Sunday, October 2, 2011

നിശബ്ദം


ഞാന്‍ വഴിയരികിലെ ഒരു മരം, സ്വയം 
തണല്‍ കൊണ്ട് അടയാളപ്പെടുത്തിയില്ല;
ഫലം കൊണ്ടും.
ചുമലില്‍ കാലത്തിന്റെ മഴുവേറ്റി 
കടന്ന്‍ പോകുന്നു നീ.
ഒരു പോറല്‍ പോലുമേല്ക്കാതെ
ഞാന്‍  വേരറ്റ്  കിടക്കുന്നു .

നിന്റെ തെരുവുകളില്‍ ഞാന്‍ 
കാറ്റത്ത് പാറുന്ന ഒരില. 
പച്ച, മഞ്ഞ, ചുവപ്പ്..
കൊടും ശൈത്യത്തിലുമെന്റെ  
ഋതുക്കള്‍ പൂര്‍ത്തിയാവുന്നു.
ഞാനെന്റെ മേല്‍ തന്നെ
തണുത്തുറഞ്ഞു കിടക്കുന്നു,
ഏത്  വസന്തത്തിലും.

പൂക്കള്‍
നിറങ്ങളുരിഞ്ഞെറിയുന്നു;
ചിരിക്കുന്നു.
കറുത്ത പരിഹാസം,
വെളുത്ത നിസ്സംഗത.

ഉള്ളില്‍, മരതകക്കണ്ണുകളുള്ള 
ഒരു മരംകൊത്തി
സ്വര്‍ഗ്ഗവും നരകവും
കൊത്തുന്നതിന്‍ ശബ്ദം.

പ്രിയമുള്ള ഒരു സ്വരം
പൊഴിഞ്ഞുള്ളിലേക്ക്
ആഴത്തിലാഴത്തില്‍
വീഴുന്നതിന്‍ ശബ്ദം.

ജീവിതം 
മരണത്തെക്കാള്‍
നിശബ്ദം. 

Thursday, July 21, 2011

13/7


തെരുവിലെ സ്ഫോടനത്തില്‍
തെറിച്ചു പോയ
കാലുകളുടെ എകാന്തതയോളം
വരുമോ
സമുദ്രങ്ങളാല്‍ വിഭജിക്കപ്പെട്ട
എന്റെയും നിന്റെയും ഏകാന്തത?

ഒരു നിമിഷം മുന്‍പും
ഒന്നിച്ച് വച്ച ചുവടുകള്‍!
നിമിഷങ്ങള്‍ക്ക് ശേഷവും
ഉടല്‍ തേടിയുള്ള  ആ പിടച്ചില്‍!

എങ്കിലും
രക്തക്കറകള്‍ മായ്ക്കുന്ന
മഴയുടെ അരാഷ്ട്രീയതയെ
കുറിച്ചല്ലെന്റെ വാക്കുകള്‍.

കാഴ്ചയല്ല,
കാഴ്ച്ചക്കാരിയാണ് ഞാന്‍.

ചിതറിക്കിടക്കുന്ന ആ ശവം,
ഈ നിമിഷം വരെയെങ്കിലും എന്റേതല്ല.

ചോര വഴുക്കുന്ന തെരുവുകളില്‍
പഴയ പിടച്ചിലുകള്‍ക്കൊപ്പം
നടന്ന്‍ പോകുന്നു വീണ്ടും.

Tuesday, July 5, 2011

മധുശാല

രാവിന്റെ ചില്ലുപാത്രങ്ങള്‍
ഉടഞ്ഞു തീരുന്നു,
മധു തേടി വന്നവര്‍ 
പൂക്കളായ് മടങ്ങുന്നു.
ഏകാകിയായ്‌ 
ഉന്മാദിയായ്, മധുശാല. 

കണ്ണാടിച്ചുമരുകളില്‍ 
പരസ്പരം രമിക്കുന്നു 
ലഹരിയുടെ  
ആയിരം കണ്ണുകള്‍,
പതിനായിരം കാഴ്ചകള്‍. 

