Sunday, August 29, 2010

മറവിദൈവം

ചോദ്യം: രാവിലെ തന്നെ എങ്ങോട്ട് പോണു? 
ഉത്തരം: ചന്തയില്‍ പോണു 
ചോ: എന്തിന്‌ പോണു? 
ഉ:     ഒരു മറവിദൈവത്തെ വാങ്ങണം 
ചോ:  മറവി ദൈവമോ? അതെന്ത് കുന്തം?
ഉ:      കുത്താനൊരുങ്ങുന്നവരുടെ കത്തിപ്പിടിയില്‍ 
         കത്തി പിടിപ്പിച്ചവരുടെ കറുത്ത ചിന്തയില്‍ 
         കറുത്ത ചിന്ത കുരുത്തു വന്ന കലികാലത്തില്‍ 
         പാര്‍ക്കും, 
         മറന്ന്‌ പോകട്ടെ എന്നാര്‍ക്കും!
         കുത്താന്‍ മറന്ന്‌ 
         കത്തി പിടിപ്പിക്കാന്‍ മറന്നെല്ലാവരും 
         കറുത്ത ചിന്ത കുരുത്ത് വരാന്‍ 
         മറന്ന കാലത്തിലെ 
         പൂക്കളെത്തേടി നടക്കും,
         പൂമ്പാറ്റകളായ്  പാറും. 
ചോ:  അത് കൊള്ളാം, 
        എവിടെ കിട്ടും, ഈ മറവിദൈവത്തെ? 
ഉ:     ചന്തയില്‍ കിട്ടാത്തതെന്തുണ്ടിപ്പോള്‍?
ചോ:  നീ വരുന്നതും കാത്തിരിക്കും ഞാന്‍ ഈ പൊരിവെയിലില്‍..
        ചന്തകളില്‍ നിന്ന് ചന്തകളിലേക്ക് പോകുന്ന നീ,
        മടങ്ങി വരുമോ എന്നെങ്കിലും? 
 ഉ:    അല്ല, നിങ്ങളെന്താണ്‌ പുലമ്പുന്നത്? 
        ഞാന്‍ എന്തിനാണ് ചന്തയില്‍ പോണത്?
 ചോ:  ഇത്ര വേഗം മറന്നോ?
         നീ..നീ..ആരാണ്? 
ഉ:     ഓ...മറന്നു 
        തുടങ്ങി വച്ചതെല്ലാം 
        മറന്നു പോകുന്ന 
        ഒരു മറവിദൈവമാണ് ഞാന്‍. 

Friday, August 20, 2010

മൂന്നാം ചുവട്

എതിരെ വരുന്ന
വൃദ്ധന്‍റെ കണ്ണുകളില്‍
പുതുമഴയ്ക്കൊടുവില്‍,
വെയിലേറ്റുള്ളു പൊള്ളിക്കിടന്ന
പാടത്ത് നിന്നും
പൊന്തുന്ന ആവി പോലെ
എന്തോ ഒന്ന്.

അടുത്തടുത്ത് വന്നപ്പോള്‍
കണ്ണുകളില്‍
കൊടുംവേനലും അതിവര്‍ഷവും.

മൂന്നാം ചുവടിനായി
കുനിഞ്ഞു കൊടുത്ത
പല തലകളിലൊന്നായി,
പാടം മുറിഞ്ഞു നീണ്ട
റോഡിലൂടെ, അയാള്‍
ഓര്‍മ്മയുടെ വരമ്പുകളില്‍
അടി തെറ്റിത്തെറ്റി നടന്നു.

നഗരത്തില്‍ നിന്ന് 
പല ഭാഷകള്‍
മൊഴിഞ്ഞു വന്ന ബസും
ഉള്‍നാടന്‍ ക്വാറിയില്‍ നിന്ന്
നഗരത്തിലേക്ക് പോകുന്ന ലോറിയും
തൊട്ടുതൊട്ടില്ലെന്ന മട്ടില്‍
അയാളെയും കടന്നു പോയി.

വണ്ടികള്‍ തീര്‍ത്ത
പൊടിപടലത്തില്‍ മുങ്ങി
വൃദ്ധനും ചുറ്റുമുള്ള  പാടങ്ങളും
മങ്ങലേറ്റുപേക്ഷിക്കപ്പെട്ട
ഒരു ചിത്രം പോലെ
വഴിയരികില്‍ കിടന്നു.

