കറുപ്പാണ് ഭാഷ
നൂറ്റാണ്ടുകളുടെ
പൊടിയും വെയിലും വിയർപ്പും
നിറച്ച ഊർജമാണുള്ളിൽ.
സ്വന്തമായുണ്ട്
ആകാരമില്ലായ്മയിലെ
കാട്ടുചന്തം;
മണ്ണിൽ തൊട്ടുള്ള നില്പിലെ
ആകാശനിർവൃതി.
തികഞ്ഞൊരു ശില്പമായ്
പരിണമിക്കുക ഒരു ലക്ഷ്യമേയല്ല;
പ്രളയഭൂമിയിൽ
ചവിട്ടി നിൽക്കാനുതകുന്ന പടവായോ
ദുർബലമായൊരു കയ്യിൽ
ഓങ്ങി നിൽക്കുന്ന ആയുധമായോ
ജീവിച്ചാൽ മതിയാകും.
വീഴ്ചയിലും
ഉയരുന്ന ദാഹജലത്തിന്റെ കാഴ്ചയും
ആദ്യത്തെയേറിൽത്തന്നെ
തുടുമാമ്പഴങ്ങൾ ചിതറിക്കുന്ന
ഒരു കുഞ്ഞിന്റെ ആഹ്ലാദവും
സ്വപ്നത്തിൽ.
പാറി വരുന്ന തുമ്പികൾക്ക്
കാറ്റ് കൊള്ളാൻ
ഒരിടം.