Monday, November 18, 2013

മയക്കം

വഴിയിൽ
ഒരു കുഞ്ഞുറങ്ങുന്നു.
കൂടെയുറങ്ങുന്നു
ഒരു പട്ടിക്കുട്ടി.

തണുപ്പുണ്ട്;
രണ്ടും
ചുരുണ്ട് കൂടിക്കിടക്കുന്നു.

വിശപ്പുണ്ട്;
ഇരുവയറൊട്ടിക്കിടക്കുന്നു.

അവരൊന്നിച്ച്
കാണുന്ന കിനാവിലേക്ക്
അടുത്ത വീടുകളിൽ
മീൻ പൊരിക്കുന്ന
മണമൊഴുകിയെത്തുന്നു.

ഇരുവരും
വയറു നിറച്ചുണ്ണുന്നു
പുതച്ച് മൂടിക്കിടക്കുന്നു.

അവർ കാണുന്ന  കിനാവിന് പുറത്ത്
കിനാവ് കാണാത്തൊരു ലോകം.

കിനാവ് കാണാത്ത
ലോകത്തിന്റെ നെറുകയിൽ
ഏതോ ഒരു കുഞ്ഞും
ഏതോ ഒരു പട്ടിക്കുട്ടിയും
വെയിലിൽ
പൊരിഞ്ഞ് കിടന്നുറങ്ങുന്നു.

Tuesday, July 16, 2013

കല്ലെഴുത്ത്

കറുപ്പാണ് ഭാഷ 
നൂറ്റാണ്ടുകളുടെ 
പൊടിയും വെയിലും വിയർപ്പും  
നിറച്ച ഊർജമാണുള്ളിൽ.

സ്വന്തമായുണ്ട് 
ആകാരമില്ലായ്മയിലെ 
കാട്ടുചന്തം;
മണ്ണിൽ തൊട്ടുള്ള നില്പിലെ 
ആകാശനിർവൃതി.

തികഞ്ഞൊരു ശില്പമായ് 
പരിണമിക്കുക ഒരു ലക്ഷ്യമേയല്ല;
പ്രളയഭൂമിയിൽ 
ചവിട്ടി നിൽക്കാനുതകുന്ന പടവായോ 
ദുർബലമായൊരു കയ്യിൽ 
ഓങ്ങി നിൽക്കുന്ന ആയുധമായോ 
ജീവിച്ചാൽ മതിയാകും.

വീഴ്ചയിലും
ഉയരുന്ന ദാഹജലത്തിന്റെ കാഴ്ചയും 
ആദ്യത്തെയേറിൽത്തന്നെ 
തുടുമാമ്പഴങ്ങൾ ചിതറിക്കുന്ന 
ഒരു കുഞ്ഞിന്റെ ആഹ്ലാദവും 
സ്വപ്നത്തിൽ.

പാറി വരുന്ന തുമ്പികൾക്ക് 
കാറ്റ് കൊള്ളാൻ 
ഒരിടം.

Saturday, June 15, 2013

ഒരു കടങ്കഥയിൽ

പല തവണ  
കിണറ്റിൽ ചാടിയിട്ടും 
പ്രാണൻ തുളുമ്പാത്തൊരു കിഴവി.

പായൽക്കണ്ണുകളിൽ 
മഴക്കോൾ.

വീഴ്ചയിൽ താൻ കണ്ട 
പവിഴപ്പുറ്റുകളെക്കുറിച്ചും 
നേർക്ക് നേർ വന്ന 
കൂറ്റൻ സ്രാവുകളെക്കുറിച്ചും 
ജലനഗരങ്ങളിലെ എടുപ്പുകളെക്കുറിച്ചും 
വാചാലയാകുമ്പോൾ 
കിഴവിയുടെ കണ്ണുകൾക്ക്‌, അവരുടെ 
വൈരമൂക്കുത്തിയേക്കാൾ തിളക്കം. 

ആഴങ്ങളിൽ 
തനിക്ക് കൂട്ടായ് വന്ന 
കുഞ്ഞുമീൻപറ്റങ്ങൾ 
കാലടികളിലിക്കിളിയായ് 
തുടിച്ചൊരോർമ്മയിൽ,
കിഴവി, പല്ലുകളില്ലാത്ത മോണ 
കാട്ടിച്ചിരിക്കുന്നു. 

എങ്കിലും ഒറ്റയ്ക്കാവുമ്പോൾ, അല്ലെങ്കിൽ 
ഒരു കരിമേഘത്തിനിരുൾ പരക്കുമ്പോൾ 
ഏതോ ഭയത്തിന്റെ മിന്നലിൽ 
അവർ വീട്ടിൽ നിന്നിറങ്ങിയോടുന്നു. 

പോകുന്നിടത്തെല്ലാം നാട്ടിലുള്ള 
കിണറുകളെ, കുളങ്ങളെ, നദികളെ,
സമുദ്രങ്ങളെയൊക്കെയും 
അവർ കാലിൽ 
കെട്ടിവലിച്ചു കൊണ്ടോടുന്നു.

ജലത്തിന്റെ ഹൂങ്കാരം 
നാടാകെ നിറയുന്നു. 

Sunday, January 20, 2013

യുദ്ധചിത്രത്തില്‍

ചത്ത് മലച്ച് 
കിടക്കുന്നവളുടെ മുലയില്‍ 
അമര്‍ന്ന് നില്‍ക്കുന്നു 
ബൂട്സിട്ട ഒരു കാല്‍.

കാലിന്റെയുടമയെ 
കുറിച്ചോര്‍ത്തില്ല. 

ആ കാലില്‍ 
എണ്ണ തേച്ച് കുളിപ്പിച്ച 
രണ്ട്‌ കൈകളെ കുറിച്ചോര്‍ത്തു.
വറ്റിയിട്ടും, ചോരിവാ 
കണ്ടൊരിക്കല്‍ 
കനത്ത് വിങ്ങിയ 
രണ്ട് മുലകളെക്കുറിച്ചും.