ചതുരത്തില്‍ 
ദീര്‍ഘചതുരത്തില്‍ 
വൃത്തത്തില്‍ 
ദീര്ഘവൃത്തത്തില്‍ 
ആകൃതിയായ ആകൃതികളില്‍  
തച്ച് കൊത്തുന്ന ലഹരി.
സൃഷ്ടാവായ്, മധുശാല.

മധുശാലയിലെ 
പല വാതിലുകളുള്ള 
മുറിക്കുള്ളില്‍ 
പല വാതിലുകളുള്ള 
ഒരു മുറി....അതിനുള്ളില്‍ 
പല വാതിലുകളുള്ള 
ഒരു ആകാശം.

ആകാശത്തിലെ തെരുവുകളില്‍ 
വാക്കുകളുടെ കാര്മേഘപ്പാച്ചില്‍;
പഞ്ചേന്ദ്രിയങ്ങളില്‍
ലഹരിയുടെ മിന്നല്‍പ്പിണര്‍. 

പെയ്തൊഴിയാതെ 
ഒരു മധുശാല. 

Sunday, May 29, 2011

ഈ മണ്കൂരയില്‍


കൊടുങ്കാട്ടിലകപ്പെട്ട്   
ചിത്രകഥയിലെ കുട്ടി. 

ഒരു വഴിയും 
വാതില്‍ തുറന്നിറങ്ങുന്നില്ല.
ഓരോ വഴിയും 
വാല് വിഴുങ്ങിക്കിടക്കുന്ന 
പാമ്പിന്‍ കുരുക്കുകള്‍.

പുറത്തേയ്ക്ക് വഴിയില്ല, പുറമില്ല,  
അകമല്ലാതൊന്നുമില്ലെന്നറിഞ്ഞതും
കാലില്‍ കുരുങ്ങി കാട്ടുവള്ളികള്‍. 
കീഴ്മേല്‍  മറിഞ്ഞു കെട്ട കാഴ്ചകള്‍.    

തല കീഴായി കിടക്കുന്നത്
കാട്ടിലകപ്പെട്ട കുട്ടിയല്ല,
ഞാനാണാ വേതാളം.

കഥ പറഞ്ഞു കഥ പറഞ്ഞു
കടങ്കഥയായി മാറിയതാണ്. 
കണ്ണടച്ചടച്ചിരുട്ടാക്കി 
കടവാവലായി തൂങ്ങിയതാണ്.

നിലം തൊട്ടു കിടക്കുന്നു.
നനഞ്ഞ മണ്ണിന്റെ ഗന്ധം;
ഭൂമി അത്രമേലത്രമേലരികില്‍. 

ചവിട്ടി മെതിച്ച പുല്ലുകളിപ്പോള്‍ 
കണ്ണില്‍ തളിരിട്ട് നില്‍ക്കുന്നു.     

പണ്ടുള്ള പോലെ   
പാറയായുറഞ്ഞ കാലുകളില്ല.
ഉള്ളില്‍ നിന്നും മണ്ണിലേക്ക്   
നീളുന്ന വേരുകളിലൂടെയാണ്
ഇപ്പോള്‍  യാത്രകള്‍.  
ഏതിരുട്ടിലുമേത് നാട്ടിലും  
നിന്റെ വേരുകളോളം
പടര്‍ന്നു പടര്‍ന്ന് അവ.   

ആഴങ്ങളില്‍, ഒടുക്കമില്ലാത്ത  
കാമനകളുടെ പടലങ്ങള്‍. 
ആരുമാരുമറിയാതെ 
മണ്ണെഴുതുന്ന കവിതകള്‍.
ഭൂമി പിളര്‍ന്നു പോകുന്നവരുടെ വീഞ്ഞറ;
കണ്ടെത്തുന്നവരുടെ മാത്രം ലഹരി. 

കണ്ണിലിപ്പോള്‍ ആകാശത്തിന്റെ  
ഭ്രമിപ്പിക്കുന്ന നീലയില്ല; ഉള്ളത് 
തളിരിലകളുടെ ചന്തം;കാതിലവയുടെ 
മുള പൊട്ടുന്നതിന്‍ പാട്ട് ;പാട്ടിന്റെയലകള്‍  
നിന്നെ വന്നു തൊടുമ്പോഴുള്ള 
മദിപ്പിക്കുന്ന ആഹ്ലാദം.
  
