Wednesday, January 26, 2011

പുരുഷറിപബ്ലിക്കിന്

ചെടിക്കുന്നു,
നിന്റെയഴകെഴുത്തുകള്‍.
കാഴ്ചകളെണ്ണിപ്പറയാം,
അല്ലെങ്കിലെന്റെ കണ്ണുകളിലേക്ക് 
കയറി വരൂ, ഈ മുനമ്പില്‍
നിന്നാലെന്റെ താഴ്വാരങ്ങള്‍ കാണാം.
അവയുടെ ആഴങ്ങളെക്കുറിച്ചെഴുതു.

ഇനിയുമെന്തുണ്ട് എന്റെ
ചുണ്ടുകളോടുപമിക്കാന്‍.
അവയെ ഭദ്രമായി താഴിട്ടു പൂട്ടി
നീ വലിച്ചെറിഞ്ഞ
ഉപമകളില്ലാത്ത
താക്കോലുകളെ കുറിച്ചെഴുതു.
ആയിരം മുറികളുള്ള കൊട്ടാരം
ഉള്ളില്‍ തുറക്കുന്നവരെ കുറിച്ചെഴുതു.
ഇരുട്ടറക്കുള്ളിലെ  മിന്നലിനെ കുറിച്ചെഴുതു.

യോനിയെ പൂവെന്നും
പറുദീസയെന്നും 
പാടിയേറെ കേട്ടതല്ലേ?
ഇനിയതിലേക്ക് നീ പായിച്ച
വെടിയുണ്ടകളേയും
തറച്ച് കയറ്റിയ
ഇരുമ്പ് കമ്പികളെയും
കുറിച്ചെഴുതു.
നാല് വയസ്സുകാരിയുടെ
അടിവസ്ത്രങ്ങളില്‍ പതിയുന്ന
നിന്റെ കറകളെക്കുറിച്ചെഴുതു.

ഇനിയും
മുലകളെ കുറിച്ചെഴുതാന്‍
മുലകളെവിടെ?
മുളയ്ക്കുന്തോറും
അവ പറിച്ചെറിഞ്ഞു
ഞാന്‍ ചുട്ട നഗരങ്ങളെ കുറിച്ചെഴുതു.
എന്റെ ഒറ്റച്ചിലമ്പിന്റെ ഒച്ചയെക്കുറിച്ചെഴുതു.

നിന്റെ പടിക്കല്‍
ഉടലോടെ കത്തി നില്‍ക്കുന്ന
ഞങ്ങളുടെ
പൂര്‍ണ്ണ നഗ്നമായ
പ്രതിഷേധത്തെക്കുറിച്ചെഴുതു.

എഴുതൂ! 

Thursday, January 13, 2011

ഒച്ച

ഇനിയിത് വഴി പോകുമ്പോള്‍ 
തിരിഞ്ഞ്‌ നോക്കരുത് 
നീ കാണുന്ന ആദ്യത്തെ പുഴയല്ല ഞാന്‍.
അല്ലെങ്കില്‍ 
എല്ലാ പുഴകളും ഞാന്‍ തന്നെയാണ്.

