Showing posts with label പരിഭാഷ. Show all posts
Showing posts with label പരിഭാഷ. Show all posts

Friday, August 31, 2012

മൂന്ന് വയസ്സുകാരിയുടെ കവിത (Irish കവിത)


അയറിഷ് (Irish) കവിയായ ബ്രെണ്ടന്‍ കെന്നെല്ലിയുടെ (Brendan Kennelly) കവിത (സ്വതന്ത്ര പരിഭാഷ - ചിത്ര ) 

പൂക്കള്‍ മരിക്കുമോ?

ആളുകള്‍ മരിക്കുമോ?

ഓരോ ദിവസവും നമുക്ക്  വയസ്സാകുമോ, എനിക്ക് 
വയസ്സാകുമോ, ഇല്ല, എനിക്കാവില്ല, 
പൂവുകള്‍ക്ക് വയസ്സാവുമോ?

പഴയ കളിപ്പാട്ടങ്ങള്‍  പുറത്തേക്കെറിയുമോ?

വയസ്സായവരെ പുറത്തേക്കെറിയുമോ?

ഒരു പൂവിനു വയസ്സായെന്ന് എങ്ങനെ അറിയും?

ഇതളുകളടരും, പൂവുകളില്‍ നിന്നിതളുകളടരും
ആളുകളില്‍ നിന്നടരുമോ ഇതളുകള്‍,
എല്ലാ ദിവസവും കൂടുതലിതളുകള്‍  
വീഴുന്നു ഞാന്‍ കളിയ്ക്കാന്‍ കൊതിക്കുന്ന 
തറ പഴയ പൂക്കളും മനുഷ്യരും കൊണ്ട് 
നിറയുവോളം, അവയൊന്നിച്ച്   
കിടക്കുന്നു ഇതളുകള്‍ വീണ 
ചെളിപിടിച്ച തറയില്‍ ഞാന്‍ കളിക്കാന്‍ കൊതിക്കുന്ന
തറയില്‍ നീ വരുന്നു കൂറ്റന്‍ ചൂലുമായി. 

നീ തൂത്ത് വരുന്ന അഴുക്ക്, എന്ത് പറ്റുമതിന്,
പൂക്കളില്‍ നിന്നും ആളുകളില്‍ നിന്നും
നീ തൂത്ത് വാരുന്ന അഴുക്കിനെന്ത് പറ്റും, എന്ത് 
പറ്റുമഴുക്കിന് ? പൂക്കളില്‍ നിന്നും
ആളുകളില്‍ നിന്നും ബാക്കിയാവുന്നതീയഴുക്കോ, ഇതോ 
എല്ലാം തൂത്ത് കളയുന്ന ആ കൂറ്റന്‍ ചൂലിന് 
താഴെ കുന്നു കൂടിക്കിടക്കുന്നു?

എന്തിനിത്ര കഠിനമായി പണിയെടുക്കുന്നു, ഒരു
കുന്നഴുക്കിനായെന്തിനിത്ര മിനക്കെട്ടു തൂത്ത് വാരുന്നു?
പുതിയ പൂവുകള്‍  ആര് കൊണ്ട് വരും?
ആര് കൊണ്ട് വരും പുതിയ മനുഷ്യരെ? ആര് 
കൊണ്ട് വരും വെള്ളത്തിലിടാന്‍ പുതിയ പൂവുകള്‍
ഞാന്‍ കളിക്കാന്‍ കൊതിക്കുന്ന
ഇതളുകള്‍ വീഴാത്ത തറയുള്ള മുറിയില്‍?
ക്ഷീണം കൊണ്ടുറങ്ങി വീഴുന്ന
അപ്പൂപ്പന്മാരെ പോലെ തല കുനിച്ച്
നില്‍ക്കാത്ത പുതിയ പൂവുകള്‍
ആര് കൊണ്ട് വരും?
ഓരോ ദിവസവും തൊലിയുലഞ്ഞ് പോകാത്ത
പുതിയ പൂവുകള്‍ ആര് കൊണ്ട് വരും?
പുതിയ  പൂവുകളുണ്ട് നമുക്കെങ്കില്‍,
പുതിയ മനുഷ്യരും നമുക്കുണ്ടാവുമോ
അവയ്ക്ക് വെള്ളമൊഴിയ്ക്കാനും 
ജീവന്‍ കൊടുക്കാനും?

പുതിയ പൂവുകള്‍ മരിക്കുമോ?

കുട്ടികള്‍ മരിക്കുമോ?

എന്തിന്?

Saturday, August 11, 2012

തൊലിക്ക് പിന്നില്‍ - ബംഗാളി കവിയായ പ്രബല്‍ കുമാര്‍ ബസുവിന്റെ ഒരു കവിത - വിവര്‍ത്തനം

ഒരാളുണ്ട്
ഓരോ ആഴ്ചയറുതിയിലും കുളിക്കും,
തൊലിയുരച്ച് കഴുകും
തുണിയലക്കുന്ന മാതിരി.

