Friday, April 23, 2010

ഇടവഴിച്ചിന്ത്‌

പേരറിയാച്ചെടികളുടെ
കളിത്തട്ട്‌,
ഊരറിയാമൊഴികളുടെ
കിളിത്തട്ട്‌.

കടന്നുപോയ നിഴലെല്ലാം
ഉള്ളിലേക്കാഴ്ത്തി,
ഒരഴല്‍വിഴുങ്ങിപ്പക്ഷി
പാര്‍ക്കുന്നൊരാഴക്കിണര്‍.

പകല്‍ വെട്ടം
പുതപ്പിച്ച വാഴ്വിന്റെ
പൂതലിച്ച ഒരു ശകലം.

ഒരു മിന്നലില്‍ തെളിയുന്ന
പന്നവള്ളിപ്പടര്‍പ്പ്‌.

അക്കരെപ്പൊത്തിലെ പാമ്പ്‌
ഇക്കരെപ്പൊത്തിലേക്ക്‌
ഇഴയുന്ന നേരം,
നിലയ്ക്കുന്ന കാലം
കാക്കുന്ന മണ്‍കുടം.

പെരുവഴിയില്‍‍
ചെന്നുരുമ്മുവോളം നീണ്ട
ഒരു ചെമ്മണ്‍കവിത.

Sunday, April 18, 2010

വിവര്‍ത്തനത്തില്‍ നഷ്ടമായത്

പുരപ്പുറത്ത്
വെള്ളമൊഴിച്ചാറ്റാന്‍
ശ്രമിക്കുന്നച്ഛന്‍,
കൂരയ്ക്കുള്ളിലെ  പുഴുക്കം .

എത്ര സമുദ്രങ്ങള്‍
നദികള്‍, അരുവികള്‍
തോടുകള്‍, കുളങ്ങള്‍
കിണറുകളുറവകള്‍
കുഴല്‍ പരുവത്തില്‍ ഒഴുകണം,
ഈ  ഭൂമിയുടെ
ചൂടോന്നാറ്റാന്‍?

വെളളത്തില്‍
വരച്ച വരകളെല്ലാം
ചേര്‍ന്ന്‍,
രൂപപ്പെട്ട ചിത്രത്തില്‍
തെളിഞ്ഞ് ഒഴുകുന്നു
കടങ്കഥയ്ക്കുത്തരം.

വിവര്‍ത്തനത്തില്‍
നഷ്ടമായ കവിത
പോലെ, ജലം;
ജലത്തിന്‍റെ ആത്മാവ്.

Saturday, April 10, 2010

മോഹരസം

.........................
........................
ഇല്ലാത്ത കുന്നിന്‍ മുകളില്‍
തളിര്‍ക്കാത്ത കാട്ടില്‍
വളരാത്ത മരത്തിന്‍റെ
പടരാത്ത കൊമ്പില്‍
തൂങ്ങുന്ന ഭൂമിയെ
കയ്യിലെടുത്തൊന്നമ്മാനമാടാന്‍
മാമ്പഴം പോലീമ്പിക്കുടിക്കാന്‍
പന്ത്‌ പോലെ തട്ടിക്കളിക്കാന്‍
ചേരയെപ്പോലെ തട്ടിക്കളയാന്‍ 
മണി പോലെ കണ്ണിലൊളിപ്പിച്ചു
വയ്ക്കാന്‍,കുന്നിന്‍മുകളില്‍ നിന്ന്‌
താഴേക്കുരുട്ടാന്‍, താഴെ നിന്ന്‌
വീണ്ടും മേലേക്കുരുട്ടാന്‍...
.................................
.................................
പോയ കാലത്തിലെ
പുല്ലും കളകളും
അയവിറക്കുന്നു,
ഒരിരുകാലിമോഹം.
രസങ്ങളെല്ലാമൊന്നാകെ
രസദമാകുന്നു നാടകം.

Tuesday, March 16, 2010

ആരുദ്ര

ഒരു യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ആരുദ്ര എന്ന രണ്ടര വയസ്സുകാരിയുടെ ഓര്‍മ്മയ്ക്ക്..എന്നോ കൈവിട്ട ഭാഷകളിലേക്ക് എന്നെ കൈപിടിച്ച് നടത്തിയവളുടെ ഓര്‍മ്മയ്ക്ക്...

നഗരം നഗരത്തെ
പകര്‍ത്തിയെഴുതുന്നതിനിടെ
വിട്ടു പോയ
അക്ഷരങ്ങളുടെ പരപ്പ്‌
ചുറ്റിലും, യാത്രയില്‍.

എന്നോ കൈവിട്ട ഭാഷകള്‍
തേടി വന്ന ഒരു തോണി
നങ്കൂരമിട്ടിരിക്കുന്നു, 
ഓര്‍മ്മയില്‍ മാത്രം
ജലമൂറുന്ന ഒരു നദിയില്‍.
ഒരു നഷ്ട കവനത്തിന്റെ
വിരല്‍ചിത്രം.

വഴികാട്ടിയായ നക്ഷത്രത്തിന്‌
ആരുദ്ര എന്ന്‌ പേര്‍.
കൈകൊട്ടിച്ചിരിക്കാന്‍
മറന്ന നാള്‍ മുതല്‍
അവള്‍ നമുക്ക്‌ ഗുരു.
ബോധിവൃക്ഷത്തിണ്റ്റെ
ഒടുവിലത്തെ വിത്ത്‌.

നഗരം നഗരത്തെ
പകര്‍ത്തി മടുക്കുന്ന
ഒരു ദിവസം വരും.
പോ പുല്ലേയെന്ന്‌, നമ്മള്‍
പറിച്ചെറിഞ്ഞവയൊക്കെയും
മുളച്ച്‌ പൊന്തുന്ന
ഒരു കാലം വരും.