നീ കണ്ടോ 
ഒരു കുന്നിറങ്ങി വരുന്നത്,
എന്നെ പുണരുന്നത്.
എനിക്ക് മേലെ ഒരു നഗരം  
ആരോ തെറ്റിച്ച കല്ലായി 
തെറിച്ച് തെറിച്ച് വരുന്നത്.
ഞാന്‍ പാടാതെയല്ല,
വണ്ടികളുടെ ഇരമ്പലില്‍ 
നീയെന്റെ പാട്ട് കേള്‍ക്കാതെ പോയതാണ്.
നിലാവായിരുന്നെങ്കില്‍ 
നിന്റെ കണ്ണുകളെങ്കിലുമെന്റെ  പാട്ട് കേട്ടേനെ.
എന്റെ പാട്ടെന്റെ 
മടിത്തട്ടിലെ ഇരുളിനെക്കുറിച്ചാണ്.
ഇരുളിന്റെയുള്ളിലെ അലകളെ കുറിച്ചാണ്.
അലകളെ വെട്ടിച്ച് പൊന്തുന്നൊരു മീനിന്റെ 
വെള്ളിവെളിച്ചമുള്ള ചെതുമ്പലുകളെക്കുറിച്ചാണ്,
ചത്തിട്ടും ചീഞ്ഞിട്ടും 
തുറന്നേയിരിക്കുന്ന അതിന്റെ കണ്ണുകളെക്കുറിച്ചാണ്. 
അടയാന്‍ കൂട്ടാക്കുന്നതേയില്ല  അവ.
നോക്കിനോക്കിയിരുന്നാല്‍ കാണാം 
പാതകള്‍ കൂടിപ്പിണഞ്ഞു കിടക്കുന്ന 
ഒരു ഭൂപടം, ആ കണ്ണുകളില്‍ 
തെളിഞ്ഞ് തെളിഞ്ഞ് വരുന്നത്.
കാണാം, പുറത്തേക്കുള്ള വഴി തേടി 
പാതകളില്‍ നിന്ന് പാതകളിലേക്കുള്ള
നിന്റെയലച്ചിലുകള്‍,
നിന്റെ കുതിപ്പുകള്‍;
കടലൊരു വല വീശും വരെ. 

ഞാന്‍ പാടാതെയല്ല 
ഒരുപാടൊച്ചകള്‍ക്കിടയില്‍ 
ഒരൊച്ച,
നീ കേള്‍ക്കാതെ പോയതാണ്.

Tuesday, January 4, 2011

ഒഴുക്ക്

ഒരു മിന്നലില്‍
എല്ലാം മറന്നു.
ആടകള്‍
ആഭരണങ്ങള്‍
എല്ലാമഴിഞ്ഞു.
മുങ്ങിനിവര്ന്നു,
പായല്‍ പുതച്ചു.

ഒഴുക്കിന്‍ തുടര്‍ച്ച.

ഏറ്റത്തില്‍
ജലം പോലെ നിസ്സംഗം.
ഇറക്കത്തില്‍
കാലവേഗം. 

ഓരോ ദേശത്തിലും
കാവല്‍ക്കാര്‍
മുളവടി കൊണ്ട് കുത്തി
അതിര്‍ത്തി കടത്തി വിട്ടു .

ഇപ്പോള്‍, കടലില്‍
ഒരു ചുവന്ന തുരുത്തിനു
നേര്‍ക്കൊഴുകുന്നു.
ആ വിലക്കപ്പെട്ട കനി,
ഹവ്വയുടേതു പോലെ; എന്നും
കടലില്‍ വീണുടയും.
വീഴ്ചയില്‍ ചതഞ്ഞ്
വിത്തായുയിര്ത്ത്..വീണ്ടും..

മീനുകള്‍ കൊത്തുമുടലില്‍;
പുതിയ ഇടങ്ങളുണ്ടായ്‌ വരും.
അവയില്‍ കുടിയേറും
നടുക്കടലില്‍
ചങ്കുപൊട്ടി ചത്ത മുക്കുവന്റെ
ഒടുവിലത്തെ മിടിപ്പ്;
വലിച്ചെറിയപ്പെട്ട
കുപ്പികളില്‍ നിന്ന്‍, അനേകം
ലഹരികളുടെ ജിന്നുകള്‍.
കൂടെക്കൂടും
മഴപ്പേച്ചുകള്‍,
വെയില്‍ വിരല്പ്പാതകള്‍,
നിലാവിന്റെ ഖനികള്‍,
വാല്‍നക്ഷത്രക്കാഴ്ചകള്‍.
ഇവയൊന്നും തന്നെ 
വില്‍പ്പനയ്ക്ക് വയ്ക്കില്ല.
ഏത് യുദ്ധക്കെടുതിയിലും
ബാക്കിയാവുന്ന പാലങ്ങളാണവ  .
ഒടുവില്‍ ആര്‍ക്കും 
ചെന്നു കയറാവുന്ന വീടുകള്‍.

തിടുക്കമില്ല 
അടിയുമ്പോഴടിയും.
അഴുകുമ്പോഴഴുകും.

അത് വരെ
ഒഴുകും.