Saturday, November 28, 2009

ഒരു ചിരി

ഒരുവള്‍ 
അമേരിക്കയില്‍ നിന്ന്‌ 
ഉണര്‍ന്നെണീറ്റ പാടെ 
മറ്റൊരുവള്‍ 
ചെന്നൈയില്‍ നിന്ന്‌ 
പണികളെല്ലാമൊതുക്കിയിട്ട്‌ 
പിന്നെയുമൊരുവന 
ടുത്തെന്നുമകലത്തെന്നും 
അഴിഞ്ഞൊഴിഞ്ഞ്‌ 
നിഴലുകള്‍ക്കിടയില്‍ നിന്ന്‌.. 


അദൃശ്യമായൊരു കണ്ണി, 
അവള്‍. 
ഒരു നിമിഷം കൊണ്ട്‌ 
ദൂരത്തെ വെന്നവള്‍, 
സമയത്തിന്നധിദേവത. 


ഉള്ളിലേക്കുള്ള ദൂരം 
അളന്നളന്നവള്‍ 
പിന്നിട്ട കാലങ്ങള്‍ 
തിരികെ നടക്കുന്നു; 
വര്‍ഷങ്ങള്‍ക്കപ്പുറം 
കിതച്ചോടിയെത്തുന്നു. 


മുറ്റത്തെ മുല്ലയില്‍ 
അഴകോടെ 
പൂവിട്ടു നില്‍പ്പുണ്ട്‌, 
വിളറിയ ഒരു ചിരി.. 

Thursday, November 26, 2009

ശരാശരി ഇന്ത്യന്‍ പൌരനു ഒരു നിവേദനം

തൊട്ടുകൂട്ടാനുണ്ടു്, ഭയം
വിശപ്പൊട്ടില്ലെങ്കിലും..
അരുതു്, പോകരുതെങ്ങും
ഭൂമി പിളര്‍ന്നുപോയേക്കാം ഓര്‍മ്മകള്‍.
അരുതു്, മിണ്ടരുതു്
വാതില്‍പ്പുറത്തുണ്ടു് നിഴല്‍ പോരാളികള്‍
ഒരു ചെറുവിരലനക്കം മതി
ഒഴുകാം പുഴയായി രക്തം,
ഉണങ്ങാം പുകയില്‍ മാംസം.
അരുതു്, ചോദ്യമരുതു്,
ആരെന്നു്
എന്തിനെന്നു്
ഒരുത്തരം പോരാതെ വരും
പിന്നെപ്പിന്നെ
ചോദ്യങ്ങളൊടുങ്ങാതുറയും..
അരുതു്,കാണരുതു്
ഒരു വിരലങ്ങോട്ടു് ചൂണ്ടുമ്പോള്‍
മറ്റു നാലും തിരിഞ്ഞു നോക്കുന്നതു്
കൊഞ്ഞനം കുത്തുന്നതു്
കറുക്കെ ചിരിക്കുന്നതു്
കണ്ണടച്ചേക്കുക
ഉറക്കം നടിച്ചേക്കുക
എന്നത്തേയും പോലെ...
(തര്‍ജനിയില്‍  പ്രസിദ്ധീകരിച്ചത് http://chintha.com/node/31172)
..26/11 ന്റെ ഓര്‍മ്മക്ക്‌..
നടുക്കം ഇന്നും ബാക്കി..കേരളത്തില്‍ ജനിച്ച്‌ വളര്‍ന്ന ഒരാളുടെ നടുക്കം..കൊടുങ്കാറ്റിനെ എന്നും ദൂരെ നിന്നും മാത്രം നോക്കിക്കണ്ടവരുടെ നടുക്കം..കലാപങ്ങളും യുദ്ധങ്ങളും എല്ലാം അവരുടേത്‌ അവരുടേത്‌ എന്ന അഹന്തയുടെ നടുക്കം..ഒന്നും ഏറെ അകലെയല്ല എന്ന തിരിച്ചറിവിന്റെ നടുക്കം..
 ഓര്‍മ്മിക്കുന്നു..അന്നാളുകളില്‍ പൊലിഞ്ഞ ജീവിതങ്ങളെ...ഇന്നും മരിച്ച്‌ ജീവിക്കുന്നവരെ..കണ്ണീര്‍ വറ്റാതുരുകുന്നവരെ..
കൂടെ ഓര്‍മ്മിക്കുന്നു നമ്മള്‍ അഴുകാതെ സൂക്ഷിക്കുന്ന ഒന്‍പത്‌ ശവങ്ങളെ..രാജ്യദ്രോഹി എന്ന്‌ മുദ്ര കുത്തപ്പെട്ടേക്കാമെങ്കിലും ശൌര്യം ശവങ്ങളൊടെന്തിന്‌ എന്ന ചോദ്യം മാത്രം ബാക്കി..

