Tuesday, January 5, 2010

ലേബല്‍ - സൂര്യനഗരം, ഭയം, ഉപ്പിട്ട ചായ, കോട്ട













സൂര്യനഗരമോ
യാത്രയ്ക്ക് മുമ്പേയൊരു
ചിത്രം തന്നിട്ടു പോകൂ,
ചില്ലിട്ട് സൂക്ഷിക്കാനെന്ന്
കൂട്ടുകാര്‍ ചിരിക്കുന്നു.
ഭയമില്ലേയെന്ന്
വഴിപോക്കര്‍ തിരക്കുന്നു.
യാത്രയില്‍, വഴിയോരങ്ങളില്‍,
നെല്പാടങ്ങളില്‍ പോലും
കാക്കിവേഷങ്ങള്‍ കണ്ട്, നിങ്ങള്‍
സ്വന്തം നിഴലിനെപ്പോലും
തിരിഞ്ഞു നോക്കുന്നു.
സൂര്യ നഗരത്തിലെ
ഇടുങ്ങിയ തെരുവുകളിലൂടെ.
ചായം തേക്കാത്ത
മുഖങ്ങളുമായി, വീടുകള്‍
മനുഷ്യരും.
തിളങ്ങുന്ന കണ്ണുകളുള്ള
ഒരു കൊച്ചു പെണ്കുട്ടി
നിങ്ങള്ക്ക് സുഖമാണോയെന്ന്
ഉച്ചത്തിലിംഗ്ളീഷില്‍ ....
എങ്ങു നിന്നും
ആയിരം ജനല്ക്കണ്ണുകള്‍
നിങ്ങളെ മാടി വിളിക്കുന്നു,
വരൂ, ഉപ്പിട്ട ചായയും
ഷീര്മാലും കഴിച്ചിട്ടു
പോകാമെന്ന്...
ഉയരുന്ന ബാങ്ക് വിളി
നിറയുന്ന ചിറകടിയൊച്ചകള്‍
നിങ്ങള്‍ കണ്ണൊന്നേറ്റിയാല്‍
കാണാം, ജാമിയ മസ്ജിദിനപ്പുറം
കുന്നിന്‍ മുകളില്‍ അക്ബര്‍ കോട്ട.
രാത്രിയില്‍ തിളങ്ങുമത്.
വിളക്കാവാം,
ഉള്ളിലെ തടവുകാരുടെ
കണ്‍ തിളക്കവുമാവാം..

***************************************
സൂര്യനഗരം - ശ്രീനഗറിണ്റ്റെ പഴയ പേര്
ഷീര്മാല്‍ - കശ്മീരിലെ ഒരു പലഹാരം
ജാമിയ മസ്ജിദ് - 33,333 പേര്ക്ക് ഒരേ സമയം പ്രാര്ഥിക്കാനുള്ള സൌകര്യമുണ്ടിവിടെ
അക്ബര്‍ കോട്ട - കോട്ടയുടെ പാതി ഇന്ന് തടവറയായി ഉപയോഗിക്കുന്നു
Published in Tharjani, January 2010
http://www.chintha.com/node/61367

4 comments:

  1. ഇഷ്ടപ്പെട്ട ഒത്തിരി വരികളുള്ളതിനാല്‍ എടുത്തെഴുതുന്നില്ല.കവിത നിരൂപിക്കാനുള്ള ധൈര്യമില്ലാത്തതിനാല്‍ അതിന് മെനക്കെടുന്നുമില്ല.പരിമിതമായ എന്‍റെ അസ്വാദനശേഷി കൊണ്ട് മനസ്സിലാക്കിയെടുത്ത വരികളില്‍ എന്തോ വല്ലാത്ത ഒരു നീറ്റലുണ്ട്.കാശ്മീരിന്‍റെ വിങ്ങലുകളുണ്ട്.

    സൂര്യ നഗരത്തിലെ
    ഇടുങ്ങിയ തെരുവുകളില്‍
    ചായം തേക്കാത്ത
    മുഖങ്ങളുമായിവര്‍.

    ReplyDelete
  2. വായനക്ക്‌ നന്ദി ജിപ്പൂസ്‌, സാജന്‍..

    ReplyDelete
  3. നിങ്ങള്‍
    സ്വന്തം നിഴലിനെപ്പോലും
    തിരിഞ്ഞു നോക്കുന്നു....

    നിഴലു പോലും നഷ്ടപെട്ടവരോ .....?
    കൊള്ളാം .....നന്നാക്കാമായിരുന്നു

    ReplyDelete