Thursday, December 30, 2010

കോട്ടയ്ക്ക് മുകളില്‍

ഈ കാറ്റെന്റേതല്ല 
മറ്റാരുടെയോ.
ആരുടെയോ വെയില്‍, 
തണുപ്പ്‌, ദൂരപ്പരപ്പ്.
യാദൃശ്ചികം, ഈ 
കോട്ടയ്ക്ക് മുകളിലെ നില്പ്.

കാല്‍ വിറയ്ക്കുന്നു,
അപ്പുറം കടല്‍നീല 
ഇപ്പുറം തടവറക്കറുപ്പ്‌  . 

കടലുന്നമായ് പീരങ്കികള്‍ .
അവയ്ക്ക്മേല്‍ ചെറു പൂക്കള്‍ 
വിരിഞ്ഞു നില്‍ക്കുന്നു. 
കല്ലില്‍, വളര്‍ന്ന പുല്ലില്‍ 
ചുവന്ന്‍ പൂവുകള്‍.
ഇപ്പോള്‍ തെറിച്ച പോല്‍ 
വിടര്‍ന്ന്‍ നില്‍ക്കുന്നു. 

കരിങ്കല്ലില്‍ തല്ലിയലച്ച്
ചിതറുന്നു കാഴ്ചകള്‍. 
ചുറ്റിലും ഒരു കാലം 
നീലിച്ച് കിടക്കുന്നു.
ഒരു തടവറയെപ്പോഴും
കൂടെ നടക്കുന്നു.
പഴയ പീരങ്കിയില്‍ 
പുതിയ ചോര മണക്കുന്നു.

9 comments:

  1. ചുറ്റിലും ചോര മണക്കുന്ന കാലമാണിത്..ഇക്കാലത്തെ പുതുവത്സരാശംസകള്‍ മടുപ്പുളവാക്കുന്നു..മറ്റാരോ കൊള്ളേണ്ട വെയിലാണ്, തണുപ്പാണ്, കാറ്റാണിതെന്ന കുറ്റബോധം..നാവുകള്‍ തുറുങ്കില്‍ കിടക്കുന്ന കാലത്തിന്റെ സംഘര്‍ഷം..

    ReplyDelete
  2. നീലിച്ച് കിടക്കുന്ന കാലം.

    നല്ല വരികള്‍
    :-)
    ഉപാസന

    ReplyDelete
  3. ചുറ്റിലും ഒരു കാലം
    നീലിച്ച് കിടക്കുന്നു.

    ഒന്നും പിടി കിട്ടാത്ത ഒരു കാലം.
    പുതുവല്‍സരാശംസകള്‍.

    ReplyDelete
  4. ഞാനിവിടെത്തെന്നെ നിൽക്കും നരകം കണ്ട രാമൊഴിയെപ്പോലെ ഇരുളാണ്ട സാഹോദര്യത്തിലെന്നാണോ? ഈശ്വരാ, പുതുവത്സരാശംസകൾ കൂടി പറയാൻ വയ്യെന്നോ?

    ReplyDelete
  5. നീലിച്ച കാലം.അര്‍ത്ഥവത്തായ
    ബിംബ കല്പന.വിഷം തീണ്ടിയ
    കാലത്തിന്റെ(മനുഷ്യ സമൂഹത്തില്‍
    നിന്നും)വൃത്തത്തിനുള്ളില്‍ തടവറയെയും
    പീരങ്കിയെയും ഓര്‍മ്മപ്പെടുത്തുന്ന ഈ കവിത
    ആധുനിക ലോകത്തിന്റെ പരിച്ഛേദം തന്നെ.

    ReplyDelete
  6. വളരെ നന്നായിട്ടുണ്ട്

    ReplyDelete
  7. ഒരു തടവറയെപ്പോഴും കൂടെ... വിഹ്വലമാകുന്ന മനസ്സുമായി എങ്ങനെ ആശംസകള്‍ നേരും?

    ReplyDelete
  8. കല്ലില്‍, വളര്‍ന്ന പുല്ലില്‍
    ചുവന്ന്‍ പൂവുകള്‍.
    ഇപ്പോള്‍ തെറിച്ച പോല്‍
    വിടര്‍ന്ന്‍ നില്‍ക്കുന്നു...
    - ഇപ്പോൾ ലേശം പൊളിറ്റിക്കലായി വരികയാണല്ലോ... നന്നായി, കടമ്മനിട്ടയുടെ കണ്ണൂർക്കോട്ടയിലാണോ ഈ നില്പ്, ബിനായക് സെന്നിനെ ഓർക്കുമ്പോൾ ആശങ്ക അസ്ഥാനത്തല്ല. നാമോരോരുത്തരും കൂടെ ഒരു തടവറ കൊണ്ടുനടക്കുന്നുണ്ട്.

    ReplyDelete