Tuesday, September 7, 2010

വരികള്‍ക്കിടയില്‍

വരികള്‍ക്കിടയിലെ
വാഴ്വാകാന്‍ കൊതിച്ചു,
കഴിഞ്ഞില്ല.
പുറത്തേക്ക് കുതിച്ചു.
ചുവന്ന അക്ഷരങ്ങളായി
ചിതറിത്തെറിച്ചത്
ആരോ മൊബൈലില്‍ ഒപ്പി.
ഒരേ നിമിഷം
പല കൈകളില്‍
അര്‍ത്ഥമൊഴിഞ്ഞ വാക്കായെത്തി.
ചിലര്‍ വലിച്ചെറിഞ്ഞു. ഉടഞ്ഞു
വഴിയില്‍ കിടന്നു.പല ഉപ്പൂറ്റികളുടേയും
ഉടമസ്ഥരോടൊപ്പം പോയി.
മറ്റ് ചിലര്‍
മറന്നേ പോയി. കാലങ്ങളായ്
വായുവും വെളിച്ചവും തട്ടാതെ
പെട്ടിയിലിരുന്ന മഞ്ചാടി പോലെ
കറുത്ത്‌ ചുങ്ങി പൊടിഞ്ഞു തീര്‍ന്നു.
ചിലര്‍ കിട്ടിയപാടെ കനലടുപ്പില്‍
കൊണ്ട് വച്ചു. എരിഞ്ഞെരിഞ്ഞു
ചാരമായിട്ടും
അടുത്തുള്ള കനലുകളില്‍
ഊതിയൂതിക്കിടന്നു.
ചിലര്‍ ചിരിച്ച് കൊണ്ട്
കെട്ടുകളഴിച്ച് വിട്ടു.
കൈവിലങ്ങില്ലാത്ത പട്ടം പോലെ
പല തരമായ മേല്ക്കൂരകള്‍ക്കും
പല നിറമുള്ള തെരുവുകള്‍ക്കും
മീതെ തടയില്ലാതെ പറന്നു.
പറന്നു കൊണ്ടേയിരുന്നു. ഇടയ്ക്കെങ്കിലും,
ഒരു മഞ്ഞപ്പൂമ്പാറ്റയായ്‌
ഭൂമിയിലേക്കിറങ്ങി വന്നു.
സഞ്ചരിക്കുന്ന പാതയുടെ
അതേ വേഗമായ്, അല്‍പനേരം
ചിറകടിച്ചത് മടങ്ങുമ്പോള്‍,
വെണ്‍ നിറമുള്ള  മേഘങ്ങളില്‍
നിങ്ങളുടെ കണ്ണുകള്‍ ചെന്നുമുട്ടി.
വിയര്‍പ്പ് മണമുള്ള
ഉടുപ്പിലെ ചുളിവുകളില്‍, പൂമ്പൊടി
പറ്റിക്കിടന്നു, വരികള്‍ക്കിടയിലെ
വാഴ്വ് പോലെ.

17 comments:

  1. വരികള്‍ക്കിടയില്‍
    അതെ വരികല്‍ക്കിടയിലാനെല്ലാം

    ReplyDelete
  2. നാനാര്‍ത്ഥം ഊറുന്ന വരികള്‍ക്കിടയില്‍
    നിറയെ വാഴ്വിന്റെ പര്യായ പദാര്‍ഥങ്ങള്‍.
    പരാഗ രേണുക്കള്‍ പകരുന്ന കവിത.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  3. ഉടുപ്പിലെ ചുളിവുകളില്‍, പൂമ്പൊടി
    പറ്റിക്കിടന്നു, വരികള്‍ക്കിടയിലെ
    വാഴ്വ് പോലെ

    moksham kaathu kidkkukayaano
    valare nannayirikkunnu

    ReplyDelete
  4. വരികള്‍ക്ക് ഇടയില്‍ വായികരുത് ..ചില്ലപോ നോവും

    ReplyDelete
  5. എരിഞ്ഞെരിഞ്ഞു
    ചാരമായിട്ടും
    അടുത്തുള്ള കനലുകളില്‍
    ഊതിയൂതിക്കിടന്നു.

