Sunday, April 3, 2011

മൂന്നു കുട്ടികള്‍ ആകാശം കാണുന്നു

വീടിന്റെ മേല്‍ക്കൂരയില്‍ 
മലര്‍ന്നു കിടന്നു 
ആകാശം കാണുന്നു 
രണ്ട്  ചെറിയ കുട്ടികള്‍,
ഞാനും.

അസ്തമയച്ചുവപ്പിന്റെ 
ഒരു മുട്ടായിത്തുണ്ട്.
തുമ്പപ്പൂ നക്ഷത്രങ്ങള്‍. 
റബ്ബര്‍ വച്ച് മായ്ച്ച പോലെ  
മാഞ്ഞു പോയ നിലാവ്.

ഈ ആകാശമാണോ ഭൂമിയെന്നൊരാള്‍
ഈ ഭൂമിക്കുള്ളിലാണോ നമ്മളെന്നു മറ്റൊരാള്‍.
ഒരുത്തരവും ശരിയുത്തരമാവാതെ മൂന്നാമതൊരാള്‍ .

ശ്വാസം മുട്ടിക്കുന്ന ഇരുട്ട്.
കുട്ടികള്‍ ഭയന്നുരുമ്മിക്കിടക്കുന്നു,
ഞാനും.
നിഴലുകള്‍ അവരെ ഭയപ്പെടുത്തുന്നു 
എന്നെയും.
അവര്‍ മുതിര്‍ന്നു തുടങ്ങിയിരിക്കുന്നു 
ഞാനും.

ഉള്ളില്‍ 
മറ്റൊരാകാശത്തില്‍
ഉദയവും അസ്തമയവുമറ്റ പകലുകള്‍ 
ഇരുള്‍ ഗുഹകളായ നക്ഷത്രങ്ങള്‍ 
മാഞ്ഞു മാഞ്ഞു പോകുന്ന ഒരു ചന്ദ്രന്‍.

മൂന്നു കുട്ടികള്‍ 
ആകാശം കണ്ട്‌  കിടക്കുന്നു.
തിരക്കുകളേതുമില്ലാതെ 
വെറുതെ, നിലാവ് കാത്ത് കിടക്കുന്നു.

24 comments:

  1. അച്ചുവിനും അമ്മുവിനുമൊപ്പം ആകാശം നോക്കിക്കിടന്ന രാവുകള്‍ക്ക്‌..അഞ്ചിന്റെ കൊഞ്ചലുകളുളള ഇരട്ടക്കുട്ടികള്‍ക്ക്..

    ReplyDelete
  2. വെറുതെ, നിലാവ് കാത്ത് ...

    nannayi...

    njanum aakasam kanunnu

    ReplyDelete
  3. അവര്‍ മുതിര്‍ന്നു തുടങ്ങിയിരിക്കുന്നു,ഞാനും.എല്ലാവരികളിലുമുണ്ട് ഈ ഉള്‍ക്കാഴ്ച.
    കവിത വളരെ ഹൃദ്യം.

    ReplyDelete
  4. ഒരുത്തരവും ശരിയുത്തരമാവാതെ മൂന്നാമതൊരാള്‍ .........
    അവര്‍ മുതിര്‍ന്നു തുടങ്ങിയിരിക്കുന്നു ..............


    ആകാശം കണ്ടു ഞാനും

    ReplyDelete
  5. തിരക്കുകളേതുമില്ലാതെ
    വെറുതെ, നിലാവ് കാത്ത് കിടക്കുന്നു.“ സ്വപ്നമല്ലേ എന്നു മനസ്സു ചോദിക്കനൊരുങ്ങുകയായിരുന്നു. അടിക്കുറിപ്പു തിരുത്തിത്തന്നു. നന്നായിരിക്കുന്നു ആകാശം നോക്കിയുള്ള കാഴ്ചകൾ, ഉൾക്കാഴ്ചകൾ.

    ReplyDelete
  6. അസ്തമയച്ചുവപ്പിന്റെ
    ഒരു മുട്ടായിത്തുണ്ട്.
    തുമ്പപ്പൂ നക്ഷത്രങ്ങള്‍.
    റബ്ബര്‍ വച്ച് മായ്ച്ച പോലെ
    മാഞ്ഞു പോയ നിലാവ്.

    കുട്ടിത്തം തുളുമ്പുന്ന ഈ വരികള്‍ ഏറെയിഷ്ടമായി.
    കുഞ്ഞി ചിത്രം പോലെ വിഷ്വല്‍.

    ഒപ്പം,റബര്‍ കൊണ്ട് മായ്ച്ചിട്ടും
    ഉള്ളിലെ ആകാശത്തില്‍
    ഒറ്റക്കണ്ണു ചിമ്മി
    പമ്മിയെത്തുന്ന
    ആ ഇത്തിരി നിലാവിനെയും.