മണ്ണിരകള്‍ പണിയുന്ന 
കുഞ്ഞു കൂരകളിലാണ്
ഇനി മുതല്‍ വാസം. 

Wednesday, May 18, 2011

ഒറ്റയ്ക്കിരിക്കുന്നവര്‍

ഒറ്റയ്ക്കിരിക്കുന്നവരുടെ 
മുറിയില്‍ 
എന്നോ ഇറങ്ങിപ്പോയവരുടെ
ഗന്ധം. 

ചുമരുകളില്‍ 
ഇര തേടുന്നവര്‍ 
വല നെയ്യുന്നവര്‍
വരി വരിയായി പോകുന്നവര്‍. 

ജനലിനപ്പുറം
ഇളം കടും പച്ചകള്‍, മഞ്ഞകള്‍.
കാറ്റ് പിടിക്കുന്നു, ഇലകളില്‍;
നിറങ്ങളുടെ ഉന്മാദം, 
മണ്ണില്‍ നിഴല്പ്പൂരം. 

ഒറ്റയ്ക്കിരിക്കുന്നവരുടെ 
സന്ധ്യകളില്‍  
കൂടണയുന്നു ചിറകടിയൊച്ചകള്‍.
കടുമ്പച്ചത്തഴപ്പുകള്ക്കിടയില്‍  
പൊഴിയുന്നു ഒരു ചെമ്പനീര്സൂര്യന്‍.

ഒറ്റയ്ക്കിരിക്കുന്നവരുടെ 
ഉള്ളില്‍  
രക്തം പോലെ 
ഒഴുകിപ്പടരുന്ന ഇരുട്ട്.

ഇരുളിനെ മുറിച്ചുയരുന്നു
ഒറ്റയ്ക്കൊരമ്പിളി.    

Sunday, April 17, 2011

ഒന്പതാം വളവ്


ചുരമെന്ന കവിത 
തുടങ്ങുന്നതിവിടെ,
ഒടുങ്ങുന്നതും.

പച്ചയ്ക്കെന്തൊരു പച്ച!
നോക്കി നോക്കിയിരുന്നാല്‍ 
ഞരമ്പിലോടുന്ന ചോര പോലും 
പച്ച ചൊരിയും.
വേര് നീട്ടി ഇലകളാട്ടി
വായിക്കുന്നവളൊരു കാട്ടുമരമാകും.  

ഉയരത്തിനെന്തൊരുയരം!
പക്ഷിക്കണ്ണായ്  പറക്കും 
ആകാശം മുട്ടുമുന്മാദം;
വേരുകള്‍ തേടിപ്പോകും 
വരികളുടെ കാതല്‍. 

ആഴത്തിനെന്തൊരാഴം!
ആത്മഹത്യാമുനമ്പാണ്;
റിവേഴ്സ് ഗിയറില്‍ 
മരണത്തിലേക്ക് കുതിച്ച 
കമിതാക്കള്‍  വന്ന്‍ ചിരിക്കും,
വെറുതെ വെറുതെ ക്ഷണിക്കും.
ചത്തിട്ടും ചീയാത്ത 
കവിതകള്‍ വായിക്കും.

കറുപ്പും വെളുപ്പും 
മാറിമാറിപ്പൂക്കും .
കറുത്ത പൂക്കള്‍ക്കെന്തൊരു കറുപ്പ്!
പകലിലിരുണ്ട അര്‍ത്ഥങ്ങള്‍ 
ഇരുളില്‍ മിന്നാമിന്നികളാവും
ആകാശത്തോളവും മിന്നും.

ചുരം കഴിഞ്ഞാലും 
വായുവില്‍ തങ്ങിനില്‍ക്കും 
വളവിനപ്പുറം 
കാപ്പി പൂത്ത മണം. 

Sunday, April 3, 2011

മൂന്നു കുട്ടികള്‍ ആകാശം കാണുന്നു

വീടിന്റെ മേല്‍ക്കൂരയില്‍ 
മലര്‍ന്നു കിടന്നു 
ആകാശം കാണുന്നു 
രണ്ട്  ചെറിയ കുട്ടികള്‍,
ഞാനും.