മറ്റൊരാള്‍
ഓരോ വൈകുന്നേരവും
പഞ്ഞിയും ക്രീമും കൊണ്ട്
തൊലിക്കുള്ളിലെയഴുക്കിളക്കും
ഹഹ..ഒരു ജീവിതം മുഴുവന്‍
തൊലിക്ക് വേണ്ടി ചെലവഴിക്കുന്നു!

എല്ലാ വൈകുന്നേരവും
ഒരു പെണ്‍കുട്ടി
തൊലി വില്‍ക്കാനിരിക്കും.
തന്റെ തൊലിയില്‍ നിന്ന് തന്നെ
അവള്‍ പലതരം തുണികള്‍ നെയ്യും.
ഒരിക്കല്‍,
അധികം വന്ന തൊലിയില്‍ നിന്ന്
അവളുടെ സുഹൃത്ത്
ഒരു ജോടി ചിറകുകളുണ്ടാക്കി.
രാവേറെ ചെല്ലുമ്പോള്‍
അവള്‍ പേരറിയാത്തിടങ്ങളിലേക്ക് പറക്കും.

ഇതെല്ലാം കണ്ട്‌
ഞാനെന്റെ തൊലിയെ കുറിച്ച് ബോധവാനാകുന്നു.
ഞാന്‍ കണ്ടു
എന്റെ തൊലിയെന്റെ ദേഹത്തെ വിട്ടു
പറന്നു പോകുന്നത്.
ഞാനെന്റെ തൊലിക്ക് പുറകെ ഓടുന്നു.
പൊതുസ്ഥലത്തെന്നെ നഗ്നനാക്കി നിര്‍ത്തി
എന്റെ തൊലി എങ്ങോ പോയ്‌ മറയുന്നു.

Thursday, December 17, 2009

പ്രവാചകന്‍ കുട്ടികളെ കുറിച്ച്‌ പറഞ്ഞത്‌ (ഒരു ഖലീല്‍ ജിബ്രാന്‍ പരിഭാഷ)

കുഞ്ഞിനെ ഒക്കത്തേറ്റി നില്‍ക്കുന്ന ഒരു അമ്മ പ്രവാചകനോട്‌ പറഞ്ഞു:
"ഞങ്ങളോട്‌ കുഞ്ഞുങ്ങളെക്കുറിച്ച്‌ പറയുക".

പ്രവാചകന്‍ പറഞ്ഞു:
"നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല,
ജീവിതത്തിന്‌,
സ്വന്തം നില്‍നില്‍പ്പിനോടുള്ള പ്രണയത്തില്‍ നിന്ന്‌
ജനിച്ച കുട്ടികളാണവര്‍.

നിങ്ങളിലൂടെയെങ്കിലും
അവര്‍ വരുന്നത്‌ നിങ്ങളില്‍ നിന്നല്ല.
 നിങ്ങളോടൊപ്പമെങ്കിലും
അവര്‍ നിങ്ങള്‍ക്ക്‌ സ്വന്തമേയല്ല.
അവര്‍ക്ക്‌ നിങ്ങളുടെ സ്നേഹം നല്‍കാം;
പക്ഷെ നിങ്ങളുടെ ചിന്തകള്‍ അരുത്‌,
എന്തെന്നാല്‍
അവര്‍ക്ക്‌ അവരുടേതായ ചിന്തകളുണ്ട്‌.

അവരുടെ ശരീരങ്ങള്‍ സൂക്ഷിക്കാന്‍
നിങ്ങള്‍ക്ക്‌ വീടുകളൊരുക്കാം.
പക്ഷെ അവരുടെ ആത്മാക്കളെ
നിങ്ങള്‍ക്ക്‌ കൂട്ടിലൊതുക്കാനാവില്ല, 
എന്തെന്നാല്‍
നിങ്ങള്‍ക്ക്‌ സ്വപ്നത്തില്‍ പോലും അപ്രാപ്യമായ
ഭാവിയുടെ ഭവനങ്ങളിലാണ്‌
അവരുടെ ആത്മാക്കള്‍ വസിക്കുന്നത്‌.

അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്ക്‌ ശ്രമിക്കാം;
എന്നാലൊരിക്കലും
അവരെ നിങ്ങളെപ്പോലെയാക്കാന്‍ ആഗ്രഹിക്കരുത്‌. 
എന്തെന്നാല്‍
ജീവിതം ഒരിക്കലും പുറകിലേക്ക്‌ പറക്കുന്നില്ല.

നിങ്ങള്‍ വില്ലാണെങ്കില്‍  
ലകഷ്യ സ്ഥാനത്തേക്ക്‌ കുതിക്കുന്ന
അമ്പുകളാണ്‌ കുട്ടികള്‍.
വില്ലിനു ഉറപ്പുണ്ടെങ്കിലേ
അമ്പുകള്‍ ലക്‌ഷ്യം കാണൂ.
അതിനായി
ഉള്ളില്‍ തട്ടിയ സന്തോഷത്തോടെ
നിന്നു കൊടുക്കുക.

ഖലീല്‍ ജിബ്രാന്‍റെ പ്രവാചകനില്‍ നിന്ന്‌ ഒരു ഭാഗം (സ്വതന്ത്ര പരിഭാഷ - ചിത്ര)
See the original text here  http://leb.net/~mira/works/prophet/prophet4.html