Tuesday, December 25, 2012

പരദേശിയുടെ പാട്ട്

ട്രെയിനില്‍ 
'പര്‍ദേശി*' എന്ന് തുടങ്ങുന്ന പാട്ട് 
ഉടുക്ക് കൊട്ടി പാടുന്നവളെക്കുറിച്ച് 
എനിക്കെന്തറിയാം?
ആ പാട്ടെനിക്കിഷ്ടമാണെന്നല്ലാതെ 
ശ്രുതി തെറ്റാതൊരു വരി പാടാന്‍ 
അവള്‍ക്കറിയില്ലെന്നല്ലാതെ 
ചെവി പൊട്ടുന്നൊരൊച്ചയില്‍ പാടിയിട്ടും 
അവളുടെയൊക്കത്ത് 
തളര്‍ന്നുറങ്ങുന്ന കുഞ്ഞുണരുന്നില്ലെന്നല്ലാതെ 
വര്‍ഷങ്ങളായി അവളൊരേ പാട്ട് തന്നെ 
അപസ്വരത്തില്‍ പാടുന്നെന്നല്ലാതെ 
മുന്പ് കാണുമ്പോള്‍ അവള്‍ക്കൊപ്പം 
ഒരു കുഞ്ഞുണ്ടായിരുന്നില്ലെന്നല്ലാതെ,
അവളുടെ പാത്രത്തില്‍ വീഴുന്ന തുട്ടുകള്‍ക്ക് 
പാവ്ബാജിയുടെ രുചിയാണെന്നല്ലാതെ 
അവളുടെ പിഞ്ഞിത്തുടങ്ങിയ 
ഉടുപ്പുകള്‍ക്കുള്ളിലേക്ക് 
ഏത് ഡിസംബറിനേക്കാളും 
തണുപ്പുള്ള നോട്ടങ്ങള്‍ 
അരിച്ചിറങ്ങുന്നുവെന്നല്ലാതെ 
എന്തറിയാം അവളെക്കുറിച്ചെനിക്ക്? 

കണ്ണു പുളിക്കുന്ന വെയിലിലേക്കവള്‍ 
ഇറങ്ങിപ്പോയതിനു ശേഷവും 
'പര്‍ദേശി' യെന്ന പാട്ട് 
ജനലുകളിലൂടെയും വാതിലുകളിലൂടെയും 
ട്രെയിനിനുള്ളിലേക്ക് കയറിവരുന്നു.
ലസ്സി വില്‍ക്കുന്നവരുടെയും 
മധുര നാരങ്ങ വില്‍ക്കുന്നവരുടെയും 
ശബ്ദങ്ങള്‍ക്ക് മേലെ 
'പര്‍ദേശി'യെന്ന  പാട്ട് 
സ്വയം ശ്രുതി ചേര്‍ത്ത് 
താളമിട്ട് പാടിക്കൊണ്ടേയിരിക്കുന്നു.
വിശ്വാസങ്ങളെ തകര്‍ക്കരുതെന്ന്‍ 
മറന്ന്‍ കളയരുതെന്ന് 
ഓര്‍മ്മകളുണ്ടായിരിക്കണമെന്ന് 
പാടിക്കൊണ്ട്, ഒരു ജനത 
ഇരുള്‍ വീണ് കിടക്കുന്ന തുരങ്കങ്ങളിലൂടെ 
വെളിച്ചത്തിന്റെ പൊടി 
പാറുന്നിടം തേടി 
ഓടിക്കൊണ്ടേയിരിക്കുന്നു. 

* രാജഹിന്ദുസ്ഥാനി എന്ന ഹിന്ദി സിനിമയിലെ ഒരു ഗാനം

Sunday, November 11, 2012

പാതി മാഞ്ഞ ഒരു ഉടല്‍

പച്ച പുതച്ച് നില്‍ക്കുന്നു 
പാതി പൊളിഞ്ഞ വീട് 
കുഞ്ഞുങ്ങളോടുന്ന പോലെ 
പടരുന്നു വള്ളികള്‍.
കിടപ്പ്‌ മുറിയില്‍ ഒരാല്‍മരത്തൈ 
വേരാഴ്ത്തി നില്‍ക്കുന്നു.
ഓടിളകിയ തറയില്‍ 
പുല്ല്, പുല്‍ച്ചാടി. 

ചായമടര്‍ന്ന ചുവരുകളില്‍    
കുടിയിറക്കപ്പെട്ട 
കൂറകള്‍, ഉറുമ്പുകള്‍.
കാടിഴയുന്ന മുറ്റത്ത് 
പലര്‍, പലപ്പോഴായി 
വലിച്ചെറിഞ്ഞ വസ്തുക്കള്‍.

ഉടല്‍ പോയ മേല്‍ക്കൂരയില്‍ 
കാലം കൂട്ടിവയ്ക്കുന്നു 
നിലംതൊടാമണ്ണ്, അതിലും 
ആകാശത്തിന്റെ കണ്ണ്.