അസ്തമയച്ചുവപ്പിന്റെ 
ഒരു മുട്ടായിത്തുണ്ട്.
തുമ്പപ്പൂ നക്ഷത്രങ്ങള്‍. 
റബ്ബര്‍ വച്ച് മായ്ച്ച പോലെ  
മാഞ്ഞു പോയ നിലാവ്.

ഈ ആകാശമാണോ ഭൂമിയെന്നൊരാള്‍
ഈ ഭൂമിക്കുള്ളിലാണോ നമ്മളെന്നു മറ്റൊരാള്‍.
ഒരുത്തരവും ശരിയുത്തരമാവാതെ മൂന്നാമതൊരാള്‍ .

ശ്വാസം മുട്ടിക്കുന്ന ഇരുട്ട്.
കുട്ടികള്‍ ഭയന്നുരുമ്മിക്കിടക്കുന്നു,
ഞാനും.
നിഴലുകള്‍ അവരെ ഭയപ്പെടുത്തുന്നു 
എന്നെയും.
അവര്‍ മുതിര്‍ന്നു തുടങ്ങിയിരിക്കുന്നു 
ഞാനും.

ഉള്ളില്‍ 
മറ്റൊരാകാശത്തില്‍
ഉദയവും അസ്തമയവുമറ്റ പകലുകള്‍ 
ഇരുള്‍ ഗുഹകളായ നക്ഷത്രങ്ങള്‍ 
മാഞ്ഞു മാഞ്ഞു പോകുന്ന ഒരു ചന്ദ്രന്‍.

മൂന്നു കുട്ടികള്‍ 
ആകാശം കണ്ട്‌  കിടക്കുന്നു.
തിരക്കുകളേതുമില്ലാതെ 
വെറുതെ, നിലാവ് കാത്ത് കിടക്കുന്നു.

Sunday, March 6, 2011

ബ്ലാക്ക് & വൈറ്റ്

പഴയ കടലാസുകെട്ടുകള്‍ക്കിടയില്‍ നിന്ന്‍
തുറക്കാത്ത ഒരു കവര്‍ കിട്ടി
തൊട്ടു നോക്കി.
കത്തല്ല, കാര്‍ഡുമല്ല .
ഉള്ളിലറിയാമതിന്റെ  മിനുസം.
പഴയ വിനോദയാത്രാചിത്രങ്ങളെന്നോര്ത്തു
ദൂരെ എവിടെയോ നിന്നൊരു സ്കൂള്‍ പാട്ട് കേട്ടു
പുറത്തേക്കെടുക്കുമ്പോള്‍  കൂടെ മൂളി..

എന്റെ കണ്ണുകളില്‍ 
പല നിറങ്ങളുള്ള ഒരു മോസയിക്കില്‍ 
കിടക്കുന്നൊരു ജഡത്തിന്റെ ചിത്രം.
വെളുത്ത തുണിയില്‍ പൊതിഞ്ഞിരിക്കുന്നു 
അടുത്ത് കത്തുന്നു ഒരു നിലവിളക്ക്.

എന്റെ ശ്വാസത്തില്‍ 
പതിനഞ്ച് കൊല്ലങ്ങള്‍ക്ക് മുന്പ്,
അകത്തും പുറത്തും 
കാര്‍മേഘങ്ങള്‍ നിറഞ്ഞ ഒരു മഴപ്പകലില്‍,
ഒരു വീട്ടിലെരിഞ്ഞ ചന്ദനത്തിരികളുടെ  ഗന്ധം.

എന്റെ ചുണ്ടുകളില്‍ വിറ.

ആ പകലിലാണ് 
മങ്ങുന്ന കണ്ണുകളോടെയും
പതയുന്ന ചുണ്ടുകളോടെയും 
മരണം, എന്റെ മടിയിലേക്ക് വന്ന്‍ വീണത്. 
ആ രാത്രിയിലാണ് 
കഥകള്‍  പറയാനറിയാത്ത  
ഒഴിഞ്ഞൊരു കിടക്കയ്ക്കൊപ്പം
ആദ്യമായ് ഒറ്റയ്ക്കുറങ്ങിയത്  . 

