Saturday, February 28, 2009

പൂമ്പാറ്റകളും കുട്ടികളും പറയാന്‍ ശ്രമിക്കുന്നത്‌..

ഉദ്യാന വാതില്‍
തുറക്കൂ നീ, പാലകാ
ഉള്ളില്‍ പടരുന്നിതായെന്റെ
ജീവന്റെ ഗന്ധം
പൂത്തുലഞ്ഞിതാ നില്‍ക്കുന്നു
എന്‍ സ്നേഹത്തിന്‍ പൂങ്കാവുകള്‍
പോകട്ടെ ഞാന്‍, നുകരട്ടെയീ
പ്രപഞ്ചമെനിക്കായൊരുക്കിയ
മധുകണങ്ങള്‍; ജീവനത്തിന്‍
സ്വര്‍ണ്ണമണിമുത്തുകള്‍.
പോകട്ടെ ഞാന്‍, ഒന്നില്‍
നിന്നൊന്നിലേക്ക്‌, പരാഗ
രേണുക്കളാല്‍ ചാര്‍ത്തട്ടെ
ഓരോ പൂവിലും ജീവന്റെ കയ്യൊപ്പ്‌,
സഫലമാകട്ടെയീ യാത്ര.
പോകട്ടെ ഞാന്‍, കണ്ണാല്‍
കാണട്ടെയെന്‍ ജീവന്റെ മഴവില്ല്‌
ഏഴു വര്‍ണ്ണങ്ങളും ചാലിച്ചെഴുതട്ടെ
യൊരു പുതുലോകസ്വപ്നം
നിറം കെട്ടൊരെന്‍ രാവുകള്‍ക്കു
തുണയാകട്ടെയൊരു പകലിന്‍
വര്‍ണ്ണഘോഷങ്ങള്‍.
പോകട്ടെ ഞാന്‍, സമയം
ചൊടിക്കുന്നു വീണ്ടും.
ഉദ്യാനവാതില്‍
തുറക്കൂ നീ, പാലകാ
പോകട്ടെ ഞാന്‍
പോകാതെ വയ്യെനിക്കെ
ന്നെയെന്നാത്മാവു വിളിക്കുന്നു..


1 comment:

  1. പൂവുകളുടെ നൈർമ്മല്യം.....

    ReplyDelete