വാതിലുകളും ജനാലകളുമില്ലാത്ത 
മുറികളിലുറങ്ങുന്നു 
എല്ലാ നൊമ്പരങ്ങളുടെയും വെയില്‍.

പാതി പൊളിഞ്ഞ വീട് 
ഒരു തൊട്ടാവാടിച്ചെടി;
ഒന്ന് തൊട്ടതും 
ഓര്‍മ്മകളില്‍ വാടി നില്‍ക്കുന്നു. 

പാതി പൊളിഞ്ഞ വീട് 
ഒരു ചിതല്‍പ്പുറ്റ്,
തുടുമിന്നല്‍പ്പിണരിലും 
ധ്യാനം തുടരുന്നു; ഏത് 
മഴയും നനഞ്ഞ് നില്‍ക്കുന്നു.

പാതിരാവില്‍ 
പാതി പൊളിഞ്ഞ വീട്ടില്‍ 
തിളങ്ങുന്നു 
ചാക്കില്‍ കെട്ടിയാരോ 
വലിച്ചെറിഞ്ഞ പൂച്ചയുടെ 
ഇളംപച്ചക്കണ്ണുകള്‍. 

Saturday, October 13, 2012

പല കാലങ്ങളില്‍ ചില പെണ്‍കുട്ടികള്‍

ചില ദിവസങ്ങളില്‍ 
സ്ഫോടനത്തിന് മുന്‍പുള്ള 
അഞ്ച് നിമിഷങ്ങളുടെ 
തുടര്ച്ചയാകും ജീവിതം.

ഉള്ളിലെ 
തകര്‍ന്ന്‍ പോയ തെരുവുകളിലെ 
ഉച്ചഭാഷിണികളില്‍ 
കായല്‍* എന്ന പെണ്‍കുട്ടി 
മലാല** എന്ന പെണ്‍കുട്ടിയോട് 
പറയുന്ന രഹസ്യങ്ങളപ്പോള്‍ 
തെളിഞ്ഞ് കേള്‍ക്കാം. 

കായലിന്റെ വാക്കുകളില്‍ 
ചൂളി, യുലഞ്ഞ്  തെരുവ് 
ആകാശത്തേക്ക്  നോക്കി കിടക്കുന്നു.
തെരുവില്‍ കിടക്കുന്ന കബന്ധത്തിന്റെ 
നെഞ്ചിലിരിക്കുന്ന തലയും 
ആകാശത്തേക്ക് നോക്കി കിടക്കുന്നു. 
തെരുവില്‍ 
തിരകളൊഴിഞ്ഞ തോക്കുമായ് നില്‍ക്കുന്ന 
വേട്ടക്കാരനെ നോക്കി 
മലാലയെന്ന പതിന്നാലുകാരി ചിരിച്ച് മറിയുന്നു.
ഒരു ലോകം മുഴുവന്‍ 
അവളോടൊപ്പം ചിരിക്കുന്നു.

കായല്‍ അവളുടെ മുറിവുകളെ 
ജലത്തിലേക്കൊഴുക്കുന്നു 
ജലം അവളെ പുല്കിയുറക്കുന്നു.
അവള്‍ 
തുടിച്ച് പായുന്ന മീന്കൂട്ടമായും 
നിലാവിനെ തൊടാനായുന്നൊരേറ്റമായും 
ജലത്തിലലിഞ്ഞോരുപ്പായും 
പുനര്‍ജനിക്കുന്നു.
ഇപ്പോഴവള്‍ ജലത്തെ പുല്കിയുറക്കുന്നു. 

പുതിയ ഭൂമിയുടെ കവാടങ്ങളില്‍ 
കാവല്‍ നില്‍ക്കുന്നു മലാല.
ഭൂമിയെ ചുറ്റുന്ന കിടങ്ങുകളില്‍ 
ഒഴുകി നിറയുന്നു കായല്‍.

മുഴുവനായും തുറന്ന 
ഒരു കണ്ണായും 
ഉറുമ്പിനോടും സംവദിക്കുന്ന 
ഒരു കാതായും 
പല കാലങ്ങളില്‍ 
ചില പെണ്‍കുട്ടികള്‍. 


*കായല്‍ : സാറാ ജോസഫിന്റെ  ആതി എന്ന നോവലിലെ കഥാപാത്രമായ പെണ്‍കുട്ടി. നഗരത്തില്‍ വച്ച് പലരാല്‍ പീഡിപ്പിക്കപ്പെട്ട കായല്‍ ജലസാന്ത്വനം തേടി അമ്മയോടൊപ്പം ആതി എന്ന ജല സാമ്രാജ്യത്തിലേക്ക് എത്തുന്നത് ആതിയിലെ ഉപകഥകളിലൊന്ന്‌. ആതിയിലെ ജലത്തിന്റെ താളവും സൌന്ദര്യവുമാണ് മൌനത്തിന്റെയും വേദനയുടെയും ആഴങ്ങളില്‍ നിന്ന് കായലിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരുന്നത് . ഇവിടെ കായല്‍ ഒരേ സമയം ഒരു പെണ്‍കുട്ടിയെയും പ്രകൃതിയെയും പ്രതിനിധാനം ചെയ്യുന്നു. 

