പല തവണ
കിണറ്റിൽ ചാടിയിട്ടും
പ്രാണൻ തുളുമ്പാത്തൊരു കിഴവി.
പായൽക്കണ്ണുകളിൽ
മഴക്കോൾ.
മഴക്കോൾ.
വീഴ്ചയിൽ താൻ കണ്ട
പവിഴപ്പുറ്റുകളെക്കുറിച്ചും
നേർക്ക് നേർ വന്ന
കൂറ്റൻ സ്രാവുകളെക്കുറിച്ചും
ജലനഗരങ്ങളിലെ എടുപ്പുകളെക്കുറിച്ചും
വാചാലയാകുമ്പോൾ
കിഴവിയുടെ കണ്ണുകൾക്ക്, അവരുടെ
വൈരമൂക്കുത്തിയേക്കാൾ തിളക്കം.
ആഴങ്ങളിൽ
തനിക്ക് കൂട്ടായ് വന്ന
കുഞ്ഞുമീൻപറ്റങ്ങൾ
കാലടികളിലിക്കിളിയായ്
തുടിച്ചൊരോർമ്മയിൽ,
കിഴവി, പല്ലുകളില്ലാത്ത മോണ
കാട്ടിച്ചിരിക്കുന്നു.
എങ്കിലും ഒറ്റയ്ക്കാവുമ്പോൾ, അല്ലെങ്കിൽ
ഒരു കരിമേഘത്തിനിരുൾ പരക്കുമ്പോൾ
ഏതോ ഭയത്തിന്റെ മിന്നലിൽ
അവർ വീട്ടിൽ നിന്നിറങ്ങിയോടുന്നു.
പോകുന്നിടത്തെല്ലാം നാട്ടിലുള്ള
കിണറുകളെ, കുളങ്ങളെ, നദികളെ,
സമുദ്രങ്ങളെയൊക്കെയും
അവർ കാലിൽ
കെട്ടിവലിച്ചു കൊണ്ടോടുന്നു.
ജലത്തിന്റെ ഹൂങ്കാരം
നാടാകെ നിറയുന്നു.