Tuesday, December 25, 2012

പരദേശിയുടെ പാട്ട്

ട്രെയിനില്‍ 
'പര്‍ദേശി*' എന്ന് തുടങ്ങുന്ന പാട്ട് 
ഉടുക്ക് കൊട്ടി പാടുന്നവളെക്കുറിച്ച് 
എനിക്കെന്തറിയാം?
ആ പാട്ടെനിക്കിഷ്ടമാണെന്നല്ലാതെ 
ശ്രുതി തെറ്റാതൊരു വരി പാടാന്‍ 
അവള്‍ക്കറിയില്ലെന്നല്ലാതെ 
ചെവി പൊട്ടുന്നൊരൊച്ചയില്‍ പാടിയിട്ടും 
അവളുടെയൊക്കത്ത് 
തളര്‍ന്നുറങ്ങുന്ന കുഞ്ഞുണരുന്നില്ലെന്നല്ലാതെ 
വര്‍ഷങ്ങളായി അവളൊരേ പാട്ട് തന്നെ 
അപസ്വരത്തില്‍ പാടുന്നെന്നല്ലാതെ 
മുന്പ് കാണുമ്പോള്‍ അവള്‍ക്കൊപ്പം 
ഒരു കുഞ്ഞുണ്ടായിരുന്നില്ലെന്നല്ലാതെ,
അവളുടെ പാത്രത്തില്‍ വീഴുന്ന തുട്ടുകള്‍ക്ക് 
പാവ്ബാജിയുടെ രുചിയാണെന്നല്ലാതെ 
അവളുടെ പിഞ്ഞിത്തുടങ്ങിയ 
ഉടുപ്പുകള്‍ക്കുള്ളിലേക്ക് 
ഏത് ഡിസംബറിനേക്കാളും 
തണുപ്പുള്ള നോട്ടങ്ങള്‍ 
അരിച്ചിറങ്ങുന്നുവെന്നല്ലാതെ 
എന്തറിയാം അവളെക്കുറിച്ചെനിക്ക്? 

കണ്ണു പുളിക്കുന്ന വെയിലിലേക്കവള്‍ 
ഇറങ്ങിപ്പോയതിനു ശേഷവും 
'പര്‍ദേശി' യെന്ന പാട്ട് 
ജനലുകളിലൂടെയും വാതിലുകളിലൂടെയും 
ട്രെയിനിനുള്ളിലേക്ക് കയറിവരുന്നു.
ലസ്സി വില്‍ക്കുന്നവരുടെയും 
മധുര നാരങ്ങ വില്‍ക്കുന്നവരുടെയും 
ശബ്ദങ്ങള്‍ക്ക് മേലെ 
'പര്‍ദേശി'യെന്ന  പാട്ട് 
സ്വയം ശ്രുതി ചേര്‍ത്ത് 
താളമിട്ട് പാടിക്കൊണ്ടേയിരിക്കുന്നു.
വിശ്വാസങ്ങളെ തകര്‍ക്കരുതെന്ന്‍ 
മറന്ന്‍ കളയരുതെന്ന് 
ഓര്‍മ്മകളുണ്ടായിരിക്കണമെന്ന് 
പാടിക്കൊണ്ട്, ഒരു ജനത 
ഇരുള്‍ വീണ് കിടക്കുന്ന തുരങ്കങ്ങളിലൂടെ 
വെളിച്ചത്തിന്റെ പൊടി 
പാറുന്നിടം തേടി 
ഓടിക്കൊണ്ടേയിരിക്കുന്നു. 

* രാജഹിന്ദുസ്ഥാനി എന്ന ഹിന്ദി സിനിമയിലെ ഒരു ഗാനം

12 comments:

  1. "ഇരുള്‍ വീണ് കിടക്കുന്ന തുരങ്കങ്ങളിലൂടെ
    വെളിച്ചത്തിന്റെ പൊടി
    പാറുന്നിടം തേടി
    ഓടിക്കൊണ്ടേയിരിക്കുന്നു. "
    ജീവിതയാത്ര..............
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  2. വായിച്ചു കഴിഞ്ഞിട്ടും എവിടെയോ അവള്‍ പാടുന്നത് കേള്‍ക്കുന്നു...“പര്‍ദേശീ പര്‍ദേശീ ജാനാ നഹീ..”

    ReplyDelete
  3. Jeevithathil ingane kanmunnilude vannu pokunnath ethramughangalanu. Oro nanaya thuttukalum valicheriyappedunnathu visappinte vilikalilekkanu

    ReplyDelete
  4. ദേശങ്ങളില്ലാത്തവരുടെ പാട്ട്‌...

    നന്നായി....
    ശുഭാശംസകൾ....

    ReplyDelete
  5. കവിത നന്നായി.. വരികളൊന്നുകൂടി അടുക്കി പെറുക്കിവെച്ചിരുന്നെങ്കില്‍ മനോഹരമാകുമായിരുന്നു എന്ന് തോന്നി.

    ReplyDelete
  6. നീ കരയാതിരിയ്ക്കുക

    ReplyDelete
  7. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  8. ഒരു പാട്ടില്‍ നിന്ന്‌ ഒരു സുന്ദര കവിത.

    ReplyDelete
  9. വിശ്വാസങ്ങളെ തകര്‍ക്കരുതെന്ന്‍
    മറന്ന്‍ കളയരുതെന്ന്
    ഓര്‍മ്മകളുണ്ടായിരിക്കണമെന്ന്
    പാടിക്കൊണ്ട്, ഒരു ജനത
    ഇരുള്‍ വീണ് കിടക്കുന്ന തുരങ്കങ്ങളിലൂടെ
    വെളിച്ചത്തിന്റെ പൊടി
    പാറുന്നിടം തേടി
    ഓടിക്കൊണ്ടേയിരിക്കുന്നു........

    നല്ല വരികൾ....

    ReplyDelete
  10. പര്‍ദേശീ പര്‍ദേശീ ജാനാ നഹീ..
    കുറച്ചു കാലം മുന്നിലെ ഒരു കണ്ണ് നിറയിച്ച ട്രെയിന്‍ യാത്ര ഓര്‍മ വന്നു
    നല്ല കവിത
    ആശംസകള്‍

    ReplyDelete