പിന്നീട്  വന്നു 
അപ്പൂപ്പന്‍ താടികള്‍  പാറിപ്പോയ പകലുകള്‍,
പിന്നീട് വന്നു 
കറുകറുത്ത  ഇഴകളുമായി രാത്രികള്‍. 

അന്നൊരുനോക്കു കണ്ടു,
ഇന്നൊരു  ചിത്രം അത് മരണമെന്നുറപ്പിച്ചു .

ഒരു പൊട്ടിത്തെറി, എവിടെയോ.
ഒരു വീടിന്റെ ചുമരുകളില്‍ വിള്ളല്‍.
ഉറങ്ങുന്നൊരു കുഞ്ഞ്‌ കണ്ണ്‍ തുറക്കുന്നു, കരയുന്നു.
എന്റെ കണ്ണുകളടയുന്നു
പോയ കാലത്തിന്റെ ചീളുകള്‍ 
മേലാകെത്തറയ്ക്കുന്നു .
ഉള്ളില്‍ നിന്നും 
ചെന്നിറത്തില്‍  ചോര പൊടിയുന്നു 
എന്നാല്‍, അതിന്റെ ചിത്രം പതിയുന്നു 
കറുപ്പിലും വെളുപ്പിലും. 

Sunday, February 27, 2011

കണ്‍പച്ചയെ കുറിച്ചുള്ള കവിതകള്‍

സ്വപ്നം 
ഞാന്‍ ഒറ്റ.
വെയിലില്‍ 
കടല്‍ കണ്ടു 
നില്‍ക്കുന്നു.
കടല്‍ എന്നെ
പച്ചക്കണ്‍കോണിലൂടൊളിച്ച്
നോക്കി നില്‍ക്കുന്നു.
തിരത്തളളലില്‍ ഒരു പാറക്കൂട്ടം 
നുരഞ്ഞു ചിതറുന്നു.

യാത്ര 
കാട്ടുപച്ച  
കുടിച്ച്  വീര്‍ത്ത്
അടഞ്ഞു, കണ്ണുകള്‍.
ഉറക്കത്തില്‍ 
നിന്റെ കണ്ണിലെ 
കാടിളകി വന്നു.  

ലഹരി 
ചുവന്ന വീഞ്ഞിനേക്കാള്‍
ലഹരി, നിന്റെ കണ്ണിലെ 
ഹരിതാഭമായ വീഞ്ഞിന്. 
ഉള്ളില്‍, ചില്ലുപാത്രങ്ങളുടഞ്ഞ് 
പച്ച ചിതറുന്നു, നിറഞ്ഞാടുന്നു 
പീലികള്‍ നാലുപാടും. 

 കിണര്‍ 
അറിയാതെ 
വീണു പോയി 
ആഴങ്ങളില്‍.
ഏറെ നാളായി  
പായല്‍ പുതഞ്ഞു 
കിടക്കുന്നു.

തുരുത്ത് 
പച്ചയുടെ 
രണ്ട് തുരുത്തുകള്‍.
തോണി വേണ്ട,
പാലവും.
കുടുങ്ങിക്കിടക്കണം 
പച്ചയായൊടുങ്ങണം.

Tuesday, February 15, 2011

the silence in rajmachi


in rajmachi
the silence
manifests itself
in myriads of ways.

like a mountain
looming large,
the silence touches
your inner skies..

like the waterfall stains in the hills
which painfully awaits the monsoon
the silence strikes you with
the turbulent flow of old memories.

the silence rustles
the dry leaves in your heart
and keeps you wide awake.

the silence becomes
the sharp edged rock
that fill your narrow pathway,
any moment you may trip
and tumbledown to its depths.

on top of the old fort,
the silence hugs you
with its cool breeze hands
and your eyes,
otherwise blind with the city dust,
open their lids
to see the valleys within.

at night
the silence becomes
the starlit sky
and the funfilled laughter
of your companions around.

in the morning
the silence wakes up
along with
the dogs, the goats,
the hen and the people.

in the village square
of udayavadi
the silence fills the
bewildered eyes of the koli girl
who is returning
from the nearby lake
balancing the pots
brimming with water.

in rajmachi
all around, you hear
the echoes of silence.
and you return
boomeranged by its music.

i fell in love
with the silence in rajmachi
i brought back
a slice of it, along with me
i keep it locked within
lest it flow back to its abode.

