Thursday, June 24, 2010

ഏഴു ഭൂഖണ്ഡങ്ങള്‍ അടുക്കിവച്ച് seven tiles കളിക്കുന്നു

ഏഴു കല്ലുകള്‍
ഒരു പന്ത്,
ഒരൊറ്റ മൈതാനം.


കളിക്കാര്‍
വന്നും പോയും.
ആണും പെണ്ണും
ഇടപിണഞ്ഞും,
ഇടപിരിഞ്ഞും.


ഓരോ കളിയും
ഒടുവിലത്തേതെന്ന
മട്ടില്‍ കളിക്കുന്നു.
ഓരോ കല്ലും
ഒടുവിലത്തേതെന്ന്
അടുക്കിവയ്ക്കുന്നു.


ഓരോ  നിമിഷവും
പാഞ്ഞടുക്കുന്നു
ഒരു പന്ത്.


ഏറ്റവും ഏകാന്തമായി
ഒരു യുദ്ധം.
ഏറ്റവും ഏകാഗ്രമായി
ഒരു ധ്യാനം.
ഏറ്റവും ആര്‍ദ്രമായി
ഒരു ശോകം.
ഏറ്റവും പരിഹാസ്യമായി
ഒരുന്മാദം.


ഒഴുക്കിയ വിയര്‍പ്പിനും
ഇറ്റിച്ച രക്തത്തിനും
ഒരേ നിറം,
ഒരേ മണം,
ഒരേ രുചി.


വിയര്‍പ്പിന്‍  മണമുള്ള
കനവിലും,
ചോര നനവുള്ള
മണ്ണിലും
ഇന്നന്യര്‍, കണ്ണാടി മാളിക
പണിയുന്നു.


ഒടുവില്‍
ഒറ്റയായിപ്പോയൊരാള്‍
ഓരോ കളിയും
ഒടുവിലത്തേതെന്ന
മട്ടില്‍ കളിക്കുന്നു.
ഓരോ കല്ലും
ഒടുവിലത്തേതെന്ന്
അടുക്കി വയ്ക്കുന്നു.


ഏഴാം കല്ലിനും
അടുക്കുന്ന പന്തിനും
ഇടയില്‍,
വിറയ്ക്കുന്നു കോലം;
കിതയ്ക്കുന്നു  കാലം.

7 comments:

  1. വിറയ്ക്കുന്നു കോലം;
    കിതയ്ക്കുന്നു കാലം.

    ReplyDelete
  2. ഏറ്റവും ഏകാന്തമായി
    ഒരു യുദ്ധം.
    ഏറ്റവും ഏകാഗ്രമായി
    ഒരു ധ്യാനം.
    ഏറ്റവും ആര്‍ദ്രമായി
    ഒരു ശോകം.
    ഏറ്റവും പരിഹാസ്യമായി
    ഒരുന്മാദം.
    -സിസ്സിഫസിനേയും നാറാണത്ത് ഭ്രാന്തനേയും എന്നെത്തന്നെയും നിന്നെത്തന്നെയും കാണിച്ചു തരുന്നുണ്ട് കവിത. ഒരല്പം ധ്യാനം കൂടിയുണ്ടായിരുന്നെങ്കിൽ എന്നു വിചാരിച്ചു പോയി...

    ReplyDelete
  3. വിറക്കുന്നു കോലം..
    കിതക്കുന്നു കാലം..

    കാലത്തിനൊപ്പം കോലം കെട്ടാതെ വയ്യ.. ചിത്ര നന്നായിരിക്കുന്നു

    ReplyDelete
  4. നല്ല ചിന്ത. അഭിനന്ദനങ്ങള്‍ .....
    രാപ്പാടിപ്പാട്ടുപോല്‍ "രാമൊഴി"ക്കവിതകള്‍
    രാവുറങ്ങാതെ നോക്കും വിറക്കും കോലങ്ങളെ.
    രാസായുധങ്ങള്‍ വീണത്തന്ത്രികള്‍മുറുക്കവെ-
    രാപ്പകല്‍കിതക്കുന്നു കാലത്തിന്നൊപ്പം "രാമൊഴി."

    ReplyDelete
  5. കവിതക്കൊന്നും കമന്റടിക്കാന്‍ ഞാന്‍ ആളല്ല. എങ്കിലും ഒന്ന് വന്നു എന്ന് അറിയാന്‍ , പറയാന്‍ :)

    ReplyDelete
  6. മുതുകിലോ നെഞ്ചിലോ എപ്പോഴാണ് ഏറു പാഞ്ഞു വരുന്നതെന്ന് കിടിലം കൊണ്ടുകൊണ്ട് സെവൻസ് കളിച്ച കുട്ടിക്കാലം ഓർക്കുന്നു. അതിനെ ഏഴു വൻ‌കരകളുടെ മത്സരമാക്കി തിരുത്തിയെഴുതിയതിൽ ഒരു മൌലികതയുണ്ട്. അനിൽ മാഷ് പറഞ്ഞ പോലെ വല്ലാതെ പരന്നും ആവർത്തിച്ചും പോയ പോലെ തോന്നുന്നു.
    യുദ്ധക്കളത്തിൽ നിൽക്കുന്ന പട്ടാളക്കാരനെപ്പോലെ ഏകാന്തനായ മനുഷ്യം ലോകത്ത് വേറെയില്ല ആനന്ദ് പറഞ്ഞതിനെ ഓർത്തു അവസാന വരി വായിച്ചപ്പോൾ.

    എല്ലാ കളികളും ചോര കൊണ്ടു നടത്തുന്ന മരണപ്പോരാട്ടങ്ങളാകുന്ന കാലത്തെ കവിതയിൽ കാണാൻ കഴിയുന്നുണ്ട്.

    ReplyDelete