്ട് നാണം മറയ്ക്കുന്നു.
കടലിലേക്കുരുകി  വീഴുന്നു,
തീത്തുള്ളികള്‍.
*****
ദമന്‍, നിറഞ്ഞൊഴുകുന്ന 
ഒരു വീഞ്ഞുകോപ്പ.
രാവേറെയും മധുശാലകള്‍
ഉണര്‍ന്നിരിക്കുന്നു, വണ്ടുകള്‍ 
മൊത്തിമൊത്തിക്കുടിക്കുന്നു 
ലഹരിയുടെ 
അവസാനത്തെ തുള്ളിയും.
*****
പ്രഭാതം,
രത്നാഭായിയുടെ 
ഉപ്പുപരല്‍ ചിരി.
കണവനെക്കൊണ്ട് പോയ 
കടലിനെ വെല്ലാന്‍ 
കരയില്‍ ലഹരി വില്‍ക്കുന്നവള്‍.
കടല്‍ക്കരയിലവള്‍  നിരത്തുന്നു
വീഞ്ഞിന്‍ കുപ്പികള്‍.
രത്നാഭായിയുടെ സാരിത്തലപ്പ് 
കാറ്റില്‍ മത്ത് പിടിച്ചുയരുന്നു. 
*****
വേലിയിറക്കത്തിലെ
കടല്‍ത്തീരം;
വെളിവാകുന്നു 
അടിത്തട്ടിലെ മണല്‍ത്തിട്ട 
ചിതറിക്കിടക്കുന്ന ശംഖുകളില്‍
അരപ്രാണനായ ജീവന്‍, 
അവയുടെ കാതുകളില്‍ 
വേലിയേറ്റത്തിന്റെ  മുരള്‍ച്ച.
*****
മടക്കം 
തീവണ്ടിയുടെ രൂപമുള്ള 
ആള്‍ത്തിരക്കില്‍,
അന്നത്തെ വേല 
കഴിഞ്ഞ് വരുന്നവരുടെ 
വിയര്‍പ്പിലൊട്ടിയൊട്ടി.
രണ്ട് നാളത്തെ 
പലായനത്തിനൊടുക്കം, മടക്കം. 
അന്യന്റെ മുഖത്തേല്‍ക്കുന്ന വെട്ട് 
തൂവല്‍ സ്പര്‍ശമാവുന്ന ചിന്തയിലേക്ക്;
അപരന്റെ നിലവിളി
കാതുകള്‍ക്ക് സംഗീതമാവുന്ന 
കാലത്തിലേക്ക്. 
*****

18 comments:

  1. മുംബയില്‍ നിന്ന് ദമനിലേക്കുള്ള (Daman & Diu) യാത്രയില്‍ കണ്ട കാഴ്ചകള്‍...

    ReplyDelete
  2. ദാമന്‍ ദിയു കേട്ടിടുണ്ട് ..നന്നായിടുണ്ട്

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. beautiful... will remain as one of my favourites. Thank you for translating the experience into words. Divya

    ReplyDelete
  6. നല്ല കണ്‍ കാഴ്ചകള്‍ ഒന്ന് ഒന്ന് മെച്ചം ആശംസകള്‍

    ReplyDelete
  7. അന്യന്റെ മുഖത്തേല്‍ക്കുന്ന വെട്ട്
    തൂവല്‍ സ്പര്‍ശമാവുന്ന ചിന്തയിലേക്ക്;
    അപരന്റെ നിലവിളി
    കാതുകള്‍ക്ക് സംഗീതമാവുന്ന
    കാലത്തിലേക്ക്......... good

    ReplyDelete
  8. നല്ല നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  9. കവിയുടെ കാഴ്ച്ചപ്പാടുകൾ!

    ReplyDelete
  10. Chithra,

    "പറങ്കിയുടെ കോട്ടകളില്‍
    ചരിത്രം
    ആലിന്‍ തൈയായ്
    കല്ലില്‍ മുളയ്ക്കുന്നു,
    കാറ്റായ് കുറുകിനില്‍ക്കുന്നു,
    കാഴ്ചയായ് കൂടെ നടക്കുന്നു."

    Beautiful!
    Travelogue becomes a beautiful poem.

    ReplyDelete
  11. ഇത്തരത്തില്‍ ഒരു നല്ല കവിത മെനഞ്ഞെടുത്തു വച്ചതിനു നന്ദി.
    ഇനിയും ഇനിയും ഉണ്ടാകട്ടെ ഇത്തരത്തിലുള്ള സൃഷ്ടികള്‍ ഇനിയും.

    വിനയത്തോടെ
    ഗിരീഷ്‌ കെ എസ്‌
    gireeshks.blogspot.in

    ReplyDelete
  12. ////ചിതറിക്കിടക്കുന്ന ശംഖുകളില്‍
    അരപ്രാണനായ ജീവന്‍,
    അവയുടെ കാതുകളില്‍
    വേലിയേറ്റത്തിന്റെ മുരള്‍ച്ച.///

    Amazing! :) really liked a lot...

    ReplyDelete
  13. തിരത്തളളലില്‍
    ആകെ നനഞ്ഞ ഒരു സൂര്യന്‍,
    മേഘത്തുണ്ടുകള്‍
    കൊണ്ട് നാണം മറയ്ക്കുന്നു....
    (ദമൻ മുറിഞ്ഞ ഒരോർമ്മ)

    ReplyDelete
  14. തര്‍ജ്ജനി വഴിയാണ് "രാമൊഴി" യിലെത്തിയത്. നല്ല ബിംബങ്ങള്‍,
    ആശയ സമൃദ്ധം. ഇത് രാമൊഴിയല്ല പകല്‍ മൊഴിതന്നെയാണ്. നല്ലത് വരട്ടെ.
    http://kulimury.blogspot.com/

    ReplyDelete
  15. നെഞ്ചിൽ കോറിയിട്ട വരികൾ

    ReplyDelete
  16. ആദ്യമായാണ് ഇവിടെ ബൈജു മണിയങ്കാല വഴി ഇവിടെ എത്തി ,, നല്ല ബ്ലോഗ്‌ .

    ReplyDelete
  17. ദമനിലേക്കൊരു യാത്ര പോയി വന്നു. കാവ്യമുണര്‍ത്തിയ കാഴ്ച്ചകള്‍ കണ്ട് മടങ്ങുന്നു..

    ReplyDelete
  18. കവിയുടെ യാത്ര കാവ്യാത്മകം

    ReplyDelete