Sunday, January 31, 2010

കുറേ കുട്ടികള്‍

ഒന്നിലേക്കും തുറക്കാത്ത
ജനാലപ്പടിമേലിരുന്ന്‌
നാം ഉറക്കെച്ചിരിക്കുകയും
ആകാശത്തെക്കുറിച്ച്‌
സംസാരിക്കുകയും ചെയ്തു
ഇന്നലെ വരെ. 

ഇന്നിനി നാം
പറക്കാനൊരുങ്ങി,
പാതിയില്‍
മുറ്റത്തെ മുള്ളുവേലിയില്‍
കുരുങ്ങിയ,പാവം
കുരുവിക്കുഞ്ഞിനെക്കുറിച്ചാവും
സംസാരിക്കുക.

നാളെ, ഒരുപക്ഷെ
നമ്മുടെയീ മതിലുകള്‍ക്ക്‌
ഈടു കൂട്ടുന്നതെങ്ങിനെയെന്ന്‌
സൂത്രപ്പണികള്‍
തിരയുകയുമാവാം.

അടഞ്ഞ വാതിലുകള്‍ക്ക്‌
ഇരുപുറവും നിന്ന്‌
പുറത്തേക്കുള്ള വഴി
തേടിത്തേടി തളര്‍ന്നൊരിട 
തിരിഞ്ഞു നോക്കുമ്പോള്‍
കുറേ കുട്ടികള്‍,
ആ പഴയ ജനാലപ്പടിമേലിരുന്ന്‌
ഉറക്കെ ചിരിക്കുകയും
ആകാശത്തെക്കുറിച്ച്‌
സംസാരിക്കുകയും ചെയ്യുന്നു.

Monday, January 25, 2010

ഉപ്പൂറ്റുന്നവര്‍

ഉപ്പൂറ്റാനൊരു
കടല്‍ തിരയണോ
ഉള്ളിലൊരു
കടലേറ്റി നടക്കുന്നവള്‍ക്ക്‌?

ഉള്ളിലൊരു
കടലേറ്റി നടക്കുന്നവള്‍ക്ക്‌
കൂട്ട്‌
ഒരു വസന്തമെപ്പോഴും
അധികമുള്ളവര്‍.
മഴ കനക്കുമ്പോഴൂറുന്ന
നിശബ്ദതയും, ഒരു പൂ 
വിരിയുമ്പോഴുതിരുന്ന
സംഗീതവും കേള്‍ക്കുന്നവര്‍.
തീ പിടിച്ച സ്വപ്നങ്ങളോടൊപ്പം
ഉദിച്ചസ്തമിക്കുന്നവര്‍.
ഭ്രാന്തിനും മരണത്തിനു
മൊത്തോടിത്തൊട്ടു കളിക്കുന്നവര്‍.
വഴിയറിയാതെ
യാത്ര ചെയ്യുന്നവര്‍.

കടല്‍ കാറ്റോളം
ഉന്‍മാദം ഉള്ളിലുള്ളവള്‍ക്ക്‌ 
കൂട്ട്‌
കടല്‍ കാറ്റോളം
ഉന്‍മാദം ഉള്ളിലുള്ളവര്‍.

ഉപ്പൂറ്റാനൊരു
കടല്‍ തിരയണോ
ഉള്ളിലൊരു
കടലേറ്റി നടക്കുന്നവര്‍ക്ക്‌?

Monday, January 11, 2010

കുഴിയാന കണ്ട കടല്‍

കുഴിയാനക്കുഴിയില്‍
കുടിയൊരുക്കുന്നവര്‍
എത്രയെന്നോ,
ഇന്നാട്ടില്‍.

നേരെ നോക്കി
പിന്നോക്കം നടന്ന്‌
അരിക്‌ ഒഴിഞ്ഞ്‌
ഒതുങ്ങുന്നു ജീവിതം.

കുഴിയാനക്കുഴിയിലെ
പൂഴിയില്‍ പൊലിയുന്നവര്‍
എത്രയെന്നോ,
ഇന്നാട്ടില്‍.

തിര കണ്ട്‌
കാല്‍ നനച്ച്‌
കടല്‍ കണ്ട പോലെ
മടങ്ങുന്നു ജീവിതം.

ഉറയുന്ന ജലമേ
തന്നിട്ടു പോകുമോ
നീയറിഞ്ഞ
ആ ആഴത്തിലെ കടല്‍?
ആ കടലിണ്റ്റെ ആഴം?

Tuesday, January 5, 2010

ലേബല്‍ - സൂര്യനഗരം, ഭയം, ഉപ്പിട്ട ചായ, കോട്ട













സൂര്യനഗരമോ
യാത്രയ്ക്ക് മുമ്പേയൊരു
ചിത്രം തന്നിട്ടു പോകൂ,
ചില്ലിട്ട് സൂക്ഷിക്കാനെന്ന്
കൂട്ടുകാര്‍ ചിരിക്കുന്നു.
ഭയമില്ലേയെന്ന്
വഴിപോക്കര്‍ തിരക്കുന്നു.
യാത്രയില്‍, വഴിയോരങ്ങളില്‍,
നെല്പാടങ്ങളില്‍ പോലും
കാക്കിവേഷങ്ങള്‍ കണ്ട്, നിങ്ങള്‍
സ്വന്തം നിഴലിനെപ്പോലും
തിരിഞ്ഞു നോക്കുന്നു.
സൂര്യ നഗരത്തിലെ
ഇടുങ്ങിയ തെരുവുകളിലൂടെ.
ചായം തേക്കാത്ത
മുഖങ്ങളുമായി, വീടുകള്‍
മനുഷ്യരും.
തിളങ്ങുന്ന കണ്ണുകളുള്ള
ഒരു കൊച്ചു പെണ്കുട്ടി
നിങ്ങള്ക്ക് സുഖമാണോയെന്ന്
ഉച്ചത്തിലിംഗ്ളീഷില്‍ ....
എങ്ങു നിന്നും
ആയിരം ജനല്ക്കണ്ണുകള്‍
നിങ്ങളെ മാടി വിളിക്കുന്നു,
വരൂ, ഉപ്പിട്ട ചായയും
ഷീര്മാലും കഴിച്ചിട്ടു
പോകാമെന്ന്...
ഉയരുന്ന ബാങ്ക് വിളി
നിറയുന്ന ചിറകടിയൊച്ചകള്‍
നിങ്ങള്‍ കണ്ണൊന്നേറ്റിയാല്‍
കാണാം, ജാമിയ മസ്ജിദിനപ്പുറം
കുന്നിന്‍ മുകളില്‍ അക്ബര്‍ കോട്ട.
രാത്രിയില്‍ തിളങ്ങുമത്.
വിളക്കാവാം,
ഉള്ളിലെ തടവുകാരുടെ
കണ്‍ തിളക്കവുമാവാം..

***************************************
സൂര്യനഗരം - ശ്രീനഗറിണ്റ്റെ പഴയ പേര്
ഷീര്മാല്‍ - കശ്മീരിലെ ഒരു പലഹാരം
ജാമിയ മസ്ജിദ് - 33,333 പേര്ക്ക് ഒരേ സമയം പ്രാര്ഥിക്കാനുള്ള സൌകര്യമുണ്ടിവിടെ
അക്ബര്‍ കോട്ട - കോട്ടയുടെ പാതി ഇന്ന് തടവറയായി ഉപയോഗിക്കുന്നു
Published in Tharjani, January 2010
http://www.chintha.com/node/61367