    ReplyDelete
  7. കുഞ്ഞുങ്ങൾക്കൊപ്പം എല്ലാം മറന്ന് ആകാശം നോക്കി.. നിർവൃതി അല്ലേ? എങ്കിലും ഉള്ളില്‍
    മറ്റൊരാകാശത്തില്‍
    ഉദയവും അസ്തമയവുമറ്റ പകലുകള്‍
    ഇരുള്‍ ഗുഹകളായ നക്ഷത്രങ്ങള്‍
    മാഞ്ഞു മാഞ്ഞു പോകുന്ന ഒരു ചന്ദ്രന്‍.
    -- രക്ഷപെടില്ല!

    ReplyDelete
  8. നറും നിലാവ് പോലെ പ്രകാശം പരത്തുന്ന നനുത്ത വരികള്‍ .വളരെ ഇഷ്ടപ്പെട്ടു.ആശംസകള്‍.

    ReplyDelete
  9. അസ്തമയച്ചുവപ്പിന്റെ
    ഒരു മുട്ടായിത്തുണ്ട്.
    തുമ്പപ്പൂ നക്ഷത്രങ്ങള്‍.
    റബ്ബര്‍ വച്ച് മായ്ച്ച പോലെ
    മാഞ്ഞു പോയ നിലാവ്.
    ഞാനുമീ ആകാശം കാണുന്നു.. :)

    ReplyDelete
  10. ആകാശം കണ്ടങ്ങനെ ഞാനും..

    ReplyDelete
  11. നിലാവ് വരുമോ അമാവാസിയില്‍ ?

    ReplyDelete
  12. തിരക്കുകളേതുമില്ലാതെ
    വെറുതെ, നിലാവ് കാത്ത് കിടക്കുന്നു.

    ഈ ആകാശത്തിനു നല്ല ഭംഗി.. വാക്കുകളുടെ, വരികളുടെ നിലാവ്.
    നന്ദി , ചിത്രാ.

    ReplyDelete
  13. ഇഷ്ടായി..
    ഒരിത്തിരി നേരത്തേക്കെങ്കിലും ആ കൊഞ്ചലുകള്‍ മായ്ച്ചു തന്നില്ലേ ഉള്ളിലെ ഇരുളും,നിഴലും..ഉള്ളിന്റെയുള്ളിലെ കുട്ടി ഒരിക്കലും വലുതാവാതിരുന്നെങ്കില്‍ അല്ലേ..

    ReplyDelete
  14. തിരക്കുകളേതുമില്ലാതെ
    വെറുതെ, നിലാവ് കാത്ത് കിടക്കുന്നു.

    നിലാവ് വരും ട്ടൊ
    കവിത നന്നായീ.....

    ReplyDelete
  15. കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  16. നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ..

    വരികള്‍ ഇഷ്ടമായി ചിത്ര. രണ്ട് കുട്ടികളെ മനസ്സിലായി.. മൂന്നാമത്തെ ഇള്ളക്കുട്ടിയെ മനസ്സിലായില്ല :):)

    ReplyDelete
  17. അതിലൊരു കുട്ടി ഇവിടെയുണ്ട്

    ReplyDelete
  18. സന്ധ്യാംബരം കുട്ടികളുടെ കണ്ണിലൂടെ നോക്കിക്കാണാനായത് നന്നായി. അവർക്കല്ലേ മിഠായിത്തുണ്ടും തുമ്പപ്പൂനക്ഷത്രങ്ങളും റബ്ബർ കൊണ്ടു മായ്ച്ചതുപോലുള്ള നിലാത്തുണ്ടുമൊക്കെ കാണാനാകൂ. കവിത നന്ന്. ആ അഞ്ചു വയസ്സുകാർക്ക് ഓരോ ചക്കരയുമ്മവീതം കൊടുത്തേക്കൂ.

    ReplyDelete
  19. നിഷ്കളങ്ക ബാല്യത്തില്‍ അലിഞ്ഞു ചേരുന്ന ആകുലതകളെ , നിശയുടെ ബാല്യത്തില്‍ പകലിന്‍റെ വര്ധ്ക്ക്യവെപ്രാളം അലിഞ്ഞു ചേരുന്ന സന്ധ്യയോട് ഉപമിച്ചത് ഗംഭീരമായി.
    അച്ചുവിനും അമ്മുവിനും എന്‍റെ സ്നേഹാന്വേഷണങ്ങള്‍

    ReplyDelete
  20. അസ്തമയച്ചുവപ്പിന്റെ
    ഒരു മുട്ടായിത്തുണ്ട്.
    തുമ്പപ്പൂ നക്ഷത്രങ്ങള്‍. കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete

  21. ഈ ആകാശമാണോ ഭൂമിയെന്നൊരാള്‍
    ഈ ഭൂമിക്കുള്ളിലാണോ നമ്മളെന്നു മറ്റൊരാള്‍.
    ഒരുത്തരവും ശരിയുത്തരമാവാതെ മൂന്നാമതൊരാള്‍ .

    ഇതിൽ മൂന്നാമതൊരാൾ എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്

    ReplyDelete