Wednesday, January 26, 2011

പുരുഷറിപബ്ലിക്കിന്

ചെടിക്കുന്നു,
നിന്റെയഴകെഴുത്തുകള്‍.
കാഴ്ചകളെണ്ണിപ്പറയാം,
അല്ലെങ്കിലെന്റെ കണ്ണുകളിലേക്ക് 
കയറി വരൂ, ഈ മുനമ്പില്‍
നിന്നാലെന്റെ താഴ്വാരങ്ങള്‍ കാണാം.
അവയുടെ ആഴങ്ങളെക്കുറിച്ചെഴുതു.

ഇനിയുമെന്തുണ്ട് എന്റെ
ചുണ്ടുകളോടുപമിക്കാന്‍.
അവയെ ഭദ്രമായി താഴിട്ടു പൂട്ടി
നീ വലിച്ചെറിഞ്ഞ
ഉപമകളില്ലാത്ത
താക്കോലുകളെ കുറിച്ചെഴുതു.
ആയിരം മുറികളുള്ള കൊട്ടാരം
ഉള്ളില്‍ തുറക്കുന്നവരെ കുറിച്ചെഴുതു.
ഇരുട്ടറക്കുള്ളിലെ  മിന്നലിനെ കുറിച്ചെഴുതു.

യോനിയെ പൂവെന്നും
പറുദീസയെന്നും 
പാടിയേറെ കേട്ടതല്ലേ?
ഇനിയതിലേക്ക് നീ പായിച്ച
വെടിയുണ്ടകളേയും
തറച്ച് കയറ്റിയ
ഇരുമ്പ് കമ്പികളെയും
കുറിച്ചെഴുതു.
നാല് വയസ്സുകാരിയുടെ
അടിവസ്ത്രങ്ങളില്‍ പതിയുന്ന
നിന്റെ കറകളെക്കുറിച്ചെഴുതു.

ഇനിയും
മുലകളെ കുറിച്ചെഴുതാന്‍
മുലകളെവിടെ?
മുളയ്ക്കുന്തോറും
അവ പറിച്ചെറിഞ്ഞു
ഞാന്‍ ചുട്ട നഗരങ്ങളെ കുറിച്ചെഴുതു.
എന്റെ ഒറ്റച്ചിലമ്പിന്റെ ഒച്ചയെക്കുറിച്ചെഴുതു.

നിന്റെ പടിക്കല്‍
ഉടലോടെ കത്തി നില്‍ക്കുന്ന
ഞങ്ങളുടെ
പൂര്‍ണ്ണ നഗ്നമായ
പ്രതിഷേധത്തെക്കുറിച്ചെഴുതു.

എഴുതൂ! 

Thursday, January 13, 2011

ഒച്ച

ഇനിയിത് വഴി പോകുമ്പോള്‍ 
തിരിഞ്ഞ്‌ നോക്കരുത് 
നീ കാണുന്ന ആദ്യത്തെ പുഴയല്ല ഞാന്‍.
അല്ലെങ്കില്‍ 
എല്ലാ പുഴകളും ഞാന്‍ തന്നെയാണ്.

