Wednesday, February 17, 2010

ഈഗോ

എവിടെ നിന്ന്‌
വന്നുവെന്നറിയില്ല.

വിളിച്ച്‌ കേറ്റിയതല്ല.

തഞ്ചത്തില്‍ പറഞ്ഞിട്ടും
തെറി പറഞ്ഞിട്ടും
പട്ടിയെ അഴിച്ചിട്ടും
കേണു പറഞ്ഞിട്ടും
പോകുന്നുമില്ല.

പലവട്ടം ലോകം
ചുറ്റിവന്ന പോലെ
ഇനിയെങ്ങും
പോകാനില്ലാത്ത പോലെ 
അതിങ്ങനെ
ചുരുണ്ടു കിടക്കുന്നു.
തല ചായ്ക്കാനൊരിടം കിട്ടിയ
നന്ദിയോടെ മയങ്ങുന്നു.
ഇടയ്ക്കിടയ്ക്കെണീക്കുന്നു
ചായ കുടിച്ച്‌
പത്രം വായിച്ച്‌
ചാരുകസേരയില്‍ നീണ്ട്‌ നിവരുന്നു.
പകപ്പോടെ
കലിപ്പോടെ
ചുറ്റും നോക്കുന്നു.

വല്ലപ്പോഴുമെങ്കിലുമതിനെ
ഒരു പന്തെന്ന പോലെ
തട്ടിക്കളിക്കാനാവുന്നുണ്ട്.

പക്ഷെ, പലപ്പോഴും
തട്ടുന്നിടത്തേക്കെല്ലാം
ഉരുണ്ടുരുണ്ട്‌ പോകുന്നത്‌
ഉടുതുണിയിലെ കറയാവുന്നത്‌
ഞാന്‍ തന്നെയല്ലെങ്കില്‍
പിന്നെയാരാണ്‌?

ഈ പന്ത്‌ കളിയില്‍
ജയം; പരാജയം,
തുടക്കം; ഒടുക്കം
എന്നീ മാമൂലുകള്‍
ഉണ്ടെങ്കിലും ഇല്ലെങ്കിലും
ആ അവസാന ഗോള്‍
ആരുടേതാവും?

എണ്റ്റേതല്ലാതെ
മറ്റാരുടേതാവും?

7 comments:

  1. എത്ര കുടഞ്ഞെറിഞ്ഞാലും തിരിച്ചുകയറുന്ന വഴുവഴുത്ത ഒരിഴജന്തു........
    ആളുമാറി അച്ഛനെ വിളിച്ചുപോയ ഒരു തെറിവാക്ക്‌......
    പിന്നെയും എന്തു വിശേഷിപ്പിക്കാന്‍.

    ReplyDelete
  2. നിലതെറ്റിയൊന്നു വീണാല്‍
    തെറിച്ചു പോയേക്കും ചിലപ്പോള്‍...
    താഴെ നോക്കിയിരുന്നില്ലല്ലോ വീഴും വരെ!

    ReplyDelete
  3. കളിച്ചു കളിച്ചു .......................

    ReplyDelete
  4. ആ അവസാന ഗോള്‍
    ആരുടേതാവും?

    ReplyDelete
  5. ഹൃദ്യം..

    ReplyDelete
  6. വായനയ്ക്കും അഭിപ്രായത്തിനും നന്ദി എല്ലാവര്‍ക്കും..

    ReplyDelete
  7. ഈ പന്ത്‌ കളിയില്‍
    ജയം; പരാജയം,
    തുടക്കം; ഒടുക്കം
    എന്നീ മാമൂലുകള്‍
    ഉണ്ടെങ്കിലും ഇല്ലെങ്കിലും
    ആ അവസാന ഗോള്‍
    ആരുടേതാവും?
    പറയ്‌...എണ്റ്റേതല്ലാതെ
    മറ്റാരുടേതാവും?
    nice lines!!

    S.S

    ReplyDelete