Sunday, January 5, 2014

തൂത്തുക്കുടിക്കവിതകൾ

അമാവാസി

ഇരുളിൻ തൊങ്ങലുകളെങ്ങും.

ഉപ്പുകൂനകളിൽ നിന്നും
നിലാവിറങ്ങി വന്നു.
കടലിൽ
തിരയിളക്കം.

രണ്ട് പേർ
നിലാവിൽ
കൈകോർത്ത് നടക്കുന്നു.


മാതാകോവിൽ 

ഞായറാഴ്ച.
ഊരിലെ കൂട്ടം മുഴുവൻ
കോവിലിനുള്ളിൽ.

തറഞ്ഞു കിടക്കുന്നവനെ
കൂട്ടക്കാർ
നോക്കിയിരിക്കുന്നു,
അവർ മുട്ട് കുത്തി നിൽക്കുന്നു
വചനങ്ങൾ കേൾക്കുന്നു
ഒച്ചപ്പെരുക്കിയിൽ
പാട്ടൊഴുകുന്നു
അൾത്താരയിൽ
മെഴുകുരുകും മണം.

പുറത്ത് മെഴുകുതിരി
വില്ക്കുന്ന കുട്ടി
കോവിലിന്
പുറം തിരിഞ്ഞിരിക്കുന്നു.

മെഴുതിരികളൊന്നിച്ച് വാങ്ങി
ഒരുവൻ മടങ്ങുമ്പോൾ
കടൽ രണ്ടായ് പിരിഞ്ഞത്
കണ്ട് രസിക്കുന്നു
ഏറെ നാളായ്
വിശപ്പിന്റെ ഉളിയേറ്റ്
പിടഞ്ഞ രണ്ട് ചെറുകണ്ണുകൾ.

ചിത്രം 

മേഘക്കൂനകളാൽ
വെളുത്ത ആകാശം;
ഉപ്പുകൂനകളാൽ
വെളുത്ത ഭൂമി.

ഭൂമിയിൽ നിന്ന്
ആകാശത്തേക്കുള്ളൊരിടവഴിയിൽ
പൊടുന്നനെ ഒരു മയിൽ.

കാൻവാസിന്റെ
വെള്ളയിലേക്ക്
നിറങ്ങളിറ്റ് വീഴുന്നു.

നിറങ്ങൾ
ഇറ്റ്‌
വീഴുന്നു.

8 comments:

  1. ദമനിൽ അഭിനയിച്ച രത്നഭായിയുടെ ഉപ്പു പരൽ ചിരി മറക്കുന്നില്ല

    ReplyDelete
  2. നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
  3. തൂത്തുകൂട്ടി ത്തൂത്തുക്കുടിക്കവിതകള്‍

    ReplyDelete
  4. വരികള്‍ ചിത്രങ്ങളായി രൂപം പ്രാപിക്കുന്നു.
    നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
  5. വെളുവെളുത്ത കാൻ‌വാസും മയിലുമാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.

    ReplyDelete
  6. ഹൃദ്യം തന്നെ ഈ രചനയും വരികളും
    ആശംസകള്‍

    ReplyDelete