    ReplyDelete
  6. വരികൾക്കിടയിൽ നിന്ന് പുറത്തേക്ക് കുതിച്ചത് എന്തെന്നറിയാതെ കമെന്റുന്നതെങ്ങനെ എന്നതാണെന്റെ പ്രശ്നം, കവിക്ക് കവിതയെഴുതി ഇടക്കിടെ പോസ്റ്റ് ചെയ്താൽ മാത്രം മതിയല്ലോ. വാഴ്വാകാൻ വഴിയില്ല, വാഴ്വിന് വാഴ്വാകാൻ കൊതിക്കേണ്ടല്ലോ (ജീവിതമായിരുന്നെങ്കിൽ സത്യത്തിൽ രക്ഷപെട്ടേനേ, മൂപ്പരെല്ലാരുടേയുമൊരു പ്രശ്നമാണല്ലോ) പിന്നെയാരാണ് വരികൾക്കിടയിൽ നിന്ന് രക്ഷപെട്ട്, അവിടെയുമിവിടെയും, മൊബൈലിൽ അർഥമില്ലാത്ത വാക്കായി, കനലടുപ്പിൽ വീണ്, ആകാശത്തൂടെ പോയി പട്ടം പറന്ന്, വിയർത്ത ഉടുപ്പിൽ പൂമ്പൊടിയായി, ലാസ്റ്റിലാ വരികൾക്കിടയിൽ വീണ്ടും കയറിയിരുന്നത്? കവിത തന്നെയോ?

    ReplyDelete
  7. നാം ഏതൊക്കെ ഫാൻസിഡ്രസ് നടത്തിനോക്കിയാലും ആരും വെറുതെ വിടുമെന്ന് കരുതണ്ട. അവർ അവഗണിക്കുകയോ വേട്ടയാടുകയോ ചെയ്യും. അതവരുടെ പണി.

    അവനെന്നെ കൊല്ലാൻ നോക്കും. ചാകാതിരിക്കാൻ ഞാനും എന്ന് എം.ടി. താഴ്വാരം എന്ന സിനിമയിൽ കോറിയിട്ട പോലെ.

    കവിതയുടെ ഘടനയിൽ എനിക്കെന്തോ കല്ലുകടി തോന്നുന്നു.

    മന:പൂർവ്വം അങ്ങനെ എഴുതിയതാണെന്ന് തോന്നുന്നു. വരികൾ മുറിക്കേണ്ടിടത്ത് അങ്ങനെ ചെയ്യാതെ,,,,,,,

    ReplyDelete
  8. Its not eliminated to a clear view point.

    ReplyDelete
  9. ഇന്നലെ അത്താഴത്തിനിരുന്നാപ്പോൾ ഞാനൊരു സിനിമയുടെ അവസാനഭാഗം കിരൺ റ്റിവിയിൽ കണ്ടു. അതിൽ ഡി വൈ എസ് പി ആയ സുരേഷ് ഗോപി പ്രമുഖ വക്കിലായ സിദ്ദിക്കിനെയും കൂട്ടരെയും വ്യാജ സാക്ഷികളെയും റിക്കാർഡുകളുടെയും സഹായത്തോടെ കൊല്ലപ്പെട്ടിട്ടില്ലാത്ത ഒരു സ്ത്രീയെ കൊലപ്പെടുത്തിയെന്ന് വരുത്തിത്തീർത്ത് കോടതിയിൽ അനുകൂല വിധി കരസ്ഥമാക്കിയതിനു ശേഷം കോടതിയോട് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സത്യം തുറന്നു പറയുന്നു. സിനിമയുടെ പേരറിയില്ല.

    ഈ കവിതയുടെ വരികൾക്കിടയിൽ എന്തിനാ ഈ ഫുൾസ്റ്റോപ്പ് ?

    ReplyDelete
  10. വാഴ്വ്‌ വരികള്‍ക്കിടയില്‍ തന്നെ. നല്ല വരികള്‍, അതിലേറെ വര്‍കള്‍ക്കിടയിലെ...

    ReplyDelete
  11. പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  12. വരികൾക്കിടയിലെ വാഴ്വുപോലെ....

    ആശംസകൾ!

    ReplyDelete
  13. ശ്രീ മാഷേ..പുറത്തേക്ക് കുതിച്ചത് ജീവിതമാകാം..കവിതയുമാകാം..രണ്ടായാലും വരികളില്‍ ജീവിക്കാന്‍ എളുപ്പമാണ്..വരികള്‍ക്കിടയില്‍ ജീവിക്കാനാണ് ബുദ്ധിമുട്ട്..
    N B, കലാവല്ലഭന്‍, ഒരു ആശയത്തിന്റെ തുടര്‍ച്ച തടസ്സപ്പെടാതിരിക്കാനും വിരാമചിഹ്നങ്ങള്‍ ആകാം..
    അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി...

    ReplyDelete
  14. വളരെ സന്തോഷം, വളരെ ശരി, വരികൾക്കിയിലെ വാഴ്വാണെന്നു തോന്നുന്നു, ഈ 'ധ്വനി' ക്കുന്നതല്ലേ? ആശംസകൾ!

    ReplyDelete
  15. പ്രിയ ചിത്ര,
    സന്തോഷം.നല്ല കവിത.നല്ല ഒഴുക്കുള്ള വരികള്‍..മറ്റുള്ളതും വായിക്കാം.
    ആശംസകള്‍.....

    ReplyDelete