Tuesday, October 26, 2010

മൊഴി

മലമുകളില്‍ നിന്നും 
കടല്‍ക്കരയില്‍ നിന്നും 
ഞാന്‍ വിളിച്ചു
മറുവിളി കേട്ടതേയില്ല.
സ്വരങ്ങളെ 
കാറ്റെടുത്തതാവാം
വാക്കുകളെ 
തിര മായ്ച്ചതാവാം;
ഇമ്പമുള്ള ഈണങ്ങള്‍ക്കിടെ 
കാമ്പില്ലാതെയണഞ്ഞതാവാം.

ഒരുമിച്ചിരുന്ന ചില്ലയോ 
ഒപ്പം വളര്‍ന്ന കാടോ
കണ്‍വെട്ടത്തിലില്ല. 
കൂട്ടായി കണ്ട കാഴ്ചകള്‍ 
വഴിയിലഴിഞ്ഞു വീണതറിഞ്ഞില്ല.
കാലമെന്നേ
തുഴവിട്ടു പോയി 
ദിക്കുകള്‍ പരശ്ശതങ്ങളായ്,
വിഭ്രമങ്ങളായി.

ഇടമില്ലാതലയുന്നു 
ഒരു മൊഴി. 
അതിനു
മേഘത്തിന്റെ മുഴക്കമില്ല;
തേനും വയമ്പും ചാലിച്ചതുമല്ല.
ഒരുറുമ്പുറുമ്പിനോട് 
പറയുന്നത്ര മൃദുവാണത്,
വിശപ്പിന്റെ വിളി പോലെ 
വിവശവും . 

കാലത്തിന്‍ വിരലാല്‍ മായ്ക്കാവതല്ല 
കുഞ്ഞുറുമ്പിന്‍ രാസരഹസ്യങ്ങള്‍.
ഇനിയേത്  കൈയ്യൂട്ടിയാലും തീരില്ല 
ഈ വിശപ്പിന്റെ, ഒടുങ്ങാത്ത നിലവിളി.

Friday, October 22, 2010

കവി അയ്യപ്പന്റെ ഓര്‍മ്മയ്ക്ക്

എന്റെ ഉടലിനെച്ചൊല്ലി ഉന്മാദയാകരുത് 
എന്റെ പേരില്‍ ഒന്നും അടയാളപ്പെടുത്തരുത് 
ഇന്നലെകളെയും 
ഇന്നിനെയും 
മറക്കൂ 
ചുരം കഴിഞ്ഞു 
ഇതാ വാതായനം
വാതായനം വരെ മാത്രമേ 
വാഗ്ദാനമുള്ളു 
ഞാന്‍ തിരിച്ചു പോകുന്നു
ഉയിര്ത്തെഴുന്നേല്‍ക്കാനാവാത്ത
കുരിശിലേക്ക്..
..........................
..............................
(അയ്യപ്പന്റെ വിധിദിനം എന്ന കവിതയില്‍ നിന്ന്)


രണ്ടു നാള്‍ മുന്‍പും വഴിയില്‍ വച്ചെവിടെയോ കണ്ടെന്നു തോന്നിയിരുന്നു..ഇങ്ങനെ തന്നെയാവും വിട പറയുക എന്നിടയ്ക്കിടെ തോന്നിയിരുന്നു..

Thursday, October 21, 2010

വീട്

നിറയെ ജനാലകളുള്ള
മുറിക്കുള്ളില്‍, ചിതറിയ
ചായപ്പെന്‍സിലുകള്‍ക്കിടയിലിരുന്ന്‍
ഒരു കുട്ടി
മതിലുകളില്ലാത്ത
ഒരു വീട് വരയ്ക്കുന്നു.

വീട്
വീട്ടില്‍ നിന്നിറങ്ങി
തെരുവിലേക്ക് പോകുന്നു.

തെരുവിലൊരു
പാട്ടുകാരിയും കുഞ്ഞും.
അവള്‍
അതിരുകളില്ലാത്ത
ഒരു ലോകത്തെക്കുറിച്ച് പാടുന്നു.
കുഞ്ഞ് ചിരിക്കുന്നു, പാടുന്നവളുടെ
കണ്ണുകള്‍  തിളങ്ങുന്നു.

തെരുവ്
തെരുവില്‍ നിന്നിറങ്ങി
സ്വന്തം വീട്ടിലേക്ക് പോവുന്നു.

കുട്ടി വരച്ച വീട്
മുറ്റത്തെ വേപ്പിനെ ചുറ്റി
വേപ്പിനെ  ചുറ്റുന്ന മുല്ലയെ ചുറ്റി
വള്ളിയിലിരിക്കുന്ന കിളിയെ ചുറ്റി
കിളിക്കണ്ണിലെ ആകാശത്തേക്ക്
പറന്ന്‍ പറന്ന്‍ പോകുന്നു.

Tuesday, October 5, 2010

ഇരകളൊന്നിച്ചാല്‍

മനുഷ്യന്‍ മണ്ണിരയോട്..
എത്ര നാളിങ്ങനെ 
മണ്ണ് തുപ്പി കഴിയും?
അറിയണ്ടേ നിനക്ക് 
ഒഴുക്കിന്റെ വേഗം?

മനുഷ്യന്‍ മീനിനോട്‌..
അറിയുമോ നിനക്കെന്റെ
യന്പേതുറക്കത്തിലും 
കേള്‍ക്കും ഞാന്‍, നിന്റെ 
വിശപ്പിന്റെ നിലവിളി.

മണ്ണിര മീനിനോട്‌..
ഞാന്‍ നിനക്കിരയാവുന്ന 
മാത്രയില്‍, നീ 
മനുഷ്യനിരയെന്ന്
അറിയുമോ സഖേ?

മീനും മണ്ണിരയും മനുഷ്യനോട്‌..
ഇര കാണിച്ച് 
ഇര തേടുന്നത് 
നിര്ത്താറായില്ലേ 
നിനക്കിനിയും?