Thursday, December 30, 2010

കോട്ടയ്ക്ക് മുകളില്‍

ഈ കാറ്റെന്റേതല്ല 
മറ്റാരുടെയോ.
ആരുടെയോ വെയില്‍, 
തണുപ്പ്‌, ദൂരപ്പരപ്പ്.
യാദൃശ്ചികം, ഈ 
കോട്ടയ്ക്ക് മുകളിലെ നില്പ്.

കാല്‍ വിറയ്ക്കുന്നു,
അപ്പുറം കടല്‍നീല 
ഇപ്പുറം തടവറക്കറുപ്പ്‌  . 

കടലുന്നമായ് പീരങ്കികള്‍ .
അവയ്ക്ക്മേല്‍ ചെറു പൂക്കള്‍ 
വിരിഞ്ഞു നില്‍ക്കുന്നു. 
കല്ലില്‍, വളര്‍ന്ന പുല്ലില്‍ 
ചുവന്ന്‍ പൂവുകള്‍.
ഇപ്പോള്‍ തെറിച്ച പോല്‍ 
വിടര്‍ന്ന്‍ നില്‍ക്കുന്നു. 

കരിങ്കല്ലില്‍ തല്ലിയലച്ച്
ചിതറുന്നു കാഴ്ചകള്‍. 
ചുറ്റിലും ഒരു കാലം 
നീലിച്ച് കിടക്കുന്നു.
ഒരു തടവറയെപ്പോഴും
കൂടെ നടക്കുന്നു.
പഴയ പീരങ്കിയില്‍ 
പുതിയ ചോര മണക്കുന്നു.

Saturday, December 11, 2010

കിണര്‍

കു
ഴി
ച്ച്
കു
ഴി
ച്ച്
ചെന്നു
പാറ തട്ടി
നിന്നു.

നീണ്ട് വരുന്നില്ല
ജലവേരുകള്‍;
വറ്റിയൊരുറവിന്റെ
കുറ്റ നിശബ്ദത.

മലര്‍ന്നു കിടന്നു.
മണ്ണിന്‍  ഗന്ധം,
പുഴു സ്പര്‍ശം.
ആകാശനീല,
പാറി വരുന്നോരില.
മേഘസഞ്ചാരം,
വെയില്‍ ഘടികാരം.

പൊത്തിലുറങ്ങും
പാമ്പിന്നാലസ്യം,
നിശബ്ദ ലാസ്യം.

നിശാശലഭത്തിന്‍  ചിറകടി.

കണ്ണില്‍
കോണി ചാരി നിലാവിന്നിറക്കം.
ഉള്‍ക്കണ്ണില്‍
വെളുത്ത പൊന്നിന്‍ കിനാപ്പെരുക്കം.

Sunday, December 5, 2010

പിടച്ചില്‍

അമ്പേറ്റതിന്‍ പാട്;
അമ്പില്ല, ഇല്ലത്
കടന്ന്‍ പോയ ദേഹവും.

പകലിനൊപ്പം മറഞ്ഞ ഇലനിഴല്‍.
പുതുവെയില്‍തോപ്പിലുയിര്‍ക്കാന്‍,
മണ്ണോട് ചേര്‍ന്ന നിഴലിന്നുടല്‍.

അടുക്കുന്തോറും
അകലമേറുന്നൊരാകാശം     .
തടുക്കുന്തോറും
ചുവപ്പേറുന്നൊരു സൂര്യന്‍.

കറുത്ത പൂക്കളുടെ
നിശബ്ദ വിളര്‍ച്ച.

വിടരാതെ കൊഴിഞ്ഞ
വാക്കിന്റെ ചുടല.

ചായ ബാക്കിയില്‍
കുടുങ്ങിയൊരീച്ചയുടെ 
ഒടുവിലത്തെ പിടച്ചില്‍.