Sunday, November 22, 2009

ടിനിമോള്‍ക്ക്‌

ഇന്നും 
മൈലാഞ്ചിക്ക്‌ 
നിണ്റ്റെ മണമാണ്‌.. 


അന്ന്‌ 
കുട്ടിക്കുശുമ്പായിരുന്നു 
നീ അണിഞ്ഞിരുന്ന 
മാലാഖക്കുപ്പായത്തോട്‌ 
തൂവെള്ളക്കയ്യുറകളോട്‌ 
ആരൊക്കെയോ 
നിനക്കായ്‌ കൊണ്ട്‌ വന്ന 
ചുവന്ന്‌ തുടുത്ത റോസപ്പൂക്കളോട്‌.. 
ഒരു വെളുത്ത വണ്ടിയില്‍ കയറി 
നീ എങ്ങോ പോകും വരെ.. 
രണ്ടു നാള്‍ കഴിഞ്ഞമ്മ 
നിനക്കായിലയില്‍ 
പൊതിഞ്ഞു വച്ച മൈലാഞ്ചി 
ദൂരേക്കെറിഞ്ഞു കളയും വരെ..


കയ്യുറക്കുള്ളിലെ 
തുന്നിച്ചേര്‍ത്ത വിരലുകളില്‍ 
ആരും കാണാതിട്ടു തരട്ടെ 
ഞാനീ മൈലാഞ്ചിക്കൂട്ട്‌? 
നിരത്തില്‍ നീ 
വാര്‍ത്ത രക്തത്തോളം 
നിറമുണ്ടാവില്ലതിനെങ്കിലും.. 


പച്ച ചുവപ്പാകുന്ന 
അതേ നിസ്സാരതയോടെ 
കാലം 
നിന്നെ തിരികെ തന്നിരുന്നെങ്കില്‍..

Tuesday, November 17, 2009

എത്ര നാളായി

എത്ര നാളായി

വെറുതേയൊന്നു

തിരിഞ്ഞു നിന്നിട്ട്‌

വന്ന വഴിയേതെന്ന്‌

തിരഞ്ഞു നടന്നിട്ട്‌..

എത്ര നാളായി

മണ്ണില്‍ നിന്നൊരു

മഞ്ചാടിക്കുരു

ഉള്ളംകയ്യില്‍

ഒളിച്ചു വച്ചിട്ട്‌..

എത്ര നാളായി

അന്നത്തേപ്പോല്‍

വീണ്ടുമമ്മയു

ടെയുള്ളിലൊന്നു

ചുരുണ്ട്‌ കിടന്നിട്ട്‌..

Thursday, November 12, 2009

ഉള്ളം ചൊല്ലിയത്

1
ഒരിക്കല്‍...

ചുറ്റും കടലല്ല
കായലല്ല
കുറേ മനുഷ്യര്‍..
അത്രമേലിഷ്ടമാണേകാന്തത
അതിനാല്‍ തുടിക്കുന്നു,
കൊതിക്കുന്നു
ഒരു ആള്‍ക്കൂട്ടത്തിന്‍
കടലിരമ്പം..

2
മറ്റൊരിക്കല്‍....

ഇരുളിന്‍
പൊരുളറിഞ്ഞവനോട്
കുപ്പിവളയുടെ
ചുവപ്പിനെ കുറിച്ച്
പറയുമ്പോള്‍
നിറയുന്നു,ണ്ടകക്കണ്ണില്‍
കറുത്ത നോവിനാല്‍
വെളുത്ത നേരുകള്‍.