നീ കണ്ടോ 
ഒരു കുന്നിറങ്ങി വരുന്നത്,
എന്നെ പുണരുന്നത്.
എനിക്ക് മേലെ ഒരു നഗരം  
ആരോ തെറ്റിച്ച കല്ലായി 
തെറിച്ച് തെറിച്ച് വരുന്നത്.
ഞാന്‍ പാടാതെയല്ല,
വണ്ടികളുടെ ഇരമ്പലില്‍ 
നീയെന്റെ പാട്ട് കേള്‍ക്കാതെ പോയതാണ്.
നിലാവായിരുന്നെങ്കില്‍ 
നിന്റെ കണ്ണുകളെങ്കിലുമെന്റെ  പാട്ട് കേട്ടേനെ.
എന്റെ പാട്ടെന്റെ 
മടിത്തട്ടിലെ ഇരുളിനെക്കുറിച്ചാണ്.
ഇരുളിന്റെയുള്ളിലെ അലകളെ കുറിച്ചാണ്.
അലകളെ വെട്ടിച്ച് പൊന്തുന്നൊരു മീനിന്റെ 
വെള്ളിവെളിച്ചമുള്ള ചെതുമ്പലുകളെക്കുറിച്ചാണ്,
ചത്തിട്ടും ചീഞ്ഞിട്ടും 
തുറന്നേയിരിക്കുന്ന അതിന്റെ കണ്ണുകളെക്കുറിച്ചാണ്. 
അടയാന്‍ കൂട്ടാക്കുന്നതേയില്ല  അവ.
നോക്കിനോക്കിയിരുന്നാല്‍ കാണാം 
പാതകള്‍ കൂടിപ്പിണഞ്ഞു കിടക്കുന്ന 
ഒരു ഭൂപടം, ആ കണ്ണുകളില്‍ 
തെളിഞ്ഞ് തെളിഞ്ഞ് വരുന്നത്.
കാണാം, പുറത്തേക്കുള്ള വഴി തേടി 
പാതകളില്‍ നിന്ന് പാതകളിലേക്കുള്ള
നിന്റെയലച്ചിലുകള്‍,
നിന്റെ കുതിപ്പുകള്‍;
കടലൊരു വല വീശും വരെ. 

ഞാന്‍ പാടാതെയല്ല 
ഒരുപാടൊച്ചകള്‍ക്കിടയില്‍ 
ഒരൊച്ച,
നീ കേള്‍ക്കാതെ പോയതാണ്.

Tuesday, January 4, 2011

ഒഴുക്ക്

ഒരു മിന്നലില്‍
എല്ലാം മറന്നു.
ആടകള്‍
ആഭരണങ്ങള്‍
എല്ലാമഴിഞ്ഞു.
മുങ്ങിനിവര്ന്നു,
പായല്‍ പുതച്ചു.

ഒഴുക്കിന്‍ തുടര്‍ച്ച.

ഏറ്റത്തില്‍
ജലം പോലെ നിസ്സംഗം.
ഇറക്കത്തില്‍
കാലവേഗം. 

ഓരോ ദേശത്തിലും
കാവല്‍ക്കാര്‍
മുളവടി കൊണ്ട് കുത്തി
അതിര്‍ത്തി കടത്തി വിട്ടു .

ഇപ്പോള്‍, കടലില്‍
ഒരു ചുവന്ന തുരുത്തിനു
നേര്‍ക്കൊഴുകുന്നു.
ആ വിലക്കപ്പെട്ട കനി,
ഹവ്വയുടേതു പോലെ; എന്നും
കടലില്‍ വീണുടയും.
വീഴ്ചയില്‍ ചതഞ്ഞ്
വിത്തായുയിര്ത്ത്..വീണ്ടും..

മീനുകള്‍ കൊത്തുമുടലില്‍;
പുതിയ ഇടങ്ങളുണ്ടായ്‌ വരും.
അവയില്‍ കുടിയേറും
നടുക്കടലില്‍
ചങ്കുപൊട്ടി ചത്ത മുക്കുവന്റെ
ഒടുവിലത്തെ മിടിപ്പ്;
വലിച്ചെറിയപ്പെട്ട
കുപ്പികളില്‍ നിന്ന്‍, അനേകം
ലഹരികളുടെ ജിന്നുകള്‍.
കൂടെക്കൂടും
മഴപ്പേച്ചുകള്‍,
വെയില്‍ വിരല്പ്പാതകള്‍,
നിലാവിന്റെ ഖനികള്‍,
വാല്‍നക്ഷത്രക്കാഴ്ചകള്‍.
ഇവയൊന്നും തന്നെ 
വില്‍പ്പനയ്ക്ക് വയ്ക്കില്ല.
ഏത് യുദ്ധക്കെടുതിയിലും
ബാക്കിയാവുന്ന പാലങ്ങളാണവ  .
ഒടുവില്‍ ആര്‍ക്കും 
ചെന്നു കയറാവുന്ന വീടുകള്‍.

തിടുക്കമില്ല 
അടിയുമ്പോഴടിയും.
അഴുകുമ്പോഴഴുകും.

അത് വരെ
ഒഴുകും.