**മലാല യൂസഫ്സായ് : താലിബാന്റെ  വെടിവയ്പ്പില്‍ പരുക്കേറ്റ്  ഗുരുതരാവസ്ഥയില്‍ കഴിയുന്ന പതിന്നാലുകാരി പെണ്‍കുട്ടി.  താലിബാന്‍ കേന്ദ്രമായ പാക്കിസ്ഥാനിലെ സ്വാത്  താഴ്വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള അവകാശ സമരത്തിലെ സജീവ പ്രവര്‍ത്തക. മലാല ജീവിതത്തിലേക്ക് തിരികെ വന്നാല്‍ വീണ്ടും വധശ്രമം ഉണ്ടാവുമെന്ന് താലിബാന്റെ ഭീഷണി . പാകിസ്താന്‍ മാത്രമല്ല ലോകം മുഴുവന്‍ അവള്‍ മടങ്ങി വരാന്‍ പ്രാര്‍ഥിക്കുന്നു. 

Friday, August 31, 2012

മൂന്ന് വയസ്സുകാരിയുടെ കവിത (Irish കവിത)


അയറിഷ് (Irish) കവിയായ ബ്രെണ്ടന്‍ കെന്നെല്ലിയുടെ (Brendan Kennelly) കവിത (സ്വതന്ത്ര പരിഭാഷ - ചിത്ര ) 

പൂക്കള്‍ മരിക്കുമോ?

ആളുകള്‍ മരിക്കുമോ?

ഓരോ ദിവസവും നമുക്ക്  വയസ്സാകുമോ, എനിക്ക് 
വയസ്സാകുമോ, ഇല്ല, എനിക്കാവില്ല, 
പൂവുകള്‍ക്ക് വയസ്സാവുമോ?

പഴയ കളിപ്പാട്ടങ്ങള്‍  പുറത്തേക്കെറിയുമോ?

വയസ്സായവരെ പുറത്തേക്കെറിയുമോ?

ഒരു പൂവിനു വയസ്സായെന്ന് എങ്ങനെ അറിയും?

ഇതളുകളടരും, പൂവുകളില്‍ നിന്നിതളുകളടരും
ആളുകളില്‍ നിന്നടരുമോ ഇതളുകള്‍,
എല്ലാ ദിവസവും കൂടുതലിതളുകള്‍  
വീഴുന്നു ഞാന്‍ കളിയ്ക്കാന്‍ കൊതിക്കുന്ന 
തറ പഴയ പൂക്കളും മനുഷ്യരും കൊണ്ട് 
നിറയുവോളം, അവയൊന്നിച്ച്   
കിടക്കുന്നു ഇതളുകള്‍ വീണ 
ചെളിപിടിച്ച തറയില്‍ ഞാന്‍ കളിക്കാന്‍ കൊതിക്കുന്ന
തറയില്‍ നീ വരുന്നു കൂറ്റന്‍ ചൂലുമായി. 

നീ തൂത്ത് വരുന്ന അഴുക്ക്, എന്ത് പറ്റുമതിന്,
പൂക്കളില്‍ നിന്നും ആളുകളില്‍ നിന്നും
നീ തൂത്ത് വാരുന്ന അഴുക്കിനെന്ത് പറ്റും, എന്ത് 
പറ്റുമഴുക്കിന് ? പൂക്കളില്‍ നിന്നും
ആളുകളില്‍ നിന്നും ബാക്കിയാവുന്നതീയഴുക്കോ, ഇതോ 
എല്ലാം തൂത്ത് കളയുന്ന ആ കൂറ്റന്‍ ചൂലിന് 
താഴെ കുന്നു കൂടിക്കിടക്കുന്നു?

എന്തിനിത്ര കഠിനമായി പണിയെടുക്കുന്നു, ഒരു
കുന്നഴുക്കിനായെന്തിനിത്ര മിനക്കെട്ടു തൂത്ത് വാരുന്നു?
പുതിയ പൂവുകള്‍  ആര് കൊണ്ട് വരും?
ആര് കൊണ്ട് വരും പുതിയ മനുഷ്യരെ? ആര് 
കൊണ്ട് വരും വെള്ളത്തിലിടാന്‍ പുതിയ പൂവുകള്‍
ഞാന്‍ കളിക്കാന്‍ കൊതിക്കുന്ന
ഇതളുകള്‍ വീഴാത്ത തറയുള്ള മുറിയില്‍?
ക്ഷീണം കൊണ്ടുറങ്ങി വീഴുന്ന
അപ്പൂപ്പന്മാരെ പോലെ തല കുനിച്ച്
നില്‍ക്കാത്ത പുതിയ പൂവുകള്‍
ആര് കൊണ്ട് വരും?
ഓരോ ദിവസവും തൊലിയുലഞ്ഞ് പോകാത്ത
പുതിയ പൂവുകള്‍ ആര് കൊണ്ട് വരും?
പുതിയ  പൂവുകളുണ്ട് നമുക്കെങ്കില്‍,
പുതിയ മനുഷ്യരും നമുക്കുണ്ടാവുമോ
അവയ്ക്ക് വെള്ളമൊഴിയ്ക്കാനും 
ജീവന്‍ കൊടുക്കാനും?

