Friday, September 17, 2010

കശ്മീരിലെ കല്ലുകള്‍

കുളത്തില്‍ കല്ലിട്ടു കളിച്ച രണ്ട്‌ കുട്ടികള്‍ 
ഇന്ന് മുതിര്‍ന്നിരിക്കുന്നു.
നര കയറിയിട്ടും
അവര്‍ കളി തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
കുളത്തിനു മടുത്ത് കാണണം.
അതിലെ ജീവികള്‍ക്ക്
കല്ലേറ് കൊണ്ട് കൊണ്ട് മുറിവേറ്റിരിക്കണം.
പൊറുതികെട്ടവര്‍  തിരികെയെറിയുന്നത്
കുളത്തിന്റെ വയറ്റിലെ കല്ലുകള്‍ തന്നെ.
രക്തത്തിന്റെ സുഗന്ധവും
മാംസത്തിന്റെ മാര്‍ദ്ദവവുമുള്ള കല്ലുകള്‍.
കുഞ്ഞുങ്ങളുടെ കണ്ണുകള്‍ പോലെ
തിളക്കമുള്ള കല്ലുകള്‍.

പടവാളിനേക്കാള്‍,
തൂലികയെക്കാള്‍  മൂര്‍ച്ച
കല്ലുകള്‍ക്കെന്നവര്‍,
കണ്ണില്‍ കരിങ്കല്ലിന്റെ
തണുപ്പ്‌ കൊത്തുന്നവര്‍.

അവരുടെ
കൈകള്‍ ബന്ധിച്ചിരിക്കുന്നു;
വായ്‌ മൂടിക്കെട്ടിയിരിക്കുന്നു. 
അവര്‍ക്ക് കല്ല്‌ ഒരു പ്രതീകമാണ്,
ഒരു ഭാഷയും.
അവര്‍ കല്ലുകള്‍ കൊണ്ട് സംസാരിക്കുന്നു.
അതിന്‍റെ കൂര്‍ത്ത അറ്റങ്ങള്‍ കൊണ്ട്
അവര്‍ കോറിയിടുന്നു, മഞ്ഞണിഞ്ഞ 
ജലാശയങ്ങളിലെ കനലുകളുടെ  ചരിത്രം. 
അവര്‍, മറ്റാരെക്കാളും 
ഭൂമിയില്‍ കാലുറച്ച് നില്‍ക്കുന്നു.
മഞ്ഞിലണിയേണ്ട പാദുകങ്ങള്‍ പോലും
അവരുടെ കയ്യില്‍ 
മുഴുത്ത കല്ലുകളായ് തീരുന്നു. 

മറ്റാരായാലും മലയാളികളല്ല അവര്‍;
നാളും നേരവും കുറിച്ച് കല്ലെറിയുകയല്ല
അവരുടെ ഒരു രീതി.

Tuesday, September 7, 2010

വരികള്‍ക്കിടയില്‍

വരികള്‍ക്കിടയിലെ
വാഴ്വാകാന്‍ കൊതിച്ചു,
കഴിഞ്ഞില്ല.
പുറത്തേക്ക് കുതിച്ചു.
ചുവന്ന അക്ഷരങ്ങളായി
ചിതറിത്തെറിച്ചത്
ആരോ മൊബൈലില്‍ ഒപ്പി.
ഒരേ നിമിഷം
പല കൈകളില്‍
അര്‍ത്ഥമൊഴിഞ്ഞ വാക്കായെത്തി.
ചിലര്‍ വലിച്ചെറിഞ്ഞു. ഉടഞ്ഞു
വഴിയില്‍ കിടന്നു.പല ഉപ്പൂറ്റികളുടേയും
ഉടമസ്ഥരോടൊപ്പം പോയി.
മറ്റ് ചിലര്‍
മറന്നേ പോയി. കാലങ്ങളായ്
വായുവും വെളിച്ചവും തട്ടാതെ
പെട്ടിയിലിരുന്ന മഞ്ചാടി പോലെ
കറുത്ത്‌ ചുങ്ങി പൊടിഞ്ഞു തീര്‍ന്നു.
ചിലര്‍ കിട്ടിയപാടെ കനലടുപ്പില്‍
കൊണ്ട് വച്ചു. എരിഞ്ഞെരിഞ്ഞു
ചാരമായിട്ടും
അടുത്തുള്ള കനലുകളില്‍
ഊതിയൂതിക്കിടന്നു.
ചിലര്‍ ചിരിച്ച് കൊണ്ട്
കെട്ടുകളഴിച്ച് വിട്ടു.
കൈവിലങ്ങില്ലാത്ത പട്ടം പോലെ
പല തരമായ മേല്ക്കൂരകള്‍ക്കും
പല നിറമുള്ള തെരുവുകള്‍ക്കും
മീതെ തടയില്ലാതെ പറന്നു.
പറന്നു കൊണ്ടേയിരുന്നു. ഇടയ്ക്കെങ്കിലും,
ഒരു മഞ്ഞപ്പൂമ്പാറ്റയായ്‌
ഭൂമിയിലേക്കിറങ്ങി വന്നു.
സഞ്ചരിക്കുന്ന പാതയുടെ
അതേ വേഗമായ്, അല്‍പനേരം
ചിറകടിച്ചത് മടങ്ങുമ്പോള്‍,
വെണ്‍ നിറമുള്ള  മേഘങ്ങളില്‍
നിങ്ങളുടെ കണ്ണുകള്‍ ചെന്നുമുട്ടി.
വിയര്‍പ്പ് മണമുള്ള
ഉടുപ്പിലെ ചുളിവുകളില്‍, പൂമ്പൊടി
പറ്റിക്കിടന്നു, വരികള്‍ക്കിടയിലെ
വാഴ്വ് പോലെ.