എന്നത്തെയും പോലെ, റോഡ്‌
വണ്ടികള്‍ക്കുള്ളിലെ
മനുഷ്യരെയും കൊണ്ട്
പുതിയ പുതിയ
ചന്തകളിലേക്ക് കുതിച്ചു.

ടാറിട്ട നിരത്തിനുള്ളില്‍  നിന്ന്
പുറത്തേക്ക് തല നീട്ടിയ
ഒരു തുമ്പ
പൊരിവെയിലില്‍
ചെടിച്ചു നിന്നു.

Sunday, August 15, 2010

ഏകാന്തം

മല 
കയറിക്കയറി 
പോകുന്നു ഒരാള്‍.
താഴെ 
മരക്കൂട്ടങ്ങള്‍ക്കുള്ളില്‍  നിന്നും 
നോക്കുന്നു രണ്ട്‌ കണ്ണുകള്‍.

മലയുടെ 
ഉച്ചിയിലെത്തി 
നില്‍ക്കുന്നു ഒരാള്‍.
താഴെ 
ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ 
നോക്കുന്നു രണ്ട്‌ കണ്ണുകള്‍.

മലയുടെ 
മുകളില്‍ നിന്ന് 
പഞ്ഞിക്കെട്ടുകള്‍ 
മറച്ച ഭൂമിയെ 
നോക്കുന്നു ഒരാള്‍.
താഴെ 
കരിയിലക്കിടക്കയില്‍ നിന്നും 
നോക്കുന്നു രണ്ട്‌ കണ്ണുകള്‍.

അടുത്തടുത്ത് വന്ന 
ഒരു പഞ്ഞിക്കെട്ടിലേക്ക്
ചവിട്ടിക്കയറുന്നു ഒരാള്‍.
താഴെ 
മണ്ണിനടിയില്‍ നിന്നും 
നോക്കുന്നു 
അയാളുടെ തന്നെ 
രണ്ട്‌ കണ്ണുകള്‍.

Wednesday, August 11, 2010

പുറത്താക്കല്‍

അയല്‍മണ്ണിലേക്ക്
വേരുകള്‍ പടര്‍ത്തുന്നെന്ന്
വിധിച്ച്,
പ്ലാവിനെ.

പുഴുക്കുത്തില്ലാതെ
ഒന്നിനെ തരുന്നില്ലെന്ന്
പ് രാകി ,
മാവിനെ.

തേങ്ങ വീണു
ചാവുമെന്നടക്കം
പറഞ്ഞ്,
തെങ്ങിനെ.

ഒടുവില്‍
വട്ട് കളിക്കിടെ
കളത്തിനപ്പുറം
കാലു കുത്തിയെന്ന്
ചൊല്ലി, അവളെ.

(സൈകതത്തില്‍ പ്രസിദ്ധീകരിച്ചത് 
http://www.saikatham.com/4-Malayalam-Poem-4.php )

Thursday, August 5, 2010

കടവ് തേടി

ഒഴിഞ്ഞ കുടവുമായ്
ഒരുവള്‍,
പ്രണയത്തെയും
സൌന്ദര്യത്തെയും
കുറിച്ച് പാടുന്നു.

ഓളത്തുടിപ്പിലും
ഓലത്തലപ്പിലും
നിലാവഴിച്ച് വച്ച്
രാത്രിയവിടെ, നഗ്നയായി
നില്പുണ്ടാകുമെന്നവള്‍.

പകല്‍ക്കതിരുകള്‍ 
കൊഴിഞ്ഞു വീണ
കൊയ്ത്തു പാടങ്ങളില്‍,
നിഴല്‍രൂപങ്ങള്‍
മതിമറന്നാടുന്നുണ്ടാവുമെന്നവള്‍.

ചേറുമണത്തിന്‍ ലഹരിയില്‍
മുഖം പൂഴ്ത്തിയാരോ
വസന്തരാഗങ്ങള്‍
മൂളുന്നുണ്ടാവുമെന്നവള്‍.

റാന്തല്‍ വെളിച്ചത്തില്‍
ആരൊക്കെയോ
സ്വപ്നങ്ങളിലേക്ക്
തുഴഞ്ഞടുക്കുന്നുണ്ടാവുമെന്നവള്‍.

നിലാവഴിച്ചു വച്ച്
മതിമറന്നാട്ടമാടി
വസന്തരാഗങ്ങള്‍ മൂളി
തുഴഞ്ഞേ പോകുന്നു,
ജലസാമ്രാജ്യത്തില്‍
നിന്നൊഴിഞ്ഞ കുടവുമായ് വന്നവള്‍;
അടുക്കാന്‍ ഒരു കടവ് തേടി.