പുതിയ പൂവുകള്‍ മരിക്കുമോ?

കുട്ടികള്‍ മരിക്കുമോ?

എന്തിന്?

Saturday, August 25, 2012

ചുമര്‍ചിത്രങ്ങള്‍

മുടിയഴിച്ചിട്ട ഒരു പെണ്ണ്,
അവളുടെ കണ്ണില്‍ വെയില്‍.
ഒരു നോട്ടം മതി 
ചുമരില്‍ നിന്നവള്‍ 
ഉള്ളിലേക്കിറങ്ങിക്കിടക്കും.

ചുമര് തകര്‍ത്ത് 
ഒരാനക്കൂട്ടമിറങ്ങും
അലകളൊഴിഞ്ഞൊരു 
തടാകം കലങ്ങിമറിയും.
മീന്‍ കൊത്താതൊരു പൊന്മാന്‍ 
ഇലകള്‍ക്കുള്ളില്‍ മറയും,
കാടകം തുടിക്കും.

മുറിക്കുള്ളില്‍ പാറും 
ഒരു ശലഭം.
വഴുക്കുന്ന കല്ലില്‍, 
പടരുന്ന വള്ളിയില്‍,
വെയില്‍ക്കുന്നിന്നുച്ചിയില്‍,
കിളിച്ചുണ്ടനങ്ങുന്നൊരൊച്ചയില്‍,
മഴപ്പാറലേല്‍ക്കുന്നൊരിലയില്‍,
മുക്കുറ്റി നിറമുള്ളോരോര്‍മ്മയില്‍  
ചെന്നിരിക്കും.
ഇരുള്‍ വീഴും മുന്നേ 
ചുമരിലേക്ക് ചായും.

ശലഭച്ചിറകില്‍ ചെന്നിരിക്കെ 
കണ്ണൊരു പൂവാകും,
തേന്‍ തുളുമ്പും 
പൂമ്പൊടി ചിതറും. 

മുറിക്കുള്ളില്‍ 
വിരിയും, 
ഒരു പ്രപഞ്ചം.

Saturday, August 11, 2012

തൊലിക്ക് പിന്നില്‍ - ബംഗാളി കവിയായ പ്രബല്‍ കുമാര്‍ ബസുവിന്റെ ഒരു കവിത - വിവര്‍ത്തനം

ഒരാളുണ്ട്
ഓരോ ആഴ്ചയറുതിയിലും കുളിക്കും,
തൊലിയുരച്ച് കഴുകും
തുണിയലക്കുന്ന മാതിരി.

മറ്റൊരാള്‍
ഓരോ വൈകുന്നേരവും
പഞ്ഞിയും ക്രീമും കൊണ്ട്
തൊലിക്കുള്ളിലെയഴുക്കിളക്കും
ഹഹ..ഒരു ജീവിതം മുഴുവന്‍
തൊലിക്ക് വേണ്ടി ചെലവഴിക്കുന്നു!

എല്ലാ വൈകുന്നേരവും
ഒരു പെണ്‍കുട്ടി
തൊലി വില്‍ക്കാനിരിക്കും.
തന്റെ തൊലിയില്‍ നിന്ന് തന്നെ
അവള്‍ പലതരം തുണികള്‍ നെയ്യും.
ഒരിക്കല്‍,
അധികം വന്ന തൊലിയില്‍ നിന്ന്
അവളുടെ സുഹൃത്ത്
ഒരു ജോടി ചിറകുകളുണ്ടാക്കി.
രാവേറെ ചെല്ലുമ്പോള്‍
അവള്‍ പേരറിയാത്തിടങ്ങളിലേക്ക് പറക്കും.

ഇതെല്ലാം കണ്ട്‌
ഞാനെന്റെ തൊലിയെ കുറിച്ച് ബോധവാനാകുന്നു.
ഞാന്‍ കണ്ടു
എന്റെ തൊലിയെന്റെ ദേഹത്തെ വിട്ടു
പറന്നു പോകുന്നത്.
ഞാനെന്റെ തൊലിക്ക് പുറകെ ഓടുന്നു.
പൊതുസ്ഥലത്തെന്നെ നഗ്നനാക്കി നിര്‍ത്തി
എന്റെ തൊലി എങ്ങോ പോയ്‌ മറയുന്നു.

Sunday, August 5, 2012

മഴയില്‍, മലയില്‍

മലയിറങ്ങി വരുന്നു 
മഴ 
മഴയിലിറങ്ങി വരുന്നു 
മല.

മഴ 
നീയെന്ന്‍ കണ്ട്
മഴയും 
നീയെന്ന്‍ കണ്ട് 

ഞാന്‍ 
മല കയറി വന്നു 
ഞാന്‍ 
മാമല കയറി വന്നു.

