Tuesday, October 26, 2010

മൊഴി

മലമുകളില്‍ നിന്നും 
കടല്‍ക്കരയില്‍ നിന്നും 
ഞാന്‍ വിളിച്ചു
മറുവിളി കേട്ടതേയില്ല.
സ്വരങ്ങളെ 
കാറ്റെടുത്തതാവാം
വാക്കുകളെ 
തിര മായ്ച്ചതാവാം;
ഇമ്പമുള്ള ഈണങ്ങള്‍ക്കിടെ 
കാമ്പില്ലാതെയണഞ്ഞതാവാം.

ഒരുമിച്ചിരുന്ന ചില്ലയോ 
ഒപ്പം വളര്‍ന്ന കാടോ
കണ്‍വെട്ടത്തിലില്ല. 
കൂട്ടായി കണ്ട കാഴ്ചകള്‍ 
വഴിയിലഴിഞ്ഞു വീണതറിഞ്ഞില്ല.
കാലമെന്നേ
തുഴവിട്ടു പോയി 
ദിക്കുകള്‍ പരശ്ശതങ്ങളായ്,
വിഭ്രമങ്ങളായി.

ഇടമില്ലാതലയുന്നു 
ഒരു മൊഴി. 
അതിനു
മേഘത്തിന്റെ മുഴക്കമില്ല;
തേനും വയമ്പും ചാലിച്ചതുമല്ല.
ഒരുറുമ്പുറുമ്പിനോട് 
പറയുന്നത്ര മൃദുവാണത്,
വിശപ്പിന്റെ വിളി പോലെ 
വിവശവും . 

കാലത്തിന്‍ വിരലാല്‍ മായ്ക്കാവതല്ല 
കുഞ്ഞുറുമ്പിന്‍ രാസരഹസ്യങ്ങള്‍.
ഇനിയേത്  കൈയ്യൂട്ടിയാലും തീരില്ല 
ഈ വിശപ്പിന്റെ, ഒടുങ്ങാത്ത നിലവിളി.

8 comments:

  1. ഒരുമിച്ചിരുന്ന ചില്ലയോ
    ഒപ്പം വളര്‍ന്ന കാടോ
    കണ്‍വെട്ടത്തിലില്ല.

    ReplyDelete
  2. കവിതെ എന്തോ എനിക്ക് പൂര്‍ണ്ണമായും മനസ്സിലായില്ല.. എന്റെ കുഴപ്പം തന്നെ..

    ReplyDelete
  3. ഉറുമ്പ് ഉറുമ്പിനോടു പറയും പോലെ മന്ത്രിക്കുന്ന മൊഴിയുടെ മൃദുവീചികൾ കാറ്റും കടലുമെടുക്കാതെ ചില തീരങ്ങളിൽ എത്തിപ്പെടുക തന്നെ ചെയ്യില്ലേ, മേഘഗർജ്ജനങ്ങൾക്ക് മീതെ, ഇമ്പങ്ങൾക്കിടയിലൂടെ!

    ReplyDelete
  4. മൃദുവായൊരു നിലവിളി...

    മനസ്സടയ്ക്കുന്നു.

    ReplyDelete
  5. കാലത്തിന്‍ വിരലാല്‍ മായ്ക്കാവതല്ല
    കുഞ്ഞുറുമ്പിന്‍ രാസരഹസ്യങ്ങള്‍.
    -ഇടമില്ലാതലയുന്നു ഒരു മൊഴി.
    -നല്ല കവിത

    ReplyDelete
  6. ആത്മാവിന്റെ വിശപ്പ്
    ശമനമില്ലാതെ തുടരും.
    നല്ല കവിതയാണിത്

    ReplyDelete