ഒരു മഷിത്തണ്ടിനും 
മായ്ക്കാനരുതാത്ത ഒരു ഭാഷ
അന്നു നമ്മെയുണര്‍ത്തുന്ന
ആ നിമിഷം വരേയ്ക്കെങ്കിലും 
ആര്‍ക്കുമൊന്നിനുമൊരിക്കലും
ശിഷ്യപ്പെടാതിരിക്കട്ടെ
ആരുദ്ര എന്ന കുഞ്ഞുനക്ഷത്രം.

കൈകൊട്ടിച്ചിരിക്കാന്‍
മറന്ന നാള്‍ മുതല്‍
അവള്‍ നമുക്ക്‌ ഗുരു.

Thursday, March 11, 2010

മിന്നാമിന്നികള്‍

ഇരുട്ട്‌ പുതച്ച്‌
മേലോട്ട്‌ നോക്കി
കിടക്കുമ്പോള്‍, കണ്ടു, 
മിന്നാമിന്നികള്‍ നെയ്ത
നക്ഷത്രമേലാപ്പ്‌.
ചുറ്റിലുമുറങ്ങുന്നവര്‍
വായിക്കാതെ പോയ 
ആകാശപ്പതിപ്പ്‌.

നിറഞ്ഞ മുലകളില്‍
നിന്നെന്ന പോലെ,
തുളുമ്പിത്തെറിക്കുന്നു
ആഹ്ളാദത്തിന്റെ
വെണ്‍തരികള്‍
ഉടലാകെ, മനമാകെ.

Thursday, March 4, 2010

ഈ വേനലിന്നുച്ചയില്‍

പൂവുകളിലകള്‍, ചില്ലകള്‍
ഒക്കെയും നിന്നു കത്തുന്ന
ഈ വേനലിന്നുച്ചയില്‍
പച്ചത്തീയാളുന്ന കണ്ണേറില്‍
നിന്നൊളിച്ചു ഞാനൊരു
മഞ്ഞുകാലം തേടിപ്പോകുന്നു.

കീറിയ കമ്പിളിയില്‍
പുതഞ്ഞിരുന്നൊരു
നഗരമെന്നെയും
കണ്ണില്‍ തറയ്ക്കുന്നു,
നാക്കില്‍ കൊരുക്കുന്നു,
വേരോടെ വിഴുങ്ങുന്നു;
വായടയ്ക്കാനും തുറക്കാനുമാകാതൊരു
മഹാനഗരം നിന്ന്‌ കത്തുന്നു.

മങ്ങിത്തുടങ്ങുന്ന കാഴ്ചയില്‍
പതിയുന്നുണ്ടൊരു പൂക്കാരി.
അവളോ,
പണി തീരാത്തൊരമ്പലനടയില്‍
പൊടിയും പുകയും
ചൂടിയ, പൂവുകള്‍
കോര്‍ത്ത്‌ വില്‍ക്കുന്നു;
തലയെണ്ണമറിയാത്ത
തിരക്കിലിരുന്നൊറ്റയ്ക്ക്‌ 
ചെറുപൂവുകള്‍
കോര്‍ത്ത്‌ വില്‍ക്കുന്നു.

ചെന്തീയാളുന്ന,അവളുടെ
കണ്ണേറില്‍ നിന്നൊളിച്ചു,
വീണ്ടും, ഞാനൊരു
മഞ്ഞുകാലം തേടിപ്പോകുന്നു.

Wednesday, February 17, 2010

ഈഗോ

എവിടെ നിന്ന്‌
വന്നുവെന്നറിയില്ല.

വിളിച്ച്‌ കേറ്റിയതല്ല.

തഞ്ചത്തില്‍ പറഞ്ഞിട്ടും
തെറി പറഞ്ഞിട്ടും
പട്ടിയെ അഴിച്ചിട്ടും
കേണു പറഞ്ഞിട്ടും
പോകുന്നുമില്ല.

പലവട്ടം ലോകം
ചുറ്റിവന്ന പോലെ
ഇനിയെങ്ങും
പോകാനില്ലാത്ത പോലെ 
അതിങ്ങനെ
ചുരുണ്ടു കിടക്കുന്നു.
തല ചായ്ക്കാനൊരിടം കിട്ടിയ
നന്ദിയോടെ മയങ്ങുന്നു.
ഇടയ്ക്കിടയ്ക്കെണീക്കുന്നു
ചായ കുടിച്ച്‌
പത്രം വായിച്ച്‌
ചാരുകസേരയില്‍ നീണ്ട്‌ നിവരുന്നു.
പകപ്പോടെ
കലിപ്പോടെ
ചുറ്റും നോക്കുന്നു.

വല്ലപ്പോഴുമെങ്കിലുമതിനെ
ഒരു പന്തെന്ന പോലെ
തട്ടിക്കളിക്കാനാവുന്നുണ്ട്.

പക്ഷെ, പലപ്പോഴും
തട്ടുന്നിടത്തേക്കെല്ലാം
ഉരുണ്ടുരുണ്ട്‌ പോകുന്നത്‌
ഉടുതുണിയിലെ കറയാവുന്നത്‌
ഞാന്‍ തന്നെയല്ലെങ്കില്‍
പിന്നെയാരാണ്‌?

ഈ പന്ത്‌ കളിയില്‍
ജയം; പരാജയം,
തുടക്കം; ഒടുക്കം
എന്നീ മാമൂലുകള്‍
ഉണ്ടെങ്കിലും ഇല്ലെങ്കിലും
ആ അവസാന ഗോള്‍
ആരുടേതാവും?

എണ്റ്റേതല്ലാതെ
മറ്റാരുടേതാവും?