മലയിറങ്ങിപ്പോയ് 
മഴ.
മഴയിറങ്ങിപ്പോയ 
മല.

മലയില്‍ മഴ നെയ്ത 
പച്ചിലച്ചാര്ത്തുകള്‍.

നീട്ടിയ വിരല്‍ത്തുമ്പില്‍ 
മലയിറങ്ങാന്‍ മറന്ന 
ഒരു കാര്‍മേഘം. 

Wednesday, July 11, 2012

വാതിലില്‍ കോറിവരയ്ക്കുന്നു

വാതിലിനപ്പുറം 
ഒരായിരം കിളികളെ 
കോറി വരയ്ക്കുന്നൊരാകാശം;
വര മായ്ക്കുന്ന മേഘങ്ങള്‍.

കളഞ്ഞ് പോയ 
ഒരു താക്കോല്‍,
വാതില്‍ പഴുതില്‍ 
തുരുമ്പെടുക്കുന്നു.

ആകെ 
അടഞ്ഞ ഒരു വാതില്‍.

വാതിലിനപ്പുറം 
ഒരാള്‍, മുട്ടി വിളിക്കാതെ 
കടന്ന്‍ പോകുന്നു.

ഒരാള്‍ 
ഒന്ന്‍ മുട്ടാതെ 
വാതിലും 
കടന്ന്‍ പോകുന്നു.

ആകാശം പിളര്ക്കുന്നൊരു
മുറിവിന്റെ വെട്ടം;
പെയ്തൊഴിഞ്ഞ മഴയെ 
തുമ്പിലേക്കാവാഹിച്ച്
പച്ചിലക്കൂട്ടം.

വാതില്‍ പഴുതിലൂടൊരായിരം
കിളികളകത്തേക്ക്  പറക്കുന്നു.

മരത്തണുപ്പുള്ള 
ഒരു ഹൃദയത്തില്‍ 
നിറയുന്നു,
മരമായിരുന്ന കാലത്തെ 
ചിറകടിയൊച്ചകള്‍.

Monday, May 14, 2012

ദമന്‍ (Daman)

വഴിയില്‍ കണ്ട 
തൊലിയിരുണ്ട മനുഷ്യരുടെ 
കണ്ണേറില്‍, ചിരിയില്‍ 
ഉപ്പ് പരലുകള്‍.
*****
യാത്രയില്‍, ഇരുവശങ്ങളില്‍ 
മൌനമായിരിക്കുന്ന 
ഉപ്പ് കൂനകള്‍; അവയ്ക്കുള്ളില്‍ 
പ്രക്ഷുബ്ദമായ ഒരു കടല്‍. 
*****
പച്ച വളയിട്ട കൈകളില്‍ 
പച്ചിലത്തണ്ടില്‍  പൊതിഞ്ഞ 
ചാമ്പയ്ക്ക, ഞാവല്‍പ്പഴം,
നൊങ്ക്;
ചങ്കിലെ നീരൂറ്റിത്തന്ന്‍  ചാമ്പ 
നാവില്‍ ചോരയിറ്റിച്ച് ഞാവല്‍ 
ചേര്‍ത്ത് പിടിച്ചിട്ടും വഴുതിപ്പോകുന്ന 
പ്രിയമുള്ള ഒരോര്‍മ്മ പോലെ നൊങ്ക് 
നാവിലെ മുകുളങ്ങളില്‍ 
രസങ്ങളുടെ ഒരു മോക്ക്ടെയില്‍.
*****
മത്സ്യങ്ങള്‍ 
കടലിറങ്ങി വന്ന്‍
വില്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന 
മീന്‍കാരിപ്പെണ്ണുങ്ങളുടെ 
ഗന്ധമായിപ്പടരുന്നു.
വിയര്‍പ്പ്, മീന്മണം, ഉപ്പ് കാറ്റില്‍ 
തീക്ഷ്ണഗന്ധങ്ങളുടെ ഉന്മാദം.
*****
പറങ്കിയുടെ കോട്ടകളില്‍ 
ചരിത്രം 
ആലിന്‍ തൈയായ് 
കല്ലില്‍ മുളയ്ക്കുന്നു,
കാറ്റായ് കുറുകിനില്‍ക്കുന്നു,
കാഴ്ചയായ് കൂടെ നടക്കുന്നു.
*****
തകര്‍ന്ന എടുപ്പുകള്‍ 
ശൂന്യമായ വീടുകള്‍ 
ദമന്‍, കാല്‍പ്പെരുമാറ്റം 
അകന്നകന്ന്‍  പോകുന്ന  
ഒരു കാഴ്ചബംഗ്ലാവ്. 
*****
കെട്ട് വിട്ട 
വലക്കണ്ണികള്‍ തുന്നുന്നു 
കെട്ടുവള്ളക്കാര്‍;
ചതുരക്കള്ളികളില്‍
അസ്തമയമടുത്ത
ഒരു അഴിമുഖം.
*****
കടല്‍സന്ധ്യ.
തിരകള്‍ക്കാഹ്ലാദം,
കുഞ്ഞുങ്ങള്‍ക്കാഹ്ലാദം.
തിരത്തളളലില്‍ 
ആകെ നനഞ്ഞ ഒരു സൂര്യന്‍,
മേഘത്തുണ്ടുകള്‍ 
കൊണ്ട് നാണം മറയ്ക്കുന്നു.
കടലിലേക്കുരുകി  വീഴുന്നു,
തീത്തുള്ളികള്‍.
*****
ദമന്‍, നിറഞ്ഞൊഴുകുന്ന 
ഒരു വീഞ്ഞുകോപ്പ.
രാവേറെയും മധുശാലകള്‍
ഉണര്‍ന്നിരിക്കുന്നു, വണ്ടുകള്‍ 
മൊത്തിമൊത്തിക്കുടിക്കുന്നു 
ലഹരിയുടെ 
അവസാനത്തെ തുള്ളിയും.
*****
പ്രഭാതം,
രത്നാഭായിയുടെ 
ഉപ്പുപരല്‍ ചിരി.
കണവനെക്കൊണ്ട് പോയ 
കടലിനെ വെല്ലാന്‍ 
കരയില്‍ ലഹരി വില്‍ക്കുന്നവള്‍.
കടല്‍ക്കരയിലവള്‍  നിരത്തുന്നു
വീഞ്ഞിന്‍ കുപ്പികള്‍.
രത്നാഭായിയുടെ സാരിത്തലപ്പ് 
കാറ്റില്‍ മത്ത് പിടിച്ചുയരുന്നു. 
*****
വേലിയിറക്കത്തിലെ
കടല്‍ത്തീരം;
വെളിവാകുന്നു 
അടിത്തട്ടിലെ മണല്‍ത്തിട്ട 
ചിതറിക്കിടക്കുന്ന ശംഖുകളില്‍
അരപ്രാണനായ ജീവന്‍, 
അവയുടെ കാതുകളില്‍ 
വേലിയേറ്റത്തിന്റെ  മുരള്‍ച്ച.
*****
മടക്കം 
തീവണ്ടിയുടെ രൂപമുള്ള 
ആള്‍ത്തിരക്കില്‍,
അന്നത്തെ വേല 
കഴിഞ്ഞ് വരുന്നവരുടെ 
വിയര്‍പ്പിലൊട്ടിയൊട്ടി.
രണ്ട് നാളത്തെ 
പലായനത്തിനൊടുക്കം, മടക്കം. 
അന്യന്റെ മുഖത്തേല്‍ക്കുന്ന വെട്ട് 
തൂവല്‍ സ്പര്‍ശമാവുന്ന ചിന്തയിലേക്ക്;
അപരന്റെ നിലവിളി
കാതുകള്‍ക്ക് സംഗീതമാവുന്ന 
കാലത്തിലേക്ക്. 
*****

