Friday, August 31, 2012

മൂന്ന് വയസ്സുകാരിയുടെ കവിത (Irish കവിത)


അയറിഷ് (Irish) കവിയായ ബ്രെണ്ടന്‍ കെന്നെല്ലിയുടെ (Brendan Kennelly) കവിത (സ്വതന്ത്ര പരിഭാഷ - ചിത്ര ) 

പൂക്കള്‍ മരിക്കുമോ?

ആളുകള്‍ മരിക്കുമോ?

ഓരോ ദിവസവും നമുക്ക്  വയസ്സാകുമോ, എനിക്ക് 
വയസ്സാകുമോ, ഇല്ല, എനിക്കാവില്ല, 
പൂവുകള്‍ക്ക് വയസ്സാവുമോ?

പഴയ കളിപ്പാട്ടങ്ങള്‍  പുറത്തേക്കെറിയുമോ?

വയസ്സായവരെ പുറത്തേക്കെറിയുമോ?

ഒരു പൂവിനു വയസ്സായെന്ന് എങ്ങനെ അറിയും?

ഇതളുകളടരും, പൂവുകളില്‍ നിന്നിതളുകളടരും
ആളുകളില്‍ നിന്നടരുമോ ഇതളുകള്‍,
എല്ലാ ദിവസവും കൂടുതലിതളുകള്‍  
വീഴുന്നു ഞാന്‍ കളിയ്ക്കാന്‍ കൊതിക്കുന്ന 
തറ പഴയ പൂക്കളും മനുഷ്യരും കൊണ്ട് 
നിറയുവോളം, അവയൊന്നിച്ച്   
കിടക്കുന്നു ഇതളുകള്‍ വീണ 
ചെളിപിടിച്ച തറയില്‍ ഞാന്‍ കളിക്കാന്‍ കൊതിക്കുന്ന
തറയില്‍ നീ വരുന്നു കൂറ്റന്‍ ചൂലുമായി. 

നീ തൂത്ത് വരുന്ന അഴുക്ക്, എന്ത് പറ്റുമതിന്,
പൂക്കളില്‍ നിന്നും ആളുകളില്‍ നിന്നും
നീ തൂത്ത് വാരുന്ന അഴുക്കിനെന്ത് പറ്റും, എന്ത് 
പറ്റുമഴുക്കിന് ? പൂക്കളില്‍ നിന്നും
ആളുകളില്‍ നിന്നും ബാക്കിയാവുന്നതീയഴുക്കോ, ഇതോ 
എല്ലാം തൂത്ത് കളയുന്ന ആ കൂറ്റന്‍ ചൂലിന് 
താഴെ കുന്നു കൂടിക്കിടക്കുന്നു?

എന്തിനിത്ര കഠിനമായി പണിയെടുക്കുന്നു, ഒരു
കുന്നഴുക്കിനായെന്തിനിത്ര മിനക്കെട്ടു തൂത്ത് വാരുന്നു?
പുതിയ പൂവുകള്‍  ആര് കൊണ്ട് വരും?
ആര് കൊണ്ട് വരും പുതിയ മനുഷ്യരെ? ആര് 
കൊണ്ട് വരും വെള്ളത്തിലിടാന്‍ പുതിയ പൂവുകള്‍
ഞാന്‍ കളിക്കാന്‍ കൊതിക്കുന്ന
ഇതളുകള്‍ വീഴാത്ത തറയുള്ള മുറിയില്‍?
ക്ഷീണം കൊണ്ടുറങ്ങി വീഴുന്ന
അപ്പൂപ്പന്മാരെ പോലെ തല കുനിച്ച്
നില്‍ക്കാത്ത പുതിയ പൂവുകള്‍
ആര് കൊണ്ട് വരും?
ഓരോ ദിവസവും തൊലിയുലഞ്ഞ് പോകാത്ത
പുതിയ പൂവുകള്‍ ആര് കൊണ്ട് വരും?
പുതിയ  പൂവുകളുണ്ട് നമുക്കെങ്കില്‍,
പുതിയ മനുഷ്യരും നമുക്കുണ്ടാവുമോ
അവയ്ക്ക് വെള്ളമൊഴിയ്ക്കാനും 
ജീവന്‍ കൊടുക്കാനും?

പുതിയ പൂവുകള്‍ മരിക്കുമോ?

കുട്ടികള്‍ മരിക്കുമോ?

എന്തിന്?

6 comments:

  1. വിവര്‍ത്തനം നന്നായിട്ടുണ്ട്.
    പഴയ കളിപ്പാട്ടങ്ങള്‍ പുറത്തേക്കെറിയുമോ?

    വയസ്സായവരെ പുറത്തേക്കെറിയുമോ?

    ഒരു മൂന്നു വയസുകാരിയുടെ തീരാത്ത സംശയങ്ങള്‍ ബാക്കിനിര്‍ത്തിയ
    ഈ കവിതയെ പരിചയപെടുത്തിയത്തില്‍ നന്ദി.

    ReplyDelete
  2. ഞാനും ചിലകവിതകളൊക്കെ എഴുതി കണ്ടുവോ. തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടി കാണിക്കണേ.

    ReplyDelete
  3. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  4. ഒരു മൂന്നു വയസ്സുകാരിയുടെ സന്ദേഹങ്ങള്‍...... വളരെ നന്നായിട്ടുണ്ട്.

    ReplyDelete