Tuesday, January 4, 2011

ഒഴുക്ക്

ഒരു മിന്നലില്‍
എല്ലാം മറന്നു.
ആടകള്‍
ആഭരണങ്ങള്‍
എല്ലാമഴിഞ്ഞു.
മുങ്ങിനിവര്ന്നു,
പായല്‍ പുതച്ചു.

ഒഴുക്കിന്‍ തുടര്‍ച്ച.

ഏറ്റത്തില്‍
ജലം പോലെ നിസ്സംഗം.
ഇറക്കത്തില്‍
കാലവേഗം. 

ഓരോ ദേശത്തിലും
കാവല്‍ക്കാര്‍
മുളവടി കൊണ്ട് കുത്തി
അതിര്‍ത്തി കടത്തി വിട്ടു .

ഇപ്പോള്‍, കടലില്‍
ഒരു ചുവന്ന തുരുത്തിനു
നേര്‍ക്കൊഴുകുന്നു.
ആ വിലക്കപ്പെട്ട കനി,
ഹവ്വയുടേതു പോലെ; എന്നും
കടലില്‍ വീണുടയും.
വീഴ്ചയില്‍ ചതഞ്ഞ്
വിത്തായുയിര്ത്ത്..വീണ്ടും..

മീനുകള്‍ കൊത്തുമുടലില്‍;
പുതിയ ഇടങ്ങളുണ്ടായ്‌ വരും.
അവയില്‍ കുടിയേറും
നടുക്കടലില്‍
ചങ്കുപൊട്ടി ചത്ത മുക്കുവന്റെ
ഒടുവിലത്തെ മിടിപ്പ്;
വലിച്ചെറിയപ്പെട്ട
കുപ്പികളില്‍ നിന്ന്‍, അനേകം
ലഹരികളുടെ ജിന്നുകള്‍.
കൂടെക്കൂടും
മഴപ്പേച്ചുകള്‍,
വെയില്‍ വിരല്പ്പാതകള്‍,
നിലാവിന്റെ ഖനികള്‍,
വാല്‍നക്ഷത്രക്കാഴ്ചകള്‍.
ഇവയൊന്നും തന്നെ 
വില്‍പ്പനയ്ക്ക് വയ്ക്കില്ല.
ഏത് യുദ്ധക്കെടുതിയിലും
ബാക്കിയാവുന്ന പാലങ്ങളാണവ  .
ഒടുവില്‍ ആര്‍ക്കും 
ചെന്നു കയറാവുന്ന വീടുകള്‍.

തിടുക്കമില്ല 
അടിയുമ്പോഴടിയും.
അഴുകുമ്പോഴഴുകും.

അത് വരെ
ഒഴുകും.

18 comments:

  1. ഇങ്ങ്നെ ഒഴുകി ഒഴുകി, എന്തിനിക്കെയോ കൂടായി, എല്ലാ ദേശവും തിരസ്ക്കരിച്ച്, ഒരു തിടുക്കവുമില്ലാതെ ! ഹോ, ഇത് എങ്ങോട്ടാ! വല്ലാത്തൊരു അനുഭവമായി.

    ReplyDelete
  2. "അടിയുമ്പോഴടിയും.
    അഴുകുമ്പോഴഴുകും.
    അത് വരെ
    ഒഴുകും."

    പുതുവത്സരാശംസകൾ.

    ReplyDelete
  3. "ഏറ്റത്തില്‍
    ജലം പോലെ നിസ്സംഗം.
    ഇറക്കത്തില്‍
    കാലവേഗം. "

    കവിതയും അതു ശരിവയ്ക്കുന്നു.

    ReplyDelete
  4. ഒഴുക്കിന്‍ തുടര്‍ച്ച.തുടരട്ടെ

    ReplyDelete
  5. ഒഴുക്ക് തുടരട്ടെ. നന്നായിട്ടുണ്ട് കവിത

    ReplyDelete
  6. ഒഴുകി ഒഴുകി അല്ലെ...
    പുതുവല്‍സരാശംസകള്‍.

    ReplyDelete
  7. വ്യത്യസ്തമായ ശവഘോഷയാത്ര!
    -തിടുക്കമില്ല
    അടിയുമ്പോഴടിയും.
    അഴുകുമ്പോഴഴുകും.
    :-)

    ReplyDelete
  8. ഒഴുകട്ടങ്ങനെയൊഴുകട്ടെ..

    ReplyDelete
  9. ഇവിടെ വന്നാൽ നിരാശനായി തിരിച്ചു പോകേണ്ടി വരാറില്ല!!!
    ചിത്രം മനോഹരം!!

    ReplyDelete
  10. ചിത്ര ഉള്ളുലയ്ക്കുന്ന കവിത.

    ReplyDelete
  11. പക്ഷെ ഇപ്പോള്‍ എവിടെ നോക്കിയാലും തിടുക്കമാണ്

    ReplyDelete
  12. തിടുക്കമില്ലാത്ത ഒഴുക്ക്.മനോഹരം

    ReplyDelete
  13. അതെ. അടിയുമ്പോഴടിയും
    അഴുകുമ്പോഴഴുകും.........

    ReplyDelete
  14. കുടിയേറ്റം ഒരു പ്രധാന അന്താരാഷ്ട്രപ്രശ്നം തന്നെയാണ്...ജീവന്‍ മാത്രം കയ്യില്‍ പിടിച്ചു രക്ഷതേടി പോകുന്നിടത്തു നിന്നെല്ലാം ആട്ടിയോടിക്കപ്പെടുന്ന പാവം ജനത...കവിതയില്‍ വ്യത്യസ്തമായ പ്രമേയം തിരഞ്ഞെടുത്ത ചിത്രക്ക് ആശംസകള്‍.........

    ReplyDelete