Monday, April 30, 2012

ആത്മഹത്യാമുനമ്പിലെ വൃക്ഷങ്ങള്‍

ഒരു ഞൊടി
ഒരു കുതിപ്പ്.

താഴേക്ക് 
പറക്കുന്നു.

കുത്തിളകിയ  
ചോദ്യചിഹ്നങ്ങള്‍;
വേരുകള്‍.

ചുവട്ടിലെ 
മണ്ണ്‍ മറിയുന്നു 
പുല്ല് മറിയുന്നു 
കല്ല്‌ മറിയുന്നു 

കാഴ്ച മറയുന്നു.

പോകുന്ന വഴിയെ 
കയ്യെത്തുന്നിടം 
കാലെത്തുന്നിടം 
കാറ്റിന്റെ വള്ളികള്‍.

കാറ്റിനോടൊപ്പം 
പോകുന്നു.

താഴ്വാരം 
കടപുഴകിയ 
കടമ്പുകളുടെ
സാമ്രാജ്യം.

തകര്‍ന്ന ചില്ലകളില്‍ 
കുടുങ്ങിക്കിടക്കുന്നു 
ഇനിയുമസ്തമിക്കാത്ത
സൂര്യന്‍.

ഇരുളില്‍ പൊഴിയുന്ന 
ഇലകളില്‍ 
ഇനിയും ദ്രവിക്കാത്ത
ഹരിതകം.

Tuesday, April 17, 2012

ചുകന്ന മൂക്കുത്തി

തല പിളര്‍ത്തി 
ഉടല്‍ പകുത്ത് 
കരവേഗലാളനം.

ഉരുകിയൊലിക്കുന്നു
വറ്റിയ നദികളുള്ള 
തലച്ചോര്‍; ഉള്ളില്‍ 
അടിയുറവ വറ്റാത്ത 
നിലാവിന്‍ നദി. 

തെരുതെരെ തെറിക്കുന്ന 
മാംസത്തിന്നടരുകള്‍,
ചെന്തളിരിലകള്‍.

മരപ്പലക
കറുത്ത കലയുടെ 
ക്യാന്‍വാസ്.

ഉത്തരത്തില്‍ തൂങ്ങി 
ചരിത്രത്തിന്റെ 
വിഭജിക്കപ്പെട്ട കാലുകള്‍,
അവ കണ്ട കാലങ്ങള്‍;
താണ്ടിയ ദൂരങ്ങള്‍, 
മേഞ്ഞ മൈതാനങ്ങള്‍.

തെറിച്ച തലയില്‍ 
തുറുകണ്ണുകളില്‍ 
അപ്പോള്‍ പൊടിഞ്ഞ മഴയില്‍ 
കൂമ്പിയ തൊട്ടാവാടികള്‍, 
മുക്കുറ്റികള്‍
തുമ്പകള്‍.

തുമ്പനാക്കിന്‍
തുമ്പില്‍ 
ഒരു ചുകന്ന 
മൂക്കുത്തി. 

Saturday, March 31, 2012

മറുകാഴ്ച


വേനല്‍ വറുതിയില്‍
വിരിഞ്ഞ പൂവ് 
ജനലിലൂടെ നോക്കുന്നു.

ആദ്യമായ് 
ഞാനൊരു പൂവിന്റെ 
ജനല്ക്കാഴ്ചയാവുന്നു. 

കാറ്റിലാടുന്ന 
പൂവിനനുതാപം.

കണ്ണുകള്‍ കൊണ്ട് 
പൂവെന്റെ
നഗ്നത വരയ്ക്കുന്നു.
ഉടല്‍ ഞാനഴിച്ച് വയ്ക്കുന്നു.

ഉടല്‍ എന്നെ അഴിച്ച്  വയ്ക്കുന്നു.

ഉറക്കത്തില്‍ ഞാന്‍ 
വസന്തത്തിന്റെ 
കറ്റകള്‍ 
കൊയ്ത്‌ കൂട്ടുന്നു.

Wednesday, March 14, 2012

മഞ്ഞള്‍ തേച്ച് കുളിക്കുന്നു

പെണ്‍കുട്ടി 
മഞ്ഞള്‍ തേച്ച് കുളിക്കുന്നു.

കാഴ്ചയില്ലാത്ത പെണ്‍കുട്ടി 
മഞ്ഞള്‍ തേച്ച് കുളിക്കുന്നു.

അവളെ കൊത്തിവലിക്കുന്നു 
നിലാവിന്റെ ഇളംമഞ്ഞക്കണ്ണുകള്‍.

വെയിലിന്നുച്ചിയില്‍
അവള്‍  
മഞ്ഞളുടുത്ത് കിടക്കുന്നു. 

അവള്‍ക്കുള്ളില്‍ 
മഞ്ഞള്‍ മണം;
അവളുടെ ദേഹം 
മഞ്ഞ ലോഹം.

പൊക്കിളില്‍ 
കുരുത്ത് പൊങ്ങുന്നു 
ഒരു മഞ്ഞള്ച്ചെടി.

Sunday, February 26, 2012

ഉരിയാടല്‍

നിന്നോട് സംസാരിക്കുമ്പോള്‍
നീയൊഴിച്ച്
എല്ലാവരുമത് കേള്‍ക്കുന്നു.

മറുപടി പറയുന്നു
തെരുവുകള്‍ തോറും
അലഞ്ഞ്  തളര്‍ന്നൊരു കാറ്റ്;
പുറപ്പെട്ടിടത്തേക്കെന്നും
തിരികെയെത്തുന്ന പക്ഷികള്‍;
ഇരുന്നേടത്ത് നിന്നും
വേര് നീട്ടുന്ന മരങ്ങള്‍,
അവ പൊഴിക്കുന്ന ഇലകള്‍;
പേരറിയാത്ത പൂവുകളുടെ
നൂറായിരം ഗന്ധങ്ങള്‍.

നിന്നോട് പറയുന്ന വാക്കുകള്‍
ഈയാമ്പാറ്റകളായി
ചുമരില്‍
തട്ടി,
വീണ്ടും തട്ടി,
താഴേക്ക് താഴേക്ക്
വീഴുന്നു.

ബാക്കിയായ
ഇത്തിരി വെട്ടത്തിലവ
ഉടല്‍ മുറിഞ്ഞ് കിടക്കുന്നു.

Wednesday, February 22, 2012

വി.ടി.ഗോപാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ്

മുംബൈ സാഹിത്യ വേദിയുടെ വി.ടി.ഗോപാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ് ലഭിച്ചതിലുള്ള സന്തോഷം പങ്കു വയ്ക്കുന്നു. വിളിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്ത വി.ടി സ്മാരക ട്രസ്റ്റ്‌ അംഗങ്ങള്‍, സാഹിത്യവേദിയിലെ സുഹൃത്തുക്കള്‍, FB കവിത കൂട്ടായ്മകളിലെ സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് നന്ദി. ശ്രീ വി. ടി. ദാമോദരന്‍, സന്തോഷ്‌ പല്ലശ്ശന എന്നിവര്‍ക്ക് പ്രത്യേകിച്ചും. ബ്ലോഗിലെ എഴുത്താണ് ഈ കൂട്ടായ്മകളിലേക്ക് എത്തിച്ചത്. അഭിപ്രായങ്ങളിലൂടെയും വിമര്ശനങ്ങളിലൂടെയും എഴുത്തിനു ഊര്‍ജം പകരുന്ന ബ്ലോഗിലെ കൂട്ടുകാരെയും പ്രത്യേകിച്ച് ഓര്‍ക്കുന്നു. നന്ദി. 

http://sahithyavedimumbai.blogspot.in/2012/02/blog-post_22.html

Sunday, February 19, 2012

കറുത്ത വരികളില്‍

സ്വപ്നസഞ്ചാരത്തിന്റെ 
തെരുവുകളില്‍ ലഹള.
ഇരുള്‍ മറവില്‍ തീപ്പിടിക്കുന്ന  
വിശ്വാസത്തിന്‍ ചെറുകൂരകള്‍.
സ്ഫോടനാത്മകമായൊരു നിമിഷത്തില്‍ 
നിലച്ച് പോയ 
ഒരു നീല ഹൃദയം.

സന്ധിയില്ലാത്ത രക്തം 
പടിക്കല്‍ 
തളം കെട്ടിക്കിടക്കുന്നു.

പുറത്തേക്കിറങ്ങിയതാണ്.
മിനുത്ത കുപ്പായങ്ങളുലയാതെ
കറകളാലഭിശപ്തമാകാതെ 
മുറിയിലേക്ക് തന്നെ മടങ്ങി.

രാവേറെയായി;
മുറിയില്‍ 
കുടിച്ചുന്മത്തയായൊരു
കൊതുക് 
കറുത്ത വരികളില്‍ 
പറ്റിപ്പിടിച്ചിരിക്കുന്നു. 

ഉള്ളുലയ്ക്കുന്ന 
മൂളല്‍.

കത്തുന്ന 
കരി ഉടല്‍.

വിയര്‍ക്കുന്ന 
രക്തം.

കവിത.

Sunday, February 5, 2012

കണ്‍പച്ചയെക്കുറിച്ചുള്ള കവിതകള്‍ - 2

തിരച്ചില്‍  
മറ്റാരും ചെന്നെത്തിയിട്ടില്ലാത്ത 
ഒരു ഭൂഖണ്ഡം 
തേടി പോയതാണൊരിക്കല്‍. 

ഇന്ന്‍ ആരും 
തിരഞ്ഞ്  വരാനില്ലാത്ത 
ഒരു ചെറുതുരുത്തായി 
പച്ച മൂടിക്കിടക്കുന്നു.


ഉയിര്ത്തെഴുന്നേല്പ് 
കോഴി കൂകും മുന്‍പേ 
മൂന്നല്ല 
മുക്കോടിത്തവണ
കുടിയിറക്കപ്പെട്ടവള്‍ .

അവള്‍ക്കുള്ളില്‍ 
ഓരോ പ്രഭാതത്തിലും 
തളിര്‍ത്ത് വരുന്നു 
പ്രതിരോധത്തിന്റെ  
ഒരു പച്ച ഇല. 


പച്ച 
ഉദയാസ്തമയങ്ങളില്‍ 
ഭൂമിയിലും ആകാശത്തിലും  
രക്തം.

പകലിരവുകളില്ലാതെ 
തെരുവുകളില്‍ 
രക്തം.

മൌനമായിരിക്കുന്ന
എന്റെയും നിന്റെയും 
കൈകളില്‍ 
രക്തം. 

നിന്റെ കണ്ണുകളില്‍ മാത്രം 
അനാദിയായ  
പച്ച.

Monday, January 30, 2012

ഇല പൊഴിയും കാലത്തെ ഒപ്പീസ്

വാക്ക്  
വിഴുങ്ങി വിഴുങ്ങി 
പള്ള 
വീര്‍ത്ത് വീര്‍ത്ത് 
പായുന്നു ഒരു വണ്ടി;
ഇടയ്ക്കൊരു വാക്ക് 
വിതുമ്പിക്കൊണ്ടിറങ്ങുന്നു.

വിളക്ക് കാലിലെ കനല്‍ 
നെഞ്ചില്‍ ചുവക്കുന്നു;
വരി മുറിച്ചെത്താന്‍   
ഒരു വാക്ക് 
പച്ച കാത്ത് നില്‍ക്കുന്നു. 

പൊള്ളലേറ്റ് 
പിടഞ്ഞവര്‍ക്കുള്ളില്‍ 
പോളച്ച് കിടക്കുന്നു വാക്കുകള്‍;
ഉരുകിയുരുകിയുരുകി 
വാക്കിന്‍ ലാവയൊഴുകുന്നു.

കലയ്ഡോസ്കോപ്പിലെ
കുപ്പിവളപ്പൊട്ടുകള്‍ പോലെ 
വാക്കുകള്‍;
തമ്മിലുരുമ്മിയും
തൊട്ട്  ചിതറിയും 
ഓര്‍മ്മകളുടെ 
ഒപ്